Cover Page

 

 

 

 

 

ഉള്ളടക്കം

 

 

 

ആമുഖം

 

നവകേരളത്തിന് 25 പദ്ധതികൾ

 

വികസന മേഖലകൾ

 

ധന അവലോകനം

 

ഉപസംഹാരം

 

 

 

 

ആമുഖം

^^

ഉള്ളടക്കം

സർ,

1.           നാം രണ്ടു ദുരന്തങ്ങളെ അതിജീവിച്ച വർഷമാണ് കടന്നുപോയത്. ആദ്യത്തേത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുണ്ടായ പേമാരിയും പ്രളയവും. ഈ തലമുറ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം. വിഭവസമാഹരണവും ആസൂത്രണത്തിന്റെ കൃത്യതയും നിർവഹണത്തിന്റെ ചടുലതയും മേൽനോട്ടത്തിന്റെ ജാഗ്രതയും സൂക്ഷ്മമായി ഏകോപിപ്പിച്ചുകൊണ്ട് പ്രളയം അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒരുമയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. മത്സ്യത്തൊഴിലാളികളും യുവാക്കളും പ്രവാസികളും സാധാരണജനങ്ങളും ഉദ്യോഗസ്ഥരും ഒരേമനസോടെ ദുരന്തത്തെ നേരിടാൻ കൈകോർത്തു. തുടർന്നുള്ള അടിയന്തിര പുനരധിവാസ പ്രവർത്തനങ്ങളും വിജയകരമായും മാതൃകാപരമായും നാം നടപ്പാക്കി. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണ്. സർ, ഈ ചുമതല ഏറ്റെടുത്തിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.

2.           മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നാണ് എന്ന ശ്രീനാരായണഗുരുദർശനം ഏറ്റവും പ്രസക്തമായ കാലമാണിത്. ഗുരു വിഭാവന ചെയ്ത മനുഷ്യജാതിയിലുള്ളവരായി നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചു. മനുഷ്യനെ നവീകരിക്കുന്നതിനൊപ്പം നവോത്ഥാനം കേരളത്തിനെ ആധുനീകരിക്കുന്നതിനും മുതിർന്നു. അതുകൊണ്ടാണ് മഹാകവിയായ കുമാരനാശാനെക്കൊണ്ട് നാരായണഗുരു ഓട്ടുകമ്പനി തുടങ്ങിച്ചത്. മനുഷ്യർക്ക് വൃത്തിയും ആരോഗ്യവും ഉണ്ടാവാനാണ് ഗുരു ശിഷ്യനായ സി ആർ കേശവൻ വൈദ്യരെ കൊണ്ട് സോപ്പു കമ്പനി തുടങ്ങിച്ചത്. അമ്പലങ്ങളല്ല ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അയ്യൻകാളിയും ചാവറയച്ചനും മന്നത്ത് പത്മനാഭനും മക്തി തങ്ങളും ഒക്കെ വിദ്യാലയ നിർമിതിക്കായി പുറപ്പെട്ടതും ഈ സാഹചര്യത്തിലാണ്. അത്തരം മുൻകൈകളുടെ അടുത്തഘട്ടമാണ് നവകേരള സൃഷ്ടിക്കായി മുന്നിട്ടിറങ്ങുമ്പോൾ നമ്മുടെ മനസിലുണ്ടാകേണ്ടത്.

3.           എന്നാൽ, പ്രളയം അതിജീവിക്കാൻ രൂപപ്പെട്ട ജനകീയ ഐക്യം തകർക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമമാണ് നാം പിന്നീടു കണ്ടത്. ആരാധനയ്ക്കുള്ള സ്ത്രീകളുടെ തുല്യാവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ, വർഗ്ഗീയധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി ഉപയോഗിക്കാൻ വർഗീയവാദികൾ അരയും തലയും മുറുക്കി ഇറങ്ങി. തെരുവിൽ അഴിച്ചുവിട്ട അക്രമപരമ്പരയിലൂടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെ അട്ടിമറിക്കാമെന്നായിരുന്നു അവരുടെ വ്യാമോഹം. അതേസമയം, നവോത്ഥാന ആശയങ്ങളെയും പ്രവർത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ നമുക്കുണ്ടായിരുന്ന അലംഭാവവും ദൗർബല്യവും വെളിപ്പെട്ട അവസരം കൂടിയായിരുന്നു ഇത്. തീക്ഷ്ണമായ ആശയസംവാദവും സംഘർഷവുമാണ് സുപ്രിംകോടതിവിധിയെ തുടർന്ന് കേരളം കണ്ടത്. നവോത്ഥാനമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള മഹാമുന്നേറ്റത്തിലേക്കാണ് ആ സംവാദം വളർന്നത്.

4.           നരനു നരനശുദ്ധവസ്തുപോലും/ ധരയിൽ നടപ്പതു തീണ്ടലാണുപോലും/നരകം ഇവിടമാണ് ഹന്ത കഷ്ടം/ ഹര ഹര ഇങ്ങനെ വല്ല നാടുവേറെയുണ്ടോ എന്ന് പഴയകേരളത്തെ നോക്കി കുമാരനാശാൻ നടത്തിയ വിലാപം നാം മറന്നിട്ടില്ല. ഈ ശുദ്ധാശുദ്ധ സങ്കൽപ്പത്തെ നല്ലൊരളവ് തുടച്ചു നീക്കിയാണ് നവോത്ഥാനകേരളം വികസിച്ചത്. സർ, കേരള നവോത്ഥാനത്തിന്റെ മഹാകവിയാണ് കുമാരനാശാൻ.

5.           ആശാന്റെ എക്കാലത്തെയും മഹത്തായ കൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികമാണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന്, ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയ്ക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നതശീർഷനായ പത്രാധിപർക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുന്നു.

6.           ശരി!  പാവയോ ഇവൾഎന്ന് ആശാന്റ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിലാണ് തങ്ങൾ അശുദ്ധകളല്ല എന്നു പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. അവർ തീർത്ത പ്രതിരോധത്തിന്റെ വന്മതിൽ തങ്ങൾ പാവകളല്ല എന്ന ധീരമായ പ്രഖ്യാപനമായിരുന്നു.

7.           മതനിരപേക്ഷതയുടെയും പുരോഗമന ചിന്താഗതിയുടെയും ഊർജം പ്രസരിക്കുന്ന ഭൂമിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാമതിൽ. ആശാന്റെ സീത പറയുന്നതുപോലെ, എൻ മനവും ചേതനയും വഴങ്ങിടാ എന്നു പ്രഖ്യാപിച്ച ആ മതിൽ ലോകത്തിനു മുന്നിൽ മലയാളിയുടെ ആത്മാഭിമാനം വാനോളമുയർത്തി. അതിന്റെ തുടർച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സമൂഹനിർമ്മിതിയ്ക്കു വേണ്ടിയുള്ള സംഭാവന കൂടിയാകണം ഈ ബജറ്റ് എന്ന് ഞാൻ ആഗ്രഹിക്കുന്നു.

8.           സർ, കേരള നവോത്ഥാനത്തെക്കുറിച്ചുള്ള ഒരു സമഗ്രപഠനമ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതാണ്. വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും കലാകാരികൾ ചരിത്രസ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരകമതിലുകൾ സൃഷ്ടിക്കും. ഇതിന് ലളിതകലാ അക്കാദമി മുൻകൈയെടുക്കും. ഇതിനുള്ള പദ്ധതി തയ്യാറായാൽ ആവശ്യമായ അധികപണം അനുവദിക്കും. സ്ത്രീശാക്തീകരണത്തിനും പാർശ്വവൽക്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളിൽ ഒരാൾക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് 2 കോടി രൂപ ട്രഷറിയിൽ ഡെപ്പോസിറ്റു ചെയ്യുന്നു.

പുനർനിർമ്മാണവും കേന്ദ്ര സർക്കാരും

9.           പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാനായി നമ്മോടൊപ്പം കൈകോർത്ത കേന്ദ്ര സൈനിക വിഭാഗങ്ങളോടും കേന്ദ്രസർക്കാരിനോടും നമുക്ക് നന്ദിയുണ്ട്. പക്ഷെ ആ മഹാപ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറ്റാൻ സഹായകരമായ നിലപാടല്ല പിന്നീട് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും മൂവായിരത്തിൽപ്പരം കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. സുഹൃദ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കാനല്ല, നിഷേധിക്കാനാണ് കേന്ദ്രം ഇടപെട്ടത്. പ്രവാസി മലയാളികളെ സഹായം തേടി സമീപിക്കാൻ മന്ത്രിമാരെ അനുവദിച്ചില്ല. പുനർനിർമ്മാണത്തിനുവേണ്ടി വാർഷിക വായ്പാപരിധിക്ക് പുറത്ത് വായ്പ എടുക്കാനും ഇതുവരെ അനുവാദം തന്നില്ല. ലോകബാങ്കിൽ നിന്നും എ.ഡി.ബി.യിൽ നിന്നും ഈ ഇനത്തിൽ എടുക്കുന്ന വായ്പ സാധാരണഗതിയിൽ അനുവദിക്കുന്ന വായ്പ തുകയിൽ ഉൾപ്പെടുത്തണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നു വച്ചാൽ പ്രളയക്കെടുതികളിൽ നിന്ന് കരകയറാൻ നമുക്ക് അധികമായി ഒരു പണവും ലഭിക്കുകയില്ല. കേരളജനതയോട് എന്തിനീ ക്രൂരത എന്ന ചോദ്യം ഓരോ മലയാളിയുടെയും മനസിൽ മുഴങ്ങുന്നുണ്ട്.

10.        വായ്പ പരിധി ഉയർത്തുന്നതിന് കേന്ദ്രത്തിന് സമ്മതമല്ല. എന്നു മാത്രമല്ല, ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റിൽ ഉണ്ടാകുന്ന വർദ്ധന, വായ്പയായി കണക്കാക്കി അംഗീകൃത വായ്പ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറായിരത്തിൽപ്പരം കോടി രൂപ വായ്പയെടുക്കാൻ ബാക്കിയുണ്ടായിരുന്നു. എന്നാൽ രണ്ടു മാസം ചർച്ച ചെയ്തുവെങ്കിലും 1800 കോടി രൂപ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ സമീപനം സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസ്ഥിതിയെ വളരെ ഞെരുക്കിയിരിക്കുകയാണ്.

11.        ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ധനക്കമ്മിയുടെ പരിധി ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനമാണ്. പക്ഷേ, ആഗോളമാന്ദ്യം പോലുള്ള സാമ്പത്തിക ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നിയമം എന്തുതന്നെ ആയാലും കമ്മി പരിഗണിക്കാതെ മാന്ദ്യത്തിൽ നിന്ന് കരകയറാനാണ് രാജ്യങ്ങൾ ശ്രമിക്കുക. 2008ലെ മാന്ദ്യത്തെ തുടർന്ന് എല്ലാ രാജ്യങ്ങളിലും കമ്മി ഗണ്യമായി ഉയർന്നു. ഇന്ത്യാ സർക്കാരിന്റെ 2009-10ലെ ധനക്കമ്മി 6.46 ശതമാനമായിരുന്നു. 2008-09 മുതൽ ഇന്നുവരെയുള്ള ധനക്കമ്മിയെടുത്താൽ ശരാശരി 4.76 ശതമാനമാണ്. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ട കേരളത്തിൽ, പുനർനിർമ്മാണത്തിനുള്ള വായ്പ, സാധാരണ വായ്പാ പരിധിയ്ക്ക് പുറത്തായി കണക്കാക്കണമെന്നും അല്ലെങ്കിൽ വായ്പാ പരിധി ഉയർത്തണമെന്നുമുള്ള ആവശ്യത്തെ തള്ളിക്കളയുന്ന നിലപാട് വിലയിരുത്തേണ്ടത്. കേരളത്തിനു മാത്രമായുള്ള ഒരു പ്രത്യേക ആനുകൂല്യമായിട്ടല്ല, നാം ഇത് ആവശ്യപ്പെടുന്നത്. പ്രകൃതിദുരന്തം നേരിടുന്ന ഏതു സംസ്ഥാനത്തിനും പുനർനിർമ്മാണത്തുകയെ വിലയിരുത്തി അധികവായ്പ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഈ ആവശ്യം നാം ജിഎസ്ടി കൗൺസിലിൽ ഉന്നയിച്ചു. ധനമന്ത്രിമാരുടെ സബ്കമ്മിറ്റി തത്ത്വത്തിൽ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങളുടെ ധനാവശ്യത്തിൽ കൂടുതൽ ഉദാരമായ നയം സ്വീകരിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ രൂപംകൊള്ളേണ്ടത് കേരളത്തിന്റെ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് ആവശ്യമാണ്.

12.        മുഷ്കിനു കീഴടങ്ങാതെ എന്നാണ് ആശാൻ പറയുന്നത്. പരിമിതികൾ മറികടന്നുകൊണ്ടാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉദാരമായി സംഭാവന നൽകി. ഇതേവരെ 3229 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. ഈ പണം ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കൂവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്ന സഹായങ്ങൾ കേന്ദ്രമാനദണ്ഡങ്ങൾ പ്രകാരമേ പറ്റൂ. എന്നാൽ നാം നൽകുന്ന ആനുകൂല്യം ഇതിന്റെ രണ്ട് മുതൽ നാല് മടങ്ങുവരെ ഉയർന്നതാണ്. ഈ വമ്പിച്ച ബാധ്യത മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകുന്നത്.

13.        ഇതിനകം ദുരിതാശ്വാസ നിധിയിൽ നിന്ന് 1732.70 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇതിനു പുറമെ വീടു നിർമ്മാണത്തിന് ഇനിയുള്ള ഗഡുക്കൾ, മാർച്ചു 31 വരെ സംരംഭകർക്കും കുടുംബശ്രീയ്ക്കും നൽകുന്ന വായ്പകളുടെ പലിശ, തുടങ്ങിയ ഇനങ്ങളിൽ 395 കോടി രൂപയുടെ കമ്മിറ്റഡ് ചെലവുണ്ട്. ഇതുകൂടാതെ സി.എം.ഡി.ആർ.എഫിനു പുറത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും പൊതുമരാമത്തിനും തദ്ദേശഭരണ വകുപ്പിനും 1000 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ജീവനോപാധി വികസന പാക്കേജ്

14.        സ്വത്തുക്കൾ മാത്രമല്ല, അനേകലക്ഷങ്ങളുടെ ഉപജീവനമാർഗങ്ങൾ കൂടി പ്രളയം കവർന്നു. പ്രളയമേഖലകളിലെ കൃഷി, കൈത്തൊഴിലുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, എന്നിവയെല്ലാം തകർന്നു. രണ്ടുമാസക്കാലത്തിലേറെ കേരളത്തിൽ പൂർണതൊഴിൽ സ്തംഭനമായിരുന്നു. സ്വത്തു നഷ്ടത്തിനു പുറമെ, 15000 കോടി രൂപയുടെയെങ്കിലും വരുമാനനഷ്ടവും ഉണ്ടായിട്ടുണ്ട്. ജീവനോപാധി വികസനത്തിനുള്ള പ്രത്യേക പരിഗണനയാണ് ഈ വാർഷിക പദ്ധതിയുടെ പ്രത്യേകത.

15.        2019-20 ലെ വാർഷിക പദ്ധതിയിൽ വിവിധ മേഖലകളിലായി സ്വയംതൊഴിൽ, കൂലിവേല തൊഴിൽ, നൈപുണ്യ വികസനം എന്നിവയ്ക്കായി 118 സ്കീമുകൾ ഉണ്ട്. ഇവയിൽ ജീവനോപാധി വികസനത്തിന് 4700 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇതിലേറ്റവും പ്രധാനം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ്. 2018-19 ൽ 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും. രണ്ടായിരത്തി അഞ്ഞൂറുകോടിയിൽപ്പരം രൂപ വേതനമായി വിതരണം ചെയ്യപ്പെടും എന്നാണ് മതിപ്പ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 65 ശതമാനത്തിന്റെ വർദ്ധനയാണ്. 2019-20 ലും 10 കോടി തൊഴിൽ ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന വിഹിതമായി 230 കോടി രൂപ വകയിരുത്തുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ 50 കോടിയിൽ നിന്നും 75 കോടി രൂപയായി ഉയർത്തുന്നു.

16.        പ്രളയംമൂലം ജീവനോപാധികൾക്കുണ്ടായ നാശനഷ്ടം പരിഗണിച്ചിട്ടാണ് ഈ വർഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഉപജീവന പുനരധിവാസ വായ്പാ പദ്ധതിയുടെ ആകെ തുക 11,000 കോടി രൂപയാണ്. വായ്പാ തുകയുടെ 60 ശതമാനം കൃഷിക്കും 20 ശതമാനം ചെറുകിട വ്യവസായ മേഖലയ്ക്കുമാണ്. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ സമഗ്ര ജീവനോപാധി പദ്ധതി തയ്യാറാക്കുന്നതിന് പ്രളയബാധിത പഞ്ചായത്തുകൾക്കായി 250 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. സർ, പ്രളയം തകർത്ത ജീവനോപാധികൾ 2019-20ൽ നാം തിരിച്ചു പിടിച്ചിരിക്കും. സംശയമുള്ളവർക്ക് പ്രളയത്തിനുശേഷം കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ അളവ് പരിശോധിക്കാം.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ്

17.        ഇതുവരെ പറഞ്ഞത് നഷ്ടപരിഹാരവും അടിയന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുമാണ്. എന്നാൽ, സ്ഥായിയായി പുനഃസൃഷ്ടി ലക്ഷ്യമിട്ടാണ് പശ്ചാത്തലസൗകര്യങ്ങളുടെയും ഉപജീവനോപാധികളുടെയും പദ്ധതികൾ നടപ്പാക്കേണ്ടത്. പാരിസ്ഥിതിക പരിഗണന നമ്മുടെ വികസന കാഴ്ചപ്പാടിലും പ്രവൃത്തിയിലും ഉൾക്കൊള്ളണം. അതോടൊപ്പം ഉൽപാദനവും നിർമ്മാണ പ്രവൃത്തികളും നൂതനങ്ങളായ ആധുനിക സങ്കേതങ്ങളെ അടിസ്ഥാനമാക്കിയാവണം. വെറും പുനർനിർമ്മാണമല്ല. കൂടുതൽ മെച്ചപ്പെട്ട പുനർനിർമ്മാണമാണ് മുദ്രാവാക്യം. ഈ പദ്ധതികളുടെ നടത്തിപ്പിൽ പ്രളയകാലത്തെ ഇടപെടലിന്റെ ചടുലതയെയും കാര്യക്ഷമതയെയും മാതൃകയാക്കണം. ജനങ്ങളുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇതിനാവശ്യമായ വിഭവസമാഹരണത്തിന് വിദേശ ഏജൻസികൾ അടക്കമുള്ളവരോട് ചർച്ച പുരോഗമിക്കുന്നു. ഇവയുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ പദ്ധതികൾക്ക് അവസാനരൂപം നൽകുക. 1000 കോടി രൂപ ഇപ്പോൾ റീബിൽഡ് കേരളയ്ക്കായി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

 

II

നവകേരളത്തിന് 25 പദ്ധതികൾ

^^

ഉള്ളടക്കം

 

18.        സർ, ഈ ബജറ്റിന്റെ മൊത്തം ചെലവ് 1.42 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയിലും പദ്ധതി അടങ്കൽ 2018-19 ലെ പ്രതീക്ഷിത ചെലവായ 32,564 കോടി രൂപയിൽ നിന്നും 39,807 കോടി രൂപയായി ഉയർത്തുന്നു. പദ്ധതിയിൽ മാത്രം മൊത്തം 1200ൽപ്പരം സ്കീമുകളുണ്ട്. ഇവയിൽനിന്ന് നമ്മുടെ ഭാവിയെ ഗാഢമായി സ്വാധീനിക്കുന്ന 25 പദ്ധതികൾ ഈ ബജറ്റിന്റെ ആമുഖമായി അവതരിപ്പിക്കട്ടെ. റീബിൽഡ് പദ്ധതി, വാർഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയോജിത പരിപാടികളായിട്ടാണ് ഇവയോരോന്നും യാഥാർത്ഥ്യമാകുന്നത്.

(ഒന്ന്) വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും

19.        കേരളത്തിൽ ഇന്നു സ്ഥാപിക്കപ്പെടുന്ന വ്യവസായപാർക്കുകളുടെ സ്വഭാവത്തിൽ രണ്ടു പ്രത്യേകതകളുണ്ട്. ആദ്യത്തേത്, പാർക്കുകളുടെ വലിപ്പത്തിലുമുള്ള വിസ്മയകരമായ കുതിച്ചുചാട്ടമാണ്. രണ്ടാമത്തേത്, വൻകിട പശ്ചാത്തലസൗകര്യ നിക്ഷേപവുമായി ബന്ധപ്പെടുത്തി പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ബോധപൂർവമായ സമീപനം.

20.        കിഫ്ബിയിൽ നിന്നു മാത്രം ഇപ്പോൾ 6700 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനും വ്യവസായ പാർക്കുകൾക്കും വേണ്ടി 15600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി പ്രാന്തപ്രദേശങ്ങളിൽ വ്യവസായ സമുച്ചയങ്ങളുടെ ഭീമൻ ശൃംഖല സൃഷ്ടിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പാരിപ്പള്ളി വെങ്ങോട് അരുവിക്കര വിഴിഞ്ഞം റൂട്ടിൽ ഔട്ടർ റിംഗ് റോഡും അതോടുബന്ധപ്പെട്ട് ഗ്രോത്ത് കോറിഡോറും സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 2019-20ൽ ആരംഭിക്കും. വ്യവസായ മേഖലകളുടെയും വൈജ്ഞാനിക ഹബുകളുടെയും പുതിയ ടൗൺഷിപ്പുകളുടെയും ഒരു ശൃംഖലയായിരിക്കുമത്. കൊച്ചി റിഫൈനറിയുമായി ബന്ധപ്പെടുത്തി പെട്രോ കെമിക്കൽ പാർക്കിനായി 2019-20ൽ എഫ്എസിടിയുടെ 600 ഏക്കർ ഭൂമി ഏറ്റെടുക്കും. കൊച്ചി - കോയമ്പത്തൂർ, വ്യവസായ ഇടനാഴിയാണ് മറ്റൊരു പ്രധാന പദ്ധതി. ജി.സി.ഡി.എ കിഴക്കൻ നഗരപ്രാന്ത പ്രദേശങ്ങളിൽ അമരാവതി മാതൃകയിൽ ടൗൺഷിപ്പുകളുടെ പുതിയൊരു ശ്രംഖലയ്ക്ക് രൂപരേഖ തയ്യാറാക്കുന്നുണ്ട്. അഴീക്കൽ പോർട്ടിനു സമീപം കോസ്റ്റ് ഗാർഡ് കേന്ദ്രത്തിന്റെ 150 ഏക്കർ വ്യവസായ പാർക്കിനായി ഏറ്റെടുക്കും. വാർഷിക പദ്ധതിയിൽ വ്യവസായ പാർക്കുകൾക്കു വേണ്ടി 141 കോടി രൂപ വകയിരുത്തുന്നു.

21.        കുടിയൊഴിപ്പിക്കലുകൾ ഒഴിവാക്കി ക്ഷയിച്ച പ്ലാന്റേഷനുകളും തരിശുഭൂമികളും കേന്ദ്രീകരിച്ച്, ഭൂവുടമസ്ഥരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തിൽ ആകർഷകമായ ഭൂമി ഏറ്റെടുക്കൽ സ്കീമുകൾക്കു രൂപം നൽകും. കിഫ്ബി ധനസഹായത്തിനു പുറമെ ലാൻഡ് ബോണ്ടുകൾ, ലാൻഡ് പൂളിംഗ് തുടങ്ങിയ നൂതനമായ ഉപാധികൾ ഉപയോഗപ്പെടുത്തും.

22.        അമ്പതുലക്ഷത്തോളം ചതുരശ്ര അടി ഐടി പാർക്കാണ് ആദ്യ മൂന്നു വർഷം ഈ സർക്കാർ പൂർത്തീകരിച്ചത്. സ്മാർട് സിറ്റിയിൽ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഓഫീസ് സ്പേസ് ഉൾപ്പെടെ അടുത്ത രണ്ടു വർഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി പുതുതായി സൃഷ്ടിക്കും. സർ, ഐടി പശ്ചാത്തലസൗകര്യ സൃഷ്ടി മാനിഫെസ്റ്റോയിലെ വാഗ്ദാനത്തെ എത്രയോ കാതം മറികടക്കുകയാണ്.

23.        മേൽപറഞ്ഞ വ്യവസായ പാർക്കുകളിലേയ്ക്ക് കോർപറേറ്റ് നിക്ഷേപം ആകർഷിക്കണം. ഇന്ത്യയിലെ കോർപറേറ്റ് നിക്ഷേപം കേരളത്തിൽ നിന്ന് വഴിമാറിയാണ് ഒഴുകുന്നത്. ആ സ്ഥിതിയ്ക്കു മാറ്റമുണ്ടാകുകയാണ്. പ്രമുഖ കോർപറേറ്റുകൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്.

         നിസാൻ കമ്പനി ടെക്നോപാർക്കിൽ ഇതിനകം 300 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു. അവരുടെ വൈദ്യുതിവാഹനങ്ങളുടെ സിരാകേന്ദ്രം പൂർത്തിയാകുമ്പോൾ 2000 പേർക്കു പ്രത്യക്ഷ തൊഴിൽ ലഭിക്കും.

         ടോറസ് ഇൻവെസ്റ്റ്മെന്റ് 57 ലക്ഷം ചതുരശ്ര അടി ടെക്നോപാർക്കിൽ നിർമ്മിക്കുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ട്.

         എച്ച് ആർ ബ്ലോക്ക് എന്ന ബഹുരാഷ്ട്ര കമ്പനി നാൽപതിനായിരം ചതുരശ്ര അടി സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ അവർ 550 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു.

         സ്പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സെലൻസ് നിർമ്മിക്കാൻ പോകുന്ന രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥാപനത്തിൽ മൂവായിരം പേർക്കു തൊഴിൽ ലഭിക്കും. ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, എന്നിവയിലാണ് ഇവർ കേന്ദ്രീകരിക്കുന്നത്.

         ടെക് മഹീന്ദ്ര 200 പേർക്കു തൊഴിൽ നൽകാവുന്ന പന്തീരായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം എടുത്തിട്ടുണ്ട്.

         കോഴിക്കോട് സൈബർ പാർക്കിൽ ആറു കമ്പനികളിലായി 150 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ഈ പാർക്കു പൂർത്തിയാകുമ്പോൾ രണ്ടായിരം പേർക്ക് പ്രത്യക്ഷ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

         ഏണസ്റ്റ് ആൻഡ് യംങ് എന്ന പ്രമുഖ കൺസൾട്ടിംഗ് കമ്പനി മാനേജ്ഡ് സർവീസ്സ് എന്ന രീതിയിൽ എമെർജിംഗ് ടെക്നോളജിയിൽ ഊന്നി ആയിരത്തതിലേറെ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്നു.

         ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനിയും തിരുവനന്തപുരത്ത് വരുന്നതിന് ധാരണയായിട്ടുണ്ട്.

         എയർ ബസ് കമ്പനിയുടെ ബിസ് ലാബ് എന്ന എയ്റോസ്പേസ് ഇൻക്വിബേറ്റർ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു.

         ഇന്ത്യൻ വാർത്താ വിനിമയരംഗത്തെ പ്രമുഖരായ തേജസ്, ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിലെ യൂണിറ്റി എന്ന സിംഗപ്പൂർ കമ്പനി, കമ്പ്യൂട്ടർ എയിഡഡ് എഞ്ചിനീയറിംഗ് മേഖലയിലെ ആൾട്ടെയർ എന്ന കമ്പനി എന്നിവ കൊച്ചിയിലാണ് വരുന്നത്.

         ഇന്റൽ കോർപ്പറേഷന്റെ സഹകരണത്തോടെ കെൽട്രോൺ, കെ.എസ്.ഐ.ഡി.സി, യു.എസ്.ടി ഗ്ലോബൽ, ആക്സലറോൺ എന്നിവരടങ്ങുന്ന ഒരു സംയുക്ത സംരംഭം കോക്കോണിക്സ് എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ഹാർഡ് വെയർ നിർമ്മാണത്തിനുള്ള ഒരു ചലനോന്മുഖ മേഖലയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

         ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് മെഡിക്കൽ ഡിവൈസുകൾ ഉത്പാദിപ്പിക്കുന്നതിന് ലൈഫ് സയൻസ് പാർക്കിൽ 230 കോടി രൂപയുടെ മെഡ്സ് പാർക്കിന്റെ നിർമ്മാണം 2019-20ൽ ആരംഭിക്കും.

         ഫ്യുജിത്സു, ഹിറ്റാച്ചി തുടങ്ങിയ ഒട്ടേറെ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ഒരു ലക്ഷം പേരാണ് ഐടി പാർക്കുകളിൽ ജോലി ചെയ്തിരുന്നത്. ഈ സർക്കാരിന്റെ കാലത്തു തന്നെ ഇവരുടെ എണ്ണം രണ്ടു ലക്ഷമായി ഉയരും.

(രണ്ട്) സ്റ്റാർട്ട് അപ്പുകൾ

24.        സർ, നാളെത്തെ ലോകം ഇന്നത്തെ സ്റ്റാർട്ട് അപ്പുകളാണ്. നൂതന സാങ്കേതിക വിദ്യാശേഷികൾ അതിവേഗം ആർജിക്കാനും അവ ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കാനും പുതിയ ബിസിനസ് മാതൃകകൾ സൃഷ്ടിക്കാനുമുള്ള യുവതയുടെ ശേഷിയാണ് ലോകത്തുടനീളം സാമ്പത്തികവളർച്ചയുടെ പ്രധാന ചാലകശക്തിയായി സ്റ്റാർട്ട് അപ്പുകളെ മാറ്റിയിരിക്കുന്നത്. ചിലി, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവം നമുക്ക് മാതൃകയാകേണ്ടതാണ്. 2010 ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് വളരെ കൃത്യമായ ആക്സിലറേറ്റർ പരിപാടിയിലൂടെ ലോകത്തെമ്പാടുമുള്ള സംരംഭകരെ അങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നതിൽ ചിലി വിജയിച്ചു. സമാനമായൊരു പരിപാടി ഇന്നൊവേഷൻ സോണിന്റെ നേതൃത്വത്തിൽ രൂപം നൽകുന്നതിന് 10 കോടി രൂപ അധികമായി വകയിരുത്തുന്നു.

25.        കേന്ദ്രസർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയം 2018ൽ നടത്തിയ റാങ്കിംഗിൽ കേരളമാണ് ടോപ്പ് പെർഫോർമർ. സർക്കാർ പ്രോജക്ടുകളിൽ സ്റ്റാർട്ട് അപ്പുകളെ പങ്കാളികളാക്കുക, ആകർഷകമായ വ്യവസ്ഥകളിൽ അവയ്ക്ക് വെഞ്ച്വർ മൂലധനം ലഭ്യമാക്കുക, ഇൻക്യുബേഷൻ ആക്സിലറേഷൻ നൽകുക, മാർക്കറ്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സ്റ്റാർട്ട് അപ്പുകളെ ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സമ്മിറ്റുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുക എന്നിവയിലെ വിജയമാണ് നമ്മെ മുന്നിലെത്തിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ യൂത്ത് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് 70 കോടി രൂപ വകയിരുത്തുന്നു. കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ (കെ-ഡിസ്ക്) യംങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം മറ്റൊരു ശ്രദ്ധേയമായ ഇടപെടലാണ്. കെ.എസ്.ഐ.ഡി.സി.യും യുവ സംരംഭക പ്രോത്സാഹന പരിപാടികൾ നടത്തുന്നുണ്ട്. യുവ സംരംഭക സമ്മിറ്റ് 2019 ൽ തെരഞ്ഞെടുക്കുന്ന യുവ സംരംഭകർക്ക് സീഡ് ഫണ്ടിംഗ് നൽകുന്നതാണ്.

26.        2019 ജനുവരി 13ന് എറണാകുളത്ത് സംയോജിത സ്റ്റാർട്ട് അപ്പ് കോംപ്ലക്സ് സ്ഥാപിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റമായി കേരളത്തിലെ സ്റ്റാർട്ട് അപ്പ് സംവിധാനം മാറിക്കഴിഞ്ഞു. ക്യാൻസർ രോഗനിർണയം, ആതുര സേവനം, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, ബഹിരാകാശ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി തുടങ്ങി വ്യത്യസ്തമേഖലകളിൽ സ്റ്റാർട്ടപ്പുകൾ ഇവിടെ ഒരുമിച്ചു പ്രവർത്തിക്കുന്നു. 10 കോടി രൂപ ഇന്നൊവേഷൻ സോണിന് വകയിരുത്തുന്നു. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ ഇന്ത്യാ ഗവൺമെന്റ് ഒരു ബയോടെക് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെക്നോസിറ്റിയിലെ നോളഡ്ജ് സിറ്റി എക്കോസിസ്റ്റത്തിനും പള്ളിപ്പുറത്തെ നാനോ സ്പെയ്സ് പാർക്കിനും 1 കോടി രൂപ വീതം വകയിരുത്തുന്നു.

(മൂന്ന്) മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാടും

27.        കാർഷിക പ്രതിസന്ധിയിൽ വലയുന്ന വയനാട്ടിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ഒരു പദ്ധതി മുന്നോട്ടു വെയ്ക്കുകയാണ്. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പിക്കുരു കൃഷിക്കാർക്കു ലഭിക്കുന്നത്. ഇത് 20 ശതമാനമായെങ്കിലും ഉയർത്താനാവണം. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

28.        ഇതിന് മൂന്ന് തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകും. ഒന്ന്, ആദ്യബജറ്റിൽ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക് 2019-20ൽ സ്ഥാപിക്കും. ഇവിടെ കാപ്പിയുടെ പൊതുസംസ്ക്കരണ സംവിധാനങ്ങളൊരുക്കും.

29.        രണ്ട്, പ്രാദേശിക കാർഷിക കാലാവസ്ഥാ ഘടകങ്ങൾ കണക്കിലെടുത്ത് കാപ്പിത്തോട്ടങ്ങളെ തരംതിരിക്കുകയും ശാസ്ത്രീയ പരിപാലനം ഉറപ്പവരുത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവു ടാഗോടെ പ്രാദേശിക സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം. ഇതിനുള്ള ചുമതല കൃഷിക്കാരുടെ സഹകരണ സംഘങ്ങൾക്കും പ്രൊഡ്യൂസർ കമ്പനികൾക്കുമായിരിക്കും. പഴുത്ത കാപ്പിക്കുരുവാണ് കൃഷിക്കാരിൽ നിന്ന് സംഭരിക്കുക. കുരു വാങ്ങുമ്പോൾത്തന്നെ കമ്പോളവിലയേക്കാൾ 25 ശതമാനം മുതൽ 100 ശതമാനം വരെ ഉയർന്ന വില കൃഷിക്കാരുടെ അക്കൗണ്ടിലേയ്ക്കു നൽകും.

30.        മൂന്ന്, കാർബൺ ന്യൂട്രൽ വയനാട് കുന്നുകളിൽ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും മലബാർ കാപ്പിപ്പൊടിയുടെ ആഗോള ബ്രാൻഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാർബൺ വാതകങ്ങൾ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങൾ നടുന്നതിനും ഒരു പദ്ധതി ആവിഷ്കരിക്കും. ഇതിനുള്ള രീതിസമ്പ്രദായം മീനങ്ങാടി പഞ്ചായത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. മരങ്ങൾ നടുന്നതിന് ജിയോടാഗ് നൽകുന്നതടക്കമുള്ള ഡോക്യുമെന്റേഷനുകൾ കൃത്യമായി നടത്തി അന്തർദേശീയ മാർക്കറ്റിൽ കാർബൺ ക്രെഡിറ്റ് നേടുന്നതിനുള്ള സംവിധാനമൊരുക്കും. മരം ഒന്നിന് 50 രൂപ വർഷം തോറും ബാങ്ക് വായ്പയായി ലഭിക്കും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇതിനുള്ള ഗ്യാരണ്ടി ബാങ്കുകൾക്ക് സർക്കാർ നൽകും.

31.        ഇതോടൊപ്പം ചക്ക പോലുള്ള മറ്റു കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കൾച്ചറർ സോണായി തിരഞ്ഞെടുത്തിട്ടുണ്ട്. കുരുമുളക് കൃഷിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി 5 കോടി രൂപ വയനാട് പാക്കേജിൽ വകയിരുത്തുന്നു. ജൈവവൈവിധ്യ വർദ്ധനയും മരവൽക്കരണവും ഇക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. ക്യാമ്പിംഗ് ഗ്രൗണ്ടുകൾ, വഴിയോര ഭക്ഷണശാലകൾ തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ട്രെയിലുകൾക്ക് രൂപംനൽകും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും കാലാവസ്ഥ വ്യതിയാനത്തിന് രാജ്യത്തിനാകെ മാതൃകയാവുന്ന പ്രതിരോധം ഉയർത്തിക്കൊണ്ടും ജനങ്ങളുടെ വരുമാനത്തിൽ എടുത്തുചാട്ടം സൃഷ്ടിക്കാനാകുമെന്ന് വയനാട് തെളിയിക്കാൻ പോവുകയാണ്.

32.        കനത്ത പ്രളയ നാശനഷ്ടങ്ങൾക്ക് ഇരയായ മലയോര മേഖലകൾക്ക് റീബിൽഡ് പദ്ധതിയിൽ സവിശേഷ പരിഗണന ലഭിക്കും. കാർഷികാദായ നികുതിയും പ്ലാന്റേഷൻ നികുതിയും ഒഴിവാക്കിയത് പ്ലാന്റേഷൻ മേഖലയ്ക്ക് ചെറിയൊരു ആശ്വാസം നൽകും. പക്ഷെ തോട്ടം കൂടുതൽ ആദായകരമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കിവേണം ഇതിനായി ഇടപെടാൻ. പാരിസ്ഥിതിക സന്തുലനാവസ്ഥ മെച്ചപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വരുമാനം എങ്ങനെ ഉയർത്താം? ഇതിനൊരു മാതൃകയാണ് വയനാട് പദ്ധതി. ഇടുക്കിയടക്കം മറ്റു മലയോര മേഖലകളിലും ഇതിന് സമാനമായ പദ്ധതികൾ റീബിൽഡ് കേരളയിൽ ആവിഷ്കരിക്കും.

(നാല്) കേരംതിങ്ങും കേരളനാട്

33.        സർ, നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയർന്ന വില ലഭ്യമാക്കുന്നതിനും ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്ലാനിൽ ഇതിന് 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മറ്റൊരു 100 കോടി രൂപ, സഹകരണ ബാങ്കുകൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, കയർ വകുപ്പ് എന്നിവയിൽ നിന്ന് ലഭ്യമാക്കും.

34.        കേരള നാളികേര കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും. ഗുണനിലവാരമുള്ള തെങ്ങിൻതൈകൾ ഉൽപാദിപ്പിക്കുന്നതിന് ടിഷ്യു കൾച്ചറിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തും. കേരഗ്രാമം പദ്ധതിയെ ആസ്പദമാക്കി തെങ്ങിന്റെ ശാസ്ത്രീയ പരിപാലനം ഉറപ്പുവരുത്തും. കേരഗ്രാമം സ്കീമിന് 43 കോടി രൂപ വകയിരുത്തുന്നു.

35.        കേരഗ്രാമങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കും. തെങ്ങുകയറ്റവും പരിചരണവും ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കേരസർവ്വീസ് സംഘങ്ങൾ നടത്തും. വീട്ടുവളപ്പിൽ നിന്നും തേങ്ങ കൊണ്ടുപോകുന്ന സമയത്തു തന്നെ കൃഷിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ഉയർന്ന വില ഓൺലൈനായി നൽകും.

36.        ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ നാളികേരം മാത്രമല്ല, ഉപഉൽപ്പന്നങ്ങളും സംസ്കരിക്കാൻ സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. തെങ്ങ് കയറുന്നതിനും തേങ്ങ പൊളിക്കുന്നതിനുമുള്ള നവീകരിച്ച യന്ത്രങ്ങൾ, തൊണ്ട് ചകിരിയാക്കുന്നതിനുമുള്ള യന്ത്രങ്ങൾ എന്നിവ 90 ശതമാനം സബ്സിഡിയിൽ സ്കീമിൽ ചേരുന്ന സഹകരണ സംഘങ്ങൾക്ക് കയർ ഡിപ്പാർട്ട്മെന്റ് നൽകും. ചകിരിയും ചകിരിച്ചോറും ന്യായമായ ലാഭം ഉറപ്പുവരുത്തി കയർഫെഡ് വാങ്ങും. മറ്റു മൂല്യവർദ്ധിത നാളികേര ഉൽപ്പന്നങ്ങൾ കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളോ സഹകരണ ബാങ്കുകളോ പ്രാദേശികമായി ബ്രാൻഡ് ചെയ്തു വിൽക്കും. അല്ലെങ്കിൽ കേരഫെഡിന്റെയോ കുടുംബശ്രീയുടെയോ മറ്റെതെങ്കിലും സംവിധാനത്തിന്റെയോ കീഴിൽ സംസ്ഥാനതല ബ്രാൻഡായി വിപണനം നടത്താൻ സൗകര്യമുണ്ടാക്കും.

(അഞ്ച്) സംയോജിത റൈസ് പാർക്കുകളും റബ്ബർ പാർക്കും

37.        നെൽകൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടർ കൈവരിക്കണമെങ്കിൽ, കൃഷി കൂടുതൽ ആദായകരമാകണം. ഇതിനുള്ള മാർഗം മൂല്യവർദ്ധനയുടെ നേട്ടം കൃഷിക്കാർക്കു ലഭ്യമാക്കുകയാണ്. പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നീ മൂന്നു കേന്ദ്രങ്ങളിൽ അന്തർദേശീയ നിലവാരത്തിലുള്ള റൈസ് പാർക്കുകൾ നിർമ്മിക്കാൻ 20 കോടി രൂപ വകയിരുത്തുന്നു. നെൽകൃഷിയുടെ അടങ്കൽ 91 കോടി രൂപയാണ്.

38.        കേരള സർക്കാർ സംഭരിക്കുന്ന നെല്ലിൽ നല്ലൊരു പങ്ക് ഇവിടെയായിരിക്കും സംസ്ക്കരിക്കുക. മാത്രമല്ല, അരിയിൽ നിന്ന് അരിപ്പൊടിയും അതിൽനിന്ന് റെഡി ടു ഈറ്റ് ഉൽപന്നങ്ങളും തവിടെണ്ണയും ഉൽപാദിപ്പിക്കും. ഉമി വൈക്കോൽ എന്നിവയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, കന്നുകാലി കോഴിത്തീറ്റകൾ, ജൈവവളം തുടങ്ങിയ ഉപ ഉൽപന്നങ്ങളും പാർക്കിൽ നിർമ്മിക്കും.

39.        സ്റ്റാർട്ട് അപ്പുകൾക്കുള്ള ഇൻക്വിബേഷൻ സെന്ററായിക്കൂടി പാർക്കുകൾ പ്രവർത്തിക്കും. നിർദ്ദിഷ്ട രീതിയിൽ അരിയാക്കി, പായ്ക്ക് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യങ്ങൾ കർഷക ഗ്രൂപ്പുകൾക്ക് ചെയ്തുകൊടുക്കും. നെല്ലും അരിയും ഉൽപന്നങ്ങളു സൂക്ഷിക്കുന്ന വിപുലമായ ഗോഡൗൺ സൗകര്യങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, ട്രേഡ് സെന്റർ തുടങ്ങിയ ഉൾപ്പെടുന്നതായിരിക്കും ഈ പാർക്ക്. ദേശീയ അന്തർദേശീയ തലത്തിലെ ഉൽപ്പന്നങ്ങൾ ബ്രാൻഡു ചെയ്ത് വിപണിയിലിറക്കുന്നതിന് പ്രാപ്തിയുള്ള ഒരു കമ്പനിയുടെ കീഴിലായിരിക്കും പാർക്കുകൾ പ്രവർത്തിക്കുക. ഇപ്പോൾത്തന്നെ നെൽകൃഷിക്കാർക്ക് കേന്ദ്രസർക്കാരിന്റെ താങ്ങുവിലയെക്കാൾ 7.80 രൂപ കൂടുതൽ നാം നൽകുന്നുണ്ട്. പാർക്കുകൾ യാഥാർത്ഥ്യമാകുന്നതോടെ ഈ വില വർദ്ധിപ്പിക്കാനാകും. സഹകരണ ബാങ്കുകളിലൂടെ കൃത്യമായി പണം നൽകാനും കഴിയും.

40.        റബ്ബറിനുള്ള താങ്ങുവിലയ്ക്ക് 500 കോടി രൂപ വകയിരുത്തുന്നു. റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളിലേയ്ക്ക് പ്രവേശിച്ചുകൊണ്ടല്ലാതെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവില്ല. ഇതിന് സിയാൽ മോഡലിൽ ഒരു കമ്പനി 2019-20ൽ രജിസ്റ്റർ ചെയ്യും. ഇതിനുള്ള വിശദമായ രേഖകളെല്ലാം കെഎസ്ഐഡിസി തയ്യാറാക്കിയിട്ടുണ്ട്. 26 ശതമാനം ഓഹരി സർക്കാരിനും ബാക്കി സ്വകാര്യ നിക്ഷേപകർക്കുമായിരിക്കും. 200 ഏക്കർ ഭൂമി കോട്ടയം ജില്ലയിൽ കണ്ടെത്തുന്നതിന് കിൻഫ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു വൻകിട ടയർ നിർമ്മാണ കമ്പനിയെ പാർക്കിലെ മുഖ്യനിക്ഷേപകരായി കണ്ടെത്തുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ചെറുകിട റബ്ബർ ഉൽപ്പാദകർക്കുള്ള പൊതുസംസ്കരണ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ബലൂൺ മുതൽ ടയർ വരെയുള്ള എല്ലാത്തരം ഉൽപ്പന്നങ്ങളുടെയും ഒരു വ്യവസായ സമുച്ചയം നിർമ്മിക്കുകയാണ് ലക്ഷ്യം.

(ആറ്) പുതിയ കുട്ടനാട് പാക്കേജ്

41.        ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുകയാണ്. പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ഒറ്റത്തവണ ശുചീകരിക്കും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ നീക്കംചെയ്യും. എക്കൽ അടിഞ്ഞ് കായൽത്തട്ടിന്റെ ഉയരം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ചെളി വാരി കായലിന് ആഴം കൂട്ടുകയും പുറംബണ്ടുകൾ പുനർനിർമ്മിക്കുന്നതിനും ബലപ്പെടുത്തുകയും ചെയ്യും. പുറംബണ്ട് അറ്റകുറ്റപ്പണി ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും 47 കോടി രൂപ വകയിരുത്തുന്നു. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന 250 കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതി 2019-20 ൽ യാഥാർത്ഥ്യമാകും.

42.        തണ്ണീർമുക്കം ബണ്ട് ഒരു വർഷത്തേയ്ക്കെങ്കിലും തുറന്നുവെച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരിക്കണം. ആവശ്യമായ പാരിസ്ഥിതികാഘാത പഠനവും കാർഷിക കലണ്ടറും പൂർത്തീകരിക്കുകയും പൊതുഅഭിപ്രായ സമന്വയം ഉറപ്പുവരുത്തുകയും ചെയ്യാൻ കഴിഞ്ഞാൽ 2019-20 ൽ ഒരു വർഷം ബണ്ട് തുറന്നുവയ്ക്കാം. കൃഷിയിലുണ്ടാകുന്ന നഷ്ടം നികത്താൻ 20 കോടി രൂപ വകയിരുത്തുന്നു.

43.        ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനപ്പെടില്ലെന്ന് ഉറപ്പുവരുത്തണം. കായലിനു ചുറ്റുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും മലിനജലം മുഴുവൻ കായലിലേയ്ക്കാണ് വരുന്നത്. ഇത് അവസാനിപ്പിക്കണം. തോടുകളെല്ലാം ഒറ്റത്തവണ വൃത്തിയാക്കും. തുടർന്നും അവ ശുചിയായി നിലനിൽക്കും എന്നുറപ്പുവരുത്തുന്നതിന് കനാൽ പ്രദേശത്ത് സെപ്ടിക്ടാങ്ക് കക്കൂസുകളും ഉറവിടത്തിൽ ഖരമാലിന്യസംസ്ക്കരണവും നടപ്പാക്കും. സെപ്ടിക്ടാങ്കുകൾ ഉണ്ടായതുകൊണ്ടായില്ല, സെപ്റ്റേജ് സംസ്ക്കരണത്തിനുള്ള സൗകര്യങ്ങളും ഉണ്ടാകണം. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രം പ്രതിദിനം ഏതാണ്ട് മൂന്നുലക്ഷം ലിറ്റർ സെപ്ടേജാണ് മൊബൈൽ സക്കറുകൾ ശേഖരിക്കുന്നത്. ഇവ മുഴുവൻ ആത്യന്തികമായി കായലിലേയ്ക്കാണ് എത്തിച്ചേരുന്നത്. സ്ഥിരം സെപ്റ്റേജ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പരിസരവാസികളുടെ എതിർപ്പുമൂലം സാധിക്കുന്നില്ല. ഇതിന് പരിഹാരം മൊബൈൽ സെപ്റ്റേജാണ്. ഇപ്പോൾ 50,000 ലിറ്ററിന്റെ മൊബൈൽ സെപ്റ്റേജ് യൂണിറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഹൗസ്ബോട്ടുകൾക്കുവേണ്ടി ഫ്ലോട്ടിംഗ് സെപ്ടേജ് യൂണിറ്റുകളും ഉണ്ടാക്കാം. സെപ്റ്റേജുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളാകണം. ഇതിന് 25 ശതമാനം മൂലധന സബ്സിഡി സർക്കാർ നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക സബ്സിഡി നൽകാൻ അനുവാദമുണ്ടാകും. ഹോട്ടലുകളിലും വിവാഹ മണ്ഡപങ്ങളിലുമുള്ള ജലമാലിന്യസംസ്ക്കരണ യൂണിറ്റുകൾക്കും 25 ശതമാനം സബ്സിഡി നൽകും. വെറ്റ്ലാന്റ് അതോറിറ്റിയുടെ കേന്ദ്രസഹായ ഫണ്ട് ഇതിനുവേണ്ടി ഉപയോഗിക്കും.

44.        ഇതോടൊപ്പം കായലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മീൻകുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കും. മത്സ്യകൃഷിയ്ക്ക് 5 കോടി രൂപ വകയിരുത്തുന്നു. അമിതവും അശാസ്ത്രീയവുമായ കീടനാശിനി, വള പ്രയോഗം ഒഴിവാക്കിക്കൊണ്ടുള്ള കാർഷിക പാക്കേജ് നടപ്പാക്കും. 16 കോടി രൂപ ചെലവിൽ കുട്ടനാട്ടിൽ പുതിയ താറാവ് ബ്രീഡിംഗ് ഫാം സ്ഥാപിക്കുകയും ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും ചെയ്യും.

45.        ആലപ്പുഴ ചങ്ങനാശേരി കനാലിന്റെ (എ.സി) നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിന് വീതിയും ആഴവും കൂട്ടുന്നതിനും 2019-20ൽ 40 കോടി രൂപ ചെലവഴിക്കും. പ്രളയത്തെ അതിജീവിക്കാൻ ഒരുങ്ങുന്ന രീതിയിൽ ഏ.സി റോഡ് പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

46.        കുട്ടനാട്ടിലെ പൊതുസ്ഥാപനങ്ങളെല്ലാം പ്രളയത്തെ അതിജീവിക്കാനുതകുന്ന രീതിയിലുള്ള നിർമ്മിതികളായിരിക്കണം. ഉദാഹരണത്തിന് കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളുകൾ പ്രളയകാലത്ത് ഫ്ലഡ് ഷെൽറ്ററായി ഉപയോഗിക്കാൻ പറ്റുന്നവയായിരിക്കും. പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ഉയരത്തിലുള്ള മൃഗസംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കും. ഹെലിക്കോപ്റ്റർ ഇറക്കുന്നതിനുള്ള സൗകര്യത്തോടെയാണ് പുളിങ്കുന്നിലെ ബഹുനില ആശുപത്രി കിഫ്ബിയുടെ പിന്തുണയോടെ പണിയുക. ഇതിന്റെ മതിപ്പു ചെലവ് 150 കോടി രൂപയാണ്. വെറ്റ്ലാന്റ് അതോറിറ്റിയുടെ സഹായമടക്കം 500 കോടി രൂപയെങ്കിലും 2019-20 ൽ കുട്ടനാട് പാക്കേജിനായി വിനിയോഗിക്കപ്പെടും.

(ഏഴ്) നദി പുനരുജ്ജീവനവും നീർത്തട വികസനവും

47.        പ്രളയം നദികളുടെയും നദീതടങ്ങളുടെ ജല ആവാഹശേഷിയുടെയും പ്രധാന്യത്തെ അടിവരയിട്ടു. പമ്പയിലെ പ്രളയജലത്തെ മണിമല നദീതടത്തിലേയ്ക്ക് ഒഴുക്കി വിടുന്നതിന് വരട്ടാറിന് കഴിഞ്ഞതുകൊണ്ടാണ് ഇടനാട് പോലുള്ള പ്രദേശങ്ങൾ രക്ഷപെട്ടതെന്നാണ് പ്രദേശവാസികളുടെ അനുഭവം. നദി പുനരുജ്ജീവനത്തിനായി ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപപ്പെടുന്ന ജനകീയ പദ്ധതികൾ മറ്റൊരു കേരള മാതൃകയായി മാറുകയാണ്. വരട്ടാർ, കുട്ടംപേരൂറാർ, കോലറയാർ, മീനച്ചലാർ - കോടൂരാർ - മീനന്തറയാർ, കാനാമ്പുഴ, കിള്ളിയാർ, പള്ളിക്കലാർ, കരിപ്പേൽ ചാൽ ഇങ്ങനെ എത്രയോ ആവേശകരമായ അനുഭവങ്ങൾ. ഇങ്ങനെ 24 പുഴകൾ 1017 കിലോമീറ്റർ ദൈർഘ്യത്തിൽ പുനർജനിക്കുകയാണ്. ഇത്തരം ജനകീയ മുൻകൈകളെ പിന്തുണയ്ക്കുന്നതിന് 25 കോടി രൂപ വകയിരുത്തുന്നു.

48.        വരട്ടാർ നദീതടത്തിലെ ജൈവവൈവിധ്യ വികസന പദ്ധതിക്ക് കേന്ദ്ര ജൈവവൈവിധ്യ ബോർഡ് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നദീതടങ്ങളിൽ സമഗ്രനീർത്തട പരിപാടി ആവിഷ്കരിക്കുന്നതിന് ഹരിതമിഷൻ മുൻകൈയെടുത്തിട്ടുണ്ട്. ഇവ നടപ്പാക്കാൻ നബാർഡ് തുടങ്ങിയ കേന്ദ്ര ഏജൻസികളിൽ നിന്ന് അധികവിഭവം ലഭ്യമാക്കും. ജലസംരക്ഷണം - മാലിന്യസംസ്കരണം - പച്ചക്കറികൃഷി സംയോജിത പരിപാടിയുടെ ഉത്തമ മാതൃകകളായി ഈ നീർത്തട പരിപാടികളെ മാറ്റാനാകണം. ഇപ്പോൾ പുനരുജ്ജീവനത്തിനായി ഏറ്റെടുത്തിട്ടുള്ളത് ചെറുനദികളാണ്. താമസംവിനാ പമ്പ, പെരിയാർ, നിള നദീതട പരിപാടികൾ ആവിഷ്കരിക്കാനാകണം. റിവർ ബെയ്സിൻ അതോറിറ്റികളുടെ രൂപീകരണം ഇതിന് ഉത്തേജകമാകും.

(എട്ട്) തീരത്തെ പുനരധിവാസവും പുനരുദ്ധാരണവും

49.        സർ, പ്രളയക്കയത്തിൽപ്പെട്ട കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ദുരന്തമുഖത്തേയ്ക്ക് ഇരമ്പിയെത്തിയ മത്സ്യത്തൊഴിലാളികൾ. കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തീരദേശത്തിന് 2000 കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വിപുലീകരിച്ച് റീബിൽഡ് കേരളയിൽ ഒരു സമഗ്രപരിപാടിയാക്കും. 2019-20 ൽ തീരദേശത്തെ വികസനപ്രവർത്തനങ്ങൾക്കായി ആയിരത്തിലേറെ കോടി രൂപ ചെലവഴിക്കും.

50.        കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യ ഇര തീരദേശമായിരിക്കും. സമുദ്രത്തിൽ നിന്നും അമ്പത് മീറ്റർ പരിധിക്കുള്ളിൽ പതിനെണ്ണായിരത്തിൽപ്പരം വീടുകളുണ്ട്. ഇവയിൽ പതിനായിരം വീടുകളെയെങ്കിലും അടിയന്തിരമായി പുനരധിവസിപ്പിക്കണം. അതിനു സന്നദ്ധത അറിയിക്കുന്നവർക്ക് ഇരുനൂറ് മീറ്ററിനു പുറത്ത് ഭൂമി വാങ്ങി വീട് പണിയുന്നതിന് പത്ത് ലക്ഷം രൂപ വീതം നൽകും. മറ്റുള്ളവർക്ക് മുട്ടത്തറ പോലെ ലൈഫ് മിഷൻ വഴി പുനരധിവാസത്തിന് ഫ്ലാറ്റുകൾ പണിയും. വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും നിലനിർത്തും. പക്ഷേ, കടലാക്രമണത്തിനെതിരെ ജൈവപ്രതിരോധ മേഖലയായിട്ടാണ് ഈ പ്രദേശത്തെ നിലനിർത്തുക. പുനരധിവാസം റീ ബിൽഡ് കേരളയിൽ ഒരു പ്രധാന അജണ്ടയായിരിക്കും. പുനരധിവാസത്തിന്റെ അടിയന്തര ചെലവുകൾക്കായി 100 കോടി രൂപ അധികമായി വകയിരുത്തുന്നു. തീരദേശത്ത് പാർപ്പിടത്തിന് അർഹരായ മുഴുവൻ പേർക്കും ലൈഫ് മിഷനിൽ നിന്ന് ഈ വർഷം വീടു ഉറപ്പാക്കും.

51.        കടലാക്രമണം തടയാൻ കടൽഭിത്തി, പുലിമുട്ട് തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങൾക്ക് 227 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി നൽകിക്കഴിഞ്ഞു. ഈ വർഷം നടപ്പാകും. തീരത്തുനിന്ന് 400-500 അടി ദൂരെ കടൽത്തട്ടിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുന്ന പരീക്ഷണം പൂന്തുറയിൽ നടക്കുകയാണ്. വിജയകരമെങ്കിൽ ഈ സ്കീം കൂടുതൽ വ്യാപകമാക്കും. ഇതിനാവശ്യമായ പണം കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. ഇതോടൊപ്പം മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷിതമായി കിടക്കാവുന്ന കൂടുതൽ ഫിഷിംഗ് ഹാർബറുകൾ അനിവാര്യമാണ്. ഏറ്റെടുത്തിട്ടുള്ള ഹാർബറുകൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനും ആവശ്യമായ മെയിന്റനൻസ് നടത്തുന്നതിനുമാണ് മുൻഗണന. 50 കോടി രൂപ വകയിരുത്തുന്നു. പരപ്പനങ്ങാടി ഹാർബറിന് കിഫ്ബിയിൽ അനുവാദം നൽകിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ച ചെത്തി ഹാർബർ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരിൽ പുതിയൊരു തുറമുഖം പണിയുന്നതാണ്. ഇവയോടൊപ്പം മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കിൽ സാറ്റ്ലൈറ്റ് ഫോണുകളും ജി.ഐ.എസ് ഉപയോഗപ്പെടുത്തുന്ന നാവിഗേഷൻ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് 13 കോടി രൂപ വകയിരുത്തുന്നു.

52.        അടിസ്ഥാനസൗകര്യങ്ങൾക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി 103 കോടി രൂപ വകയിരുത്തുന്നു. 70 ഫിഷ് മാർക്കറ്റുകൾ നവീകരിക്കുന്നതിനും കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കുന്നതിനും കിഫ്ബിയിൽ നടപടി സ്വീകരിക്കുന്നുണ്ട്. തീരദേശ റോഡുകൾക്കു വേണ്ടി 200 കോടി രൂപ അനുവദിക്കുന്നു.

53.        തീരദേശത്തെ 500 കുട്ടികളിൽ കൂടുതലുളള എല്ലാ സ്കൂളുകളും കിഫ്ബി ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി വരുന്ന 71 സ്കൂളുകളുടെ നവീകരണം ഈ വർഷം ആരംഭിക്കും. കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനായിരിക്കും നിർമ്മാണ ഏജൻസി. കോർപ്പറേഷന്റെ പ്രവർത്തന ചെലവിന് പദ്ധതിയിതര അക്കൗണ്ടിൽ 1 കോടി രൂപ അനുവദിക്കുന്നു. തീരസമുദ്രത്തിലെ മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും 3 കോടി രൂപ അധികമായി വകയിരുത്തുന്നു. തീരദേശത്തെ എല്ലാ താലൂക്ക് ആശുപത്രികളുടെയും നവീകരണം ഈ വർഷം ആരംഭിക്കും. കിഫ്ബിയിൽ നിന്നും 900 കോടി രൂപയാണ് മൊത്തത്തിൽ തീരദേശത്ത് നിക്ഷേപിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തീരദേശത്തിനു മുൻഗണന നൽകും.

54.        കോച്ചിംഗിനും പഠനകേന്ദ്രങ്ങൾക്കുമായി 13 കോടി രൂപ വകയിരുത്തുന്നു. പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി പോലെ കുട്ടികൾക്ക് പ്രാദേശിക ലൈബ്രറികളുമായി ബന്ധപ്പെടുത്തി പൊതു പഠനമുറികൾ ഒരുക്കുകയും പൊതുനിലവാരത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നതിന് പ്രത്യേക പഠന, പഠനാനുബന്ധ പരിപാടികൾ ആവിഷ്കരിക്കും. ഇത്തരമൊരു പദ്ധതി വിദ്യാഭ്യാസ വകുപ്പ് മത്സ്യത്തൊഴിലാളികളുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും കുട്ടികൾക്കുവേണ്ടി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു. അധികപണം വിദ്യാഭ്യാസ ബജറ്റിൽ നിന്നു കണ്ടെത്തും.

55.        പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി രൂപയും ഇൻഷ്വറൻസിന് 12 കോടി രൂപയും വകയിരുത്തുന്നു. തിരുവനന്തപുരത്ത് മീൻ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് കിയോസ്കുകൾ സ്ഥാപിക്കുന്നതിന് സബ്സിഡിയോടുകൂടിയ ഒരു പലിശരഹിത വായ്പാ പദ്ധതി ആവിഷ്കരിക്കുന്നതാണ്.

56.        മത്സ്യത്തൊഴിലാളി സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയും പറവൂരിലെ യാൺ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി രൂപയും സഹായം അനുവദിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകുന്നതിന് മത്സ്യഫെഡിന് 9 കോടി രൂപ ലഭ്യമാക്കും. കൊല്ലത്ത് ബോട്ട് ബിൽഡിംഗ് യാർഡ് സ്ഥാപിക്കും. ഇതിനു പുറമേ മത്സ്യഫെഡിന് സഹകരണ മേഖലയിൽ ചെലവഴിക്കുന്നതിന് 100 കോടി രൂപയുടെ വായ്പ അടിയന്തിരമായി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. ദേശീയ പിന്നോക്ക വികസന കോർപ്പറേഷൻ, ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷൻ എന്നീ ഏജൻസികളിൽ നിന്നും കൂടുതൽ പണം ലഭ്യമാക്കുന്നതാണ്. സർ, മൊത്തത്തിൽ 2019-20ൽ തീരദേശത്ത് ഏതാണ്ട് 1000 കോടി രൂപ പാക്കേജിൽ നിന്ന് ചെലവഴിക്കും.

(ഒമ്പത്) പൊതുമേഖലാ വ്യവസായങ്ങൾ

57.        ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ, 40 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ 8 എണ്ണം മാത്രമേ ലാഭത്തിൽ പ്രവർത്തിച്ചിരുന്നുള്ളൂ. ഈ ധനകാര്യ വർഷം അവസാനിക്കുമ്പോൾ 20 സ്ഥാപനങ്ങൾ ലാഭത്തിലാകും. വിറ്റുവരുമാനം 2800 കോടിയിൽ നിന്നും 3800 കോടിയായി ഉയരും. 123 കോടി രൂപ മൊത്തത്തിൽ നഷ്ടത്തിലായിരുന്ന പൊതുമേഖല 160 കോടി രൂപ ലാഭത്തിലാകും. കേരള സർക്കാർ സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. ഒപ്പം പൊതുമേഖലയെ സംരക്ഷിക്കുകയും ചെയ്യും. കേരളത്തിൽ കാര്യക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യനിക്ഷേപകർക്കും പ്രചോദനമാണ്.

58.        വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് 2019-20 ൽ വകയിരുത്തിയിട്ടുള്ള 527 കോടി രൂപയിൽ 299 കോടി രൂപ പൊതുമേഖലയ്ക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കൽ താഴെ പറയുന്നു.

1)       കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ - 27 കോടി

2)       മലബാർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് - 25 കോടി

3)       ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് - 24 കോടി രൂപ

4)       കെൽട്രോൺ - 19 കോടി

5)       ഓട്ടോകാസ്റ്റ് - 17 കോടി

6)       കേരള സിറാമിക്സ് - 17 കോടി

7)       കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് - 13 കോടി

8)       സിഡ്കോ - 11 കോടി

9)       കെൽട്രോൺ കംപോണെന്റ്സ് - 10 കോടി

10)   കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി - 10 കോടി

11)   ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്, കേരള - 10 കോടി

12)   ട്രാക്കോ കേബിൾ കമ്പനി - 9 കോടി

13)   യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് 9 കോടി

14)   സ്റ്റീൽ ഇൻഡസ്ട്രീസ്, കേരള - 8 കോടി

15)   ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് - 7.5 കോടി

16)   കോട്ടയം മിൽസ് - 7 കോടി

17)   കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് - 6 കോടി

18)   സീതാറാം ടെക്സ്റ്റൈൽസ് - 5 കോടി

19)   പ്രഭുറാം മിൽ - 5 കോടി

20)   സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് - 3.5 കോടി

21)   ഇടരിക്കോട് മിൽസ് - 3 കോടി

22)   കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് - 2.5 കോടി

23)   സിമന്റ് - 2 കോടി

24)   കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് - 2 കോടി

25)   ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ - 2 കോടി

26)   കേരള ആർടിസാൻസ് ഡെവലപ്പ്മെന്റ് കോർപറേഷൻ - 1 കോടി

27)   കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ - 50 ലക്ഷം

28)   കെൽപാം - 50 ലക്ഷം

ഇതിനു പുറമെ പൊതുമേഖലയ്ക്ക് പ്രവർത്തന മൂലധനമായി 30 കോടി രൂപ തുക നീക്കിവെയ്ക്കുന്നു.

59.        പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണവും വൈവിധ്യവൽക്കരണവുമാണ് പ്രധാന അജണ്ട. കെ.എസ്.ഡി.പി.യുടെ നോൺബീറ്റാ ലാക്ടം പ്ലാന്റ് ഈ വർഷം പ്രവർത്തനം ആരംഭിക്കും. 54 കോടി രൂപയുടെ മുതൽമുടക്കുള്ള ഇഞ്ചെക്ടബിൾ ഫാക്ടറിയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഓങ്കോളജി പാർക്കിന്റെ നിർമ്മാണം 2019-20ൽ ആരംഭിക്കും. കേരള ജെനറിക് എന്ന ബ്രാൻഡിൽ ജെനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കും. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ ഫാക്ടറിയിലെ ഉൽപ്പാദനം 24 കോടി രൂപയായിരുന്നു. 2018-19 ൽ ഇത് 55 കോടി രൂപയാകും. അടുത്ത വർഷം ഇഞ്ചക്ടബിൾസ് പ്ലാന്റ്കൂടി കമ്മീഷൻ ചെയ്യുമ്പോൾ ഉൽപ്പാദനശേഷി 300 കോടി രൂപയാവും. മുഖ്യതടസം പ്രവർത്തനമൂലധനമില്ലായ്മയാണ്. മെഡിക്കൽ സർവീസ് കോർപറേഷന്റെ വകയിരുത്തലിൽ നിന്ന് അഡ്വാൻസായി 50 കോടി രൂപ കെഎസ്ഡിപിയ്ക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ്.

60.        തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറി 75 വർഷം പിന്നിടുകയാണ്. ഫാക്ടറിയിലെ എഫ്ലുവന്റ്സിനെ മുഴുവൻ ഉപഉൽപ്പന്നങ്ങളാക്കി മാറ്റി ആധുനീകരിക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കെ.എം.എം.എല്ലുമായി ബന്ധപ്പെട്ടുകൊണ്ട് ടൈറ്റാനിയം മെറ്റൽ കോംപ്ലക്സിന്റെ രൂപരേഖ തയ്യാറായിട്ടുണ്ട്. ഇതിനിടയിൽ ടൈറ്റാനിയം സ്പോഞ്ചിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും അത് മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റുന്നതിനും നടപടി സ്വീകരിക്കും. 2010 ൽ ഉപേക്ഷിച്ച ഓട്ടോക്കാസ്റ്റ് ബോഗി നിർമ്മാണ പദ്ധതി പുനരുജ്ജീവിപ്പിക്കും. സിൽക്കിനെ സങ്കീർണ്ണമായ ഫാബ്രിക്കേഷനുകൾക്കു പ്രാപ്തമായ യൂണിറ്റായി വിപുലീകരിക്കും. ഇങ്ങനെ ഓരോ വ്യവസായശാലയ്ക്കും കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിലുള്ള ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുന്ന പ്രശ്നമില്ല, പക്ഷെ പുതിയ മേഖലകളിൽ സ്വകാര്യസംരംഭകരുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ ആവശ്യമെങ്കിൽ ആരംഭിക്കും. ഇന്റലും കെൽട്രോണും ചേർന്നുള്ള സംയുക്ത സംരംഭം ഇതിന് ഉദാഹരണമാണ്.

(പത്ത്) ഊർജ്ജമിഷൻ

61.        നവകേരളത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉറപ്പുവരുത്തും. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന 30 ജലവൈദ്യുത പദ്ധതികളുടെ പ്രതീക്ഷിത അധിക ഉൽപ്പാദനം ആകെ 11 കോടി യൂണിറ്റ് മാത്രമാണ്. അതേസമയം പ്രഖ്യാപിക്കപ്പെട്ട 500 മെഗാവാട്ട് പുരപ്പുറ സൗരോർജ നിലയങ്ങൾ, 500 മെഗാവാട്ട് ജലതല, ഭൂതല സൗരോർജ നിലയങ്ങൾ എന്നിവയിൽ നിന്നും 130-150 കോടി യൂണിറ്റ് വൈദ്യുതി ലഭ്യമാകും. ഇതിൽ 200 മെഗാവാട്ടിന്റെ പുരപ്പുറ ശേഷിക്ക് വീട്ടുകാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

62.        സർക്കാർ സ്ഥാപനങ്ങളായ ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്ന് പണം നൽകും. വൈദ്യുതി ചാർജിൽ നിന്ന് ലാഭിക്കുന്ന തുക മതി അഞ്ചു വർഷം കൊണ്ട് തിരിച്ചടവ് പൂർത്തീകരിക്കാൻ. ഇടുക്കി പോലുള്ള വൻകിട നിലയങ്ങളിൽ പീക്ക് ലോഡ് സമയത്ത് ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ അഡീഷണൽ നിലയങ്ങൾ സ്ഥാപിക്കാനും പരിപാടിയുണ്ട്.

63.        ബദൽ സ്രോതസുകളിൽ നിന്നുള്ള ഉത്പാദനം നമ്മുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് അപര്യാപ്തമായിരിക്കും. പുറത്തുനിന്നുള്ള വൈദ്യുതിയിൽ കേരളത്തിന്റെ ആശ്രിതത്വം വർദ്ധിക്കും. അതുകൊണ്ട് നഷ്ടമില്ല. ഏറ്റവും ചെലവു കുറച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരം. ഈ വൈദ്യുതി സുഗമമായി എത്തിക്കുന്നതിനുള്ള ട്രാൻസ്മിഷൻ ഗ്രിഡുകൾ സുപ്രധാനമാവുകയാണ്.

64.        ഇതാണ് കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 6375 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0ന്റെ പ്രാധാന്യം. വിതരണത്തിലെ നഷ്ടം 10 ശതമാനത്തിൽ താഴെയായി കുറയ്ക്കുന്നതിന് ദ്യുതി 2020-21 എന്നൊരു നവീകരണ പദ്ധതി തുടങ്ങിയിട്ടുണ്ട്. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

65.        ഇതിനോടൊപ്പം ഡിമാന്റ് മാനേജ്മെന്റ് മേഖലയിലും ശക്തമായി ഇടപെടും. 60 വാട്ടിന്റെ ഒരു ഫിലമെന്റ് ബൾബിനു പകരം 9 വാട്ടിന്റെ എൽഇഡി ബൾബ് ആക്കിയാൽ 51 വാട്ട് ലാഭിക്കാം. ഒരു 14 വാട്ട് സിഎഫ്എൽ ലാമ്പിനു പകരം 9 വാട്ട് എൽഇഡി ആക്കിയാൽ 5 വാട്ടും ലാഭിക്കാം. മെർക്കുറി മലിനീകരണവും ഒഴിവാകും. കേരളത്തിലെ വീടുകളിൽ 75 ലക്ഷത്തോളം ഫിലമെന്റ് ബൾബുകളും 8 കോടി സിഎഫ്എൽ ബൾബുകളും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവ മുഴുവൻ എൽഇഡി ബൾബുകളാക്കിയാൽ 50 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാം. പീക്ക് ലോഡ് സമയത്ത് ആണ് ഈ കുറവു വരുന്നത്. ഇത്രയും വൈദ്യുതി അധികമായി ഉൽപാദിപ്പിക്കണമെങ്കിൽ 150-200 മെഗാവാട്ട് ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിക്കേണ്ടി വരും.

66.        എൽഇഡി ബൾബുകൾ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബിയിൽ നിന്ന് വൈദ്യുതിബോർഡിന് ധനസഹായം ഉറപ്പാക്കും. പഞ്ചായത്തിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകർ വഴി വീടുകളിൽ എൽഇഡി ബൾബുകൾ എത്തിക്കുകയും പഴയ ബൾബുകൾ തിരിച്ചു വാങ്ങുകയും ചെയ്യും. പഴയ ബൾബുകൾ സുരക്ഷിതമായി നശിപ്പിക്കാൻ മാർഗമൊരുക്കും.

67.        എൽഇഡി ബൾബിന് ഉപഭോക്താവ് മുൻകൂർ പണം മുടക്കേണ്ടതില്ല. മൂന്നു വർഷത്തിൽ താഴെ മാത്രം ആയുസുള്ള സിഎഫ്എൽ ബൾബുകൾക്ക് 120 രൂപയാണ് വില. എന്നാൽ 65 രൂപ വിലവരുന്ന എൽഇഡി ബൾബിന് 10 വർഷമാണ് ആയുസ്. സിഎഫ്എൽ മാറ്റി പകരം എൽഇഡി ബൾബു ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉപഭോഗം കുറയുന്നതുമൂലം ഉപഭോക്താവിനു ലഭിക്കുന്ന നേട്ടത്തിന്റെ ഒരു പങ്ക് ബൾബിന്റെ വിലയായി ബില്ലിനൊപ്പം തവണകളായി അടച്ചാൽ മതി. എസ്ക്രൂ അക്കൗണ്ടിലൂടെ കിഫ്ബിയ്ക്ക് രണ്ടുവർഷത്തിനുള്ളിൽ പണം തിരിച്ചു നൽകും.

68.        ഇതിനോടൊപ്പം ഊർജക്ഷമത കുറഞ്ഞ ഫാനുകൾ, പമ്പുകൾ, എന്നിവ മാറ്റി സ്ഥാപിക്കുന്നതിനുള്ള സ്കീമുകളും തയ്യാറാക്കും. പഞ്ചായത്തുകളുടെ മുൻകൈയിലാണ് പദ്ധതി നടപ്പാക്കുക. പീലിക്കോട് പഞ്ചായത്ത് ഇതിന് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഊർജ ദുർവ്യയത്തിനെതിരായ അതിബൃഹത്തായ ഒരു പ്രചരണ കാമ്പയിന് കേരളം സാക്ഷ്യം വഹിക്കും. ഇതിന്റെ ഭാഗമായി അമ്പതിനായിരം ഊർജ ക്ലാസുകൾ കേരളത്തിൽ സംഘടിപ്പിക്കും.

69.        2019-20 ൽ വൈദ്യുതി മേഖലയുടെ മൊത്തം അടങ്കൽ 1781 കോടി രൂപയാണ്. ഇതിൽ 476 കോടി രൂപ പ്രസരണത്തിനും 563 കോടി രൂപ ഉൽപ്പാദനത്തിനുമാണ്.

(പതിനൊന്ന്) ഡിസൈൻഡ് റോഡുകൾ

70.        അടുത്ത രണ്ടുവർഷം കൊണ്ട് കേരളത്തിലെ റോഡു ശൃംഖലയുടെ മുഖഛായ മാറ്റും. 2018 ഡിസംബർ അവസാനം വരെയുള്ള മൂന്നു വർഷത്തെ കണക്കെടുത്താൽ 1601 കിലോമീറ്റർ ബി.എം & ബി.സി റോഡുകളും 2516 കിലോമീറ്റർ സാധാരണ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. അടുത്ത രണ്ടുവർഷം കൊണ്ട് 6000 കിലോമീറ്റർ റോഡു നിർമ്മാണം കൂടി പൂർത്തിയാകും. മൊത്തം റോഡിന്റെ ദൈർഘ്യത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും ഇതൊരു വഴിത്തിരിവാകും.

71.        റീബിൽഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന റോഡുകൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന ഡിസൈൻഡ് റോഡുകളായിരിക്കും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഗതാഗതം, സുരക്ഷ, കാൽനടക്കാരുടെ സൗകര്യങ്ങൾ, ഉപരിതല നീർവാർച്ച, ദീർഘകാല മെയിന്റനൻസ് എന്നീ ആവശ്യങ്ങളെല്ലാം ഉൾച്ചേർത്തുകൊണ്ടുള്ള ആധുനിക റോഡ് നിർമ്മാണ സങ്കേതമാണ് പ്രളയാനന്തര പുനർനിർമ്മിതിയിൽ ലക്ഷ്യം വെയ്ക്കുന്നത്. ഫുൾ ഡെപ്ത് റിക്ലമേഷൻ, കോൾഡ് റീസൈക്ലിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളായിരിക്കും ഇത്തരം ഡിസൈൻഡ് റോഡുകളുടെ സവിശേഷത. ജിയോ ടെക്സ്റ്റൈൽസ്, ജിയോസെൽസ് തുടങ്ങിയവയുടെ ഉപയോഗവും വ്യാപകമാക്കും. മൈക്രോ സർഫസിംഗ് തുടങ്ങിയിട്ടുളള സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കും. ആരംഭത്തിലെ ചെലവ് സാമാന്യം ഗണ്യമായി ഉയർന്നതാകുമെങ്കിലും ദീർഘകാല പരിപാലന ചെലവ് കുറഞ്ഞതും ഉയർന്ന ഈടുള്ളതുമായിരിക്കും ഡിസൈൻഡ് റോഡുകൾ. പുതിയ കാലം, പുതിയ നിർമ്മാണം എന്നാണ് നമ്മുടെ മുദ്രാവാക്യം.

72.        പൊതുമരാമത്തു വകുപ്പിന് 1367 കോടി രൂപ വകയിരുത്തുന്നു. യഥാർത്ഥത്തിൽ ഇതിനേക്കാൾ വലിയൊരു സംഖ്യ ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടി വരും. ഉദാഹരണത്തിന് കഴിഞ്ഞ രണ്ട് വർഷം പൊതുമരാമത്തു വകുപ്പിന് വകയിരുത്തിയത് 2770 കോടി രൂപയാണ്. എന്നാൽ ചെലവഴിച്ചത് 5388 കോടി രൂപയാണ്. എന്നിട്ടും കരാറുകാർക്കു കുടിശികയാണ്. ഈ പ്രശ്നം സംസ്ഥാന ബജറ്റിലെ റവന്യൂ കമ്മി ഗണ്യമായി കുറച്ചുകൊണ്ടുവരുമ്പോഴേ പരിഹൃതമാകൂ. വിവിധ വർഷങ്ങളിലെ ബജറ്റ് പ്രകാരം ഭരണാനുമതി നൽകിയ ഏതാണ്ട് 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഇപ്പോൾ നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ഇതിനുപുറമെ, ഇതുവരെ 11,000 കോടി രൂപയുടെ പൊതുമരാമത്തു പ്രവൃത്തികൾക്ക് കിഫ്ബിയിൽ നിന്ന് അന്തിമ അനുമതി ലഭിച്ച് ടെൻഡറിന്റെയും നിർമ്മാണത്തിന്റെയും വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ റീബിൽഡ് കേരളയിൽ നിന്നും പൊതുമരാമത്ത് വകുപ്പിന് വിഹിതമുണ്ടാകും. എന്നിട്ടും റോഡുകൾക്കുള്ള ജനകീയാവശ്യത്തെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല. ബഹുമാനപ്പെട്ട എംഎൽഎമാർ നൽകിയതുൾപ്പെടെ നിർമ്മാണപ്രവൃത്തി നിർദ്ദേശങ്ങളിൽ ഏതാണ്ട് 2500 കോടി രൂപയ്ക്കുള്ളത് 20 ശതമാനം പ്രൊവിഷൻ നൽകി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കി നിർദ്ദേശങ്ങൾ ടോക്കൺ പ്രൊവിഷനായും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

(പന്ത്രണ്ട്) കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്

73.        സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന് അനുസൃതമായി 2022 ആകുമ്പോഴേയ്ക്കും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കാൻ നടപടി സ്വീകരിക്കും. പ്രോത്സാഹനാർത്ഥം (ഒന്ന്) സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡു നികുതിയിൽ ഇളവു നൽകും. (രണ്ട്) ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിനു രൂപം നൽകും. 12 കോടി രൂപ വകയിരുത്തുന്നു. ഈ വർഷം 10000 ഇലക്ട്രിക് ഓട്ടോകൾക്ക് ഇതിൽ നിന്ന് സബ്സിഡി നൽകും. (മൂന്ന്) ചാർജു ചെയ്ത ഇലക്ട്രിക് ബാറ്ററികൾ മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങൾ നഗരത്തിൽ സ്ഥാപിക്കും. ഇതുവഴി ഉടമസ്ഥർക്കുള്ള ചെലവു കുറയ്ക്കാനാവും. വാഹനങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകൾ സ്വകാര്യസംരംഭകരുടെ സഹായത്തോടെ സ്ഥാപിക്കും. പടിപടിയായി പ്രമുഖപട്ടണങ്ങളിൽ പുതുതായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ അനുവദിക്കൂ.

74.        ഒരു മാതൃക സൃഷ്ടിക്കുന്നതിന് കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിലേയ്ക്കു മാറും. ഈ പരിവർത്തനം കൊണ്ട് കെഎസ്ആർടിസിയ്ക്ക് ലാഭമേ ഉണ്ടാകൂ എന്ന് ശബരിമല സീസണിൽ പമ്പ നിലയ്ക്കൽ പരീക്ഷിച്ച വൈദ്യുതി ബസുകൾ തെളിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കോർപറേഷന്റെ മുഴുവൻ സർവീസും ഇലക്ട്രിക് ബസിലേയ്ക്കു മാറ്റും. മുഴുവൻ ബസുകളും ഇ-വാഹനങ്ങളിലേയ്ക്ക് മാറുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറും. സോളാർ ബോട്ടുകൾ വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

75.        ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികളും ഗവേഷണ സൗകര്യങ്ങളും കേരളത്തിൽ സൃഷ്ടിക്കും. കേരള ഓട്ടോ മൊബൈൽസിൽ ഇലക്ട്രിക് ഓട്ടോകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ബസ് നിർമ്മിക്കുന്നതിന് സ്വിസ് കമ്പനിയുമായി സംയുക്ത സംരംഭത്തിന് ചർച്ചകൾ ആരംഭിച്ചു. കെഎസ്ആർടിസി വലിയ തോതിൽ ഇലക്ട്രിക് ബസിലേയ്ക്കു പോകുമ്പോൾ സപ്ലെയർ കമ്പനിയോട് കേരളത്തിൽ ഉൽപാദനകേന്ദ്രം തുടങ്ങുന്നതിന് ആവശ്യപ്പെടാം. ബോധപൂർവം അനുബന്ധ വ്യവസായങ്ങൾ വളർത്തിയെടുക്കും.

(പതിമൂന്ന്) വെസ്റ്റ് കോസ്റ്റ് കനാൽ

76.        സർ, 585 കിലോമീറ്റർ നീളത്തിൽ ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത പൂർത്തീകരിക്കുന്ന വർഷമായിരിക്കും 2020. കോവളം മുതൽ കൊല്ലം വരെയും കൊടുങ്ങല്ലൂർ മുതൽ ബേക്കൽ വരെയുമുള്ള ഭാഗത്തെ ജലപാതയുടെ നിർമ്മാണം സിയാൽ പങ്കാളിത്തത്തോടെയുള്ള കേരള വാട്ടർ വെയ്സ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഏറ്റെടുത്തതോടെയാണ് ഏന്തിവലിഞ്ഞുകൊണ്ടിരുന്ന നിർമ്മാണപ്രവൃത്തികൾക്ക് പുതുജീവൻ വന്നത്. 26 കിലോമീറ്റർ നീളത്തിൽ മാഹി- വളപട്ടണം കനാൽ നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ 10 മേഖലകളിൽ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.

77.        240 പാലങ്ങളും മറ്റും പൊളിച്ചു പണിയേണ്ടി വരും. 108 കോടി രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. പാലങ്ങളുടെ പുനർനിർമ്മാണം പൂർത്തീകരിക്കുന്നതിനും കനാലിന്റെ വീതി വർദ്ധിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലും കൈയേറ്റം ഒഴിപ്പിക്കുന്നതുമെല്ലാം പൂർത്തിയാകുന്നതിന് 2022 വരെ സമയമെടുക്കും. ജലപാതയിലുള്ള ജെട്ടികളുടെയും മറ്റും പൂർണനവീകരണവും ടൂറിസം കേന്ദ്രങ്ങളുടെ നിർമ്മാണത്തിനും മറ്റൊരു മൂന്നു വർഷം കൂടി എടുക്കും. ദേശീയ ജലപാത നിർമ്മാണത്തിലും സിയാൽ ടച്ച് വളരെ പ്രകടമാണ്. ഒരു ഘട്ടത്തിൽ 2500 കോടി രൂപ വരെ നിർമ്മാണച്ചെലവ് പ്രതീക്ഷിച്ചത് ഗണ്യമായി കുറയ്ക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

78.        വെസ്റ്റ് കോസ്റ്റ് കനാലിന്റെ പൂർത്തീകരണം സംസ്ഥാന ഗതാഗത ഘടനയിൽ വലിയൊരു പൊളിച്ചെഴുത്താകും. സ്വാതന്ത്ര്യത്തിനുമുമ്പ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുകടത്തു മാർഗ്ഗം ജലഗതാഗതമായിരുന്നു. ഇന്ന് ജലഗതാഗത്തിന്റെ പങ്ക് നിസ്സാരമാണ്. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തേണ്ടത് പാരിസ്ഥിതികമായും ചരക്കുകടത്തു മേഖലയിലെ ചെലവ് കുറയ്ക്കുന്നതിനും അനിവാര്യമാണ്. കായൽ ടൂറിസം, ഇപ്പോൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതി തുടങ്ങിയ ടൂറിസം പദ്ധതികൾക്കും ഇതു വലിയ ഉത്തേജനമാകും.

79.        കൊച്ചി ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് 76 കിലോമീറ്റർ നീളത്തിൽ 16 റൂട്ടുകളിലെ ജലപാത വികസിപ്പിക്കുകയും അതിനെ കൊച്ചി മെട്രോയും ബസ് ടെർമിനലുമായി ബന്ധിപ്പിക്കുകയും ചെയ്യും. ജർമ്മൻ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

(പതിനാല്) തെക്ക് വടക്ക് സമാന്തര റെയിൽപാത

80.        2020ൽ തെക്കു വടക്ക് സമാന്തര റെയിൽപാതയുടെ നിർമ്മാണം ആരംഭിക്കും. ഇടത്തരം വേഗതയിലുള്ള ട്രെയിനുകൾക്കുവേണ്ടി പുതിയൊരു ഗ്രീൻഫീൽഡ് പാതയെന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചു. നിലവിലുള്ള പാതയിൽ നിന്നും സ്വതന്ത്രമായ എലവേറ്റഡ് ഡബിൾ ലൈൻ പാതയായിരിക്കും ഇത്. പുതിയ പാതയുടെ ദൈർഘ്യം 515 കിലോമീറ്റർ അഥവാ നിലവിലുള്ള പാതയേക്കാൾ 65 കിലോമീറ്റർ കുറവായിരിക്കും. 180 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ട്രെയിനുകൾക്ക് തിരുവനന്തപുരം കാസർഗോഡ് യാത്ര നാല് മണിക്കൂർകൊണ്ട് പൂർത്തീകരിക്കാനാകും. നിലവിലുള്ള പാതയുമായി തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ മാത്രമേ പുതിയ പാത ബന്ധപ്പെടുന്നുള്ളു.

81.        കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 55,000 കോടി രൂപയാണ് മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്. വിദേശ വായ്പകളും നാട്ടിൽ നിന്നുള്ള ധനാഗമ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തും. ഏഴ് വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാകും. പ്രതിവർഷം 10 ശതമാനം വച്ച് വർദ്ധിച്ചുവരുന്ന റോഡ് ട്രാഫിക്കിന്റെ കുരുക്ക് അഴിക്കുന്നതിന് ഇത്തരമൊരു പാത സഹായിക്കും.

(പതിനഞ്ച്) കേരള ബോട്ട് ലീഗ്

82.        പ്രളയത്തിൽ മുങ്ങിപ്പോയ ഒരു വമ്പൻ ടൂറിസം പദ്ധതിയായിരുന്നു കേരളബോട്ട് ലീഗ്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്രു ട്രോഫി മുതൽ നവംബർ 1 ലെ പ്രസിഡന്റ് കപ്പു വരെയുള്ള മൂന്നു മാസക്കാലം എല്ലാ വാരാന്ത്യത്തിലും ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ബോട്ട് റൈസ് ഉണ്ടാകും. ഈ കാലം പുതിയൊരു ടൂറിസം സീസണായി മാറും. പുതിയ ബോട്ട് സീസൺ സംബന്ധിച്ച് വ്യാപകമായ പരസ്യപ്രചരണം വിദേശത്തും മറ്റും നടത്തുന്നതിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യുനെസ്കോ സാംസ്ക്കാരികപൈതൃകപദവി കേരളത്തിലെ വള്ളംകളിയ്ക്ക് ലഭിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.

83.        മുൻവർഷത്തെ നെഹ്രു ട്രോഫി വള്ളംകളിയിൽ മികച്ച സമയം കൈവരിച്ച ഒമ്പതു ചുണ്ടൻ വള്ളങ്ങളായിരിക്കും ലീഗിൽ മാറ്റുരയ്ക്കാൻ ഉണ്ടാവുക. കേരള ബോട്ട് ലീഗിനുള്ള മാനേജ്മെന്റ് സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിനായി ടെൻഡർ വിളിച്ചു കഴിഞ്ഞു. പരസ്യത്തിൽനിന്നും സ്പോൺസർഷിപ്പിൽനിന്നുമെല്ലാം ഇവന്റ് മാനേജ്മെന്റ് സ്ഥാപനം സമാഹരിക്കുന്ന റവന്യൂവിൽ എത്ര ശതമാനം സർക്കാരിനു നൽകും എന്നുള്ളതാണ് ടെൻഡർ ഉറപ്പിക്കുന്നതിനുള്ള മാനദണ്ഡം. ലീഗ് മത്സരങ്ങളുടെ വാണിജ്യസാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി നടത്തുന്നതുകൊണ്ട് കളിക്കാർക്കും വള്ളങ്ങൾക്കും മെച്ചപ്പെട്ട പ്രതിഫലം നൽകാൻ കഴിയും. അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുവേണ്ടി ബജറ്റിൽ നിന്ന് 20 കോടി രൂപ ചെലവഴിക്കും.

(പതിനാറ്) സ്പൈസസ് റൂട്ടും ഹെറിറ്റേജ് പദ്ധതികളും

84.        ടൂറിസം മേഖലയിലെ ഏറ്റവും നൂതനവും വിപുലവുമായ പദ്ധതി സ്പൈസസ് റൂട്ടാണ്. അന്തർദേശീയ സ്പൈസസ് വ്യാപാരത്തിന്റെ ഭാഗമായി കേരള തീരത്ത് അതിപുരാതനകാലം മുതൽ ഉയർന്നുവരികയും ക്ഷയിക്കുകയും ചെയ്തിട്ടുള്ള തുറമുഖങ്ങളെ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു സഞ്ചാരപദ്ധതിയാണിത്. ചൈനയിലെ സ്പൈസ് റൂട്ടിന് സമാനമായ ഒന്ന്. ഈയൊരു ആശയത്തിന് തുടക്കം കുറിച്ചത് മുസിരിസ് പൈതൃകപദ്ധതിയാണ്. ഇപ്പോൾ തലശേരിയും ആലപ്പുഴയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തലശേരി പൈതൃക പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കിക്കഴിഞ്ഞു. 2019-20ൽ പൊന്നാനിയും തങ്കശേരിയും ഉൾപ്പെടുത്തും. കേരളത്തിലെ തുറമുഖ നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് 6000 കോടി രൂപ കിഫ്ബി ധനസഹായത്തോടെ സൈക്കിൾ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ നിർമ്മാണം സ്പൈസസ് റൂട്ടിന് വലിയ ഉത്തേജകമാകും.

85.        മാരിടൈം മ്യൂസിയം ഒഴികെ മുസിരിസ് പദ്ധതി 2020-21ൽ പൂർത്തീകരിക്കും. സ്പൈസസ് റൂട്ടിൽ പങ്കാളികളാകുന്നതിന് താൽപര്യപ്പെടുന്ന വിദേശരാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഒരു സെമിനാർ ജൂൺ മാസത്തിൽ കൊച്ചിയിൽ നടത്തും.

86.        സ്പൈസസ് റൂട്ട് പദ്ധതി നമ്മുടെ പഴയ തുറമുഖപട്ടണങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്തും എന്നതിന് ആലപ്പുഴ ഒരു മാതൃകയായിരിക്കും. കനാൽ നവീകരണം, പഴയ ഫാക്ടറി തുറമുഖ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഒരു ഡസനോളം പൈതൃക മ്യൂസിയങ്ങൾ എന്നിവ അടങ്ങിയ ഒന്നാംഘട്ടം 2019-20ൽ പൂർത്തിയാകും. റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും ട്രാൻസ്പോർട് ഹബിന്റെ നിർമ്മാണത്തിനും ബാക്കി മ്യൂസിയങ്ങളുടെ പൂർത്തീകരണത്തിനും ഒരു വർഷവും കൂടിയെടുക്കും. പുരാതന കെട്ടിടങ്ങളുടെ മാത്രമല്ല, അസ്പഷ്ടമായ സാംസ്ക്കാരിക പൈതൃകത്തിന്റെ കൂടി പ്രദർശന മേഖലയായി ആലപ്പുഴയുടെ കനാൽപ്രദേശം മാറും. ഇതോടെ കുട്ടനാടൻ കായലുകൾ സന്ദർശിക്കുന്ന അഞ്ചുലക്ഷം പേരിൽ പകുതിയെങ്കിലും യാത്രികരെ ആലപ്പുഴയിലേയ്ക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഗരത്തിന്റെ പുനരുജ്ജീവനത്തിനും വലിയതോതിൽ തൊഴിൽ സൃഷ്ടിക്കുന്നതിനും സഹായിക്കും.

(പതിനേഴ്) തടിയ്ക്കു പകരം കയറിന്റെ ബോർഡുകൾ

87.        കേരളത്തിലെ ചകിരി ഉൽപാദനം അടുത്ത രണ്ടു വർഷം കൊണ്ട് പത്തു മടങ്ങായും കയർ ഉൽപാദനം മൂന്നു മടങ്ങായും കയർ ഉൽപന്ന ഉൽപാദനം രണ്ടു മടങ്ങായും ഉയർത്തും. ഇതിന്റെ ഭാഗമായി 400 ചകിരി മില്ലുകളും 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും അടുത്തൊരു വർഷം കൊണ്ട് സ്ഥാപിക്കും. നൂറാമത്തെ മില്ല് ഫെബ്രുവരി മൂന്നാംവാരം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ കുതിച്ചു ചാട്ടത്തിന് തടസം നിൽക്കുന്നത് ചകിരിച്ചോറിനും കുഞ്ഞുനാരുകൾക്കും 3 5 രൂപ മാത്രം വില ലഭിക്കുന്നുള്ളൂ എന്നതാണ്. എന്നാൽ തമിഴ്നാട്ടിൽ 18 രൂപ ലഭിക്കും. നമ്മുടെ ചകിരിച്ചോറ് കയറ്റുമതി യോഗ്യമല്ല. കുഞ്ഞുനാരാകട്ടെ, കയറുപിരിക്കാനായി ഉപയോഗിക്കാനുമാവില്ല. ഇവ രണ്ടിനും പുതിയ ഉപയോഗം കണ്ടുപിടിച്ചുകൊണ്ടല്ലാതെ കേരളത്തിലെ കയർ വ്യവസായത്തിന് മത്സരശേഷി നേടാനാവില്ല.

88.        ഈയൊരു വിഷമസന്ധിയിലാണ് നെതർലെൻഡ്സിലെ വാനിഗ്നൻ സർവകലാശാലയുടെ ഒരു കണ്ടുപിടിത്തം പ്രസക്തമാകുന്നത്. ചകിരിയും ചകിരിച്ചോറും ഉയർന്ന ഊഷ്മാവിൽ കടുത്ത സമ്മർദ്ദത്തിനു വിധേയമാക്കി നല്ല ബോർഡുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ അവർ വികസിപ്പിച്ചു. ഇത് തടിക്ക് പകരമുള്ള ഉൽപ്പന്നമായി ഉപയോഗിക്കാനാകും. ഈ സാങ്കേതികവിദ്യ എൻ.സി.ആർ.എം.ഐ.യ്ക്കു കൈമാറുന്നതിന് ഒരു ധാരണാപത്രം വാഗ്നിനൻ സർവകലാശാലയുമായി ഒപ്പിട്ടു കഴിഞ്ഞു. ഇതിനുള്ള ഒരു വിപുലമായ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. പ്രാരംഭപ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തുന്നു. പുതിയ സാങ്കേതികവിദ്യ ചകിരിച്ചോറിന്റെയും കുഞ്ഞു നാരുകളുടെയും വില ഗണ്യമായി ഉയർത്തുന്നതിനും ചകിരി ഉൽപാദനം വളരെ ആദായകരമായ വ്യവസായമായി മാറ്റുന്നതിനും സഹായിക്കും. ഇത് കേരളത്തിലെ കയർ വ്യവസായത്തിന് ഒരു പുനർജന്മം നൽകും.

(പതിനെട്ട്) പ്രവാസി നിക്ഷേപവും സുരക്ഷയും

89.        പ്രവാസികളും നാടുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രവാസി നിക്ഷേപത്തിലും ക്ഷേമത്തിലും ഒരു വഴിത്തിരിവായിരുന്നു ലോക കേരളസഭയും തുടർപ്രവർത്തനങ്ങളും. 81 കോടി രൂപ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള തിരിച്ചുവന്ന പ്രവാസികൾക്ക് അടിയന്തിരഘട്ടങ്ങളിൽ ധനസഹായം നൽകുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപയും പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകുന്നതിനുവേണ്ടി 15 കോടി രൂപയും വകയിരുത്തുന്നു. ലോക കേരളസഭയ്ക്കും ആഗോള പ്രവാസി ഫെസ്റ്റിവലിനും 5 കോടി രൂപ വീതം വകയിരുത്തുന്നു. ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ മരണപ്പെട്ടാൽ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇനിമേൽ നോർക്ക വഹിക്കും.

90.        പ്രവാസികൾക്കുള്ള 2000 രൂപ പ്രതിമാസ പെൻഷൻ പദ്ധതി തികച്ചും അപര്യാപ്തമാണെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസിക്ഷേമ ബോർഡ് ഒരു നിക്ഷേപ ഡിവിഡന്റ് പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. 5 ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ സ്ഥിരം നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിയുമ്പോൾ പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക മാസവരുമാനമായി ലഭിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം കിഫ്ബി പോലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ മുതൽമുടക്കി ലഭിക്കുന്ന പലിശയാണ് ഡിവിഡന്റായി നൽകുന്നത്. ക്ഷേമപദ്ധതി പെൻഷൻകൂടി ഇതുമായി ലയിപ്പിച്ച് ധനസഹായം നൽകുന്നതും പരിഗണിക്കും.

91.        നിക്ഷേപ ഡിവിഡന്റ് പദ്ധതി പോലെ തന്നെ പ്രവാസി സമ്പാദ്യം സംസ്ഥാന വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് കെഎസ്എഫ്ഇ ആരംഭിച്ചിട്ടുള്ളതാണ് പ്രവാസി ചിട്ടി. പ്രവാസി ചിട്ടിയിൽ നിന്നും ലഭിക്കുന്ന സെക്യൂരിറ്റി, ഫ്ലോട്ടിംഗ് പണം, ലേലം വിളിച്ചവരുടെ ഡെപ്പോസിറ്റ് എന്നിവ കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ചിറ്റാളൻമാർക്ക് അവരുടെ ഇത്തരത്തിലുള്ള സമ്പാദ്യം ഏത് കിഫ്ബി പ്രോജക്ടിന്റെ നിർമ്മാണത്തിന് വിനിയോഗിക്കണമെന്ന് നിർദ്ദേശിക്കാനും അവകാശമുണ്ട്. 2019-20 ൽ കിഫ്ബിയിലേയ്ക്കുള്ള ധനസമാഹരണത്തിൽ ഒരു നിർണ്ണായകപങ്ക് പ്രവാസി ചിട്ടികൾക്കുണ്ടാകും. ഇപ്പോൾ യുഎഇയിൽ മാത്രമാണ് ചിട്ടി ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി മാസം മറ്റു ഗൾഫ് രാജ്യങ്ങളിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾകൂടി കഴിയുമ്പോൾ ലോകത്ത് ഏത് രാജ്യത്തു നിന്നും ചിട്ടിയിൽ ചേരാനാകും.

(പത്തൊമ്പത്) കേരള ബാങ്ക്

92.        2019-20 ലെ ഏറ്റവും നിർണ്ണായകമായ സംഭവം കേരള ബാങ്കിന്റെ രൂപീകരണമായിരിക്കുമെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. റിസർവ്വ് ബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകൾ ചർച്ച ചെയ്ത് അംഗീകരിച്ചതിനെ തുടർന്ന് ഒക്ടോബർ മാസത്തിൽ റിസർവ്വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് തത്വത്തിൽ അനുമതി നൽകി. നബാർഡ് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ സമവായം ഉണ്ടാക്കാൻ പ്രയാസം ഉണ്ടാവില്ല. റബ്കോയുടെയും മാർക്കറ്റ്ഫെഡിന്റെയും കിട്ടാക്കടം 306 കോടി രൂപ സർക്കാർ നൽകിയതോടെ പരിഹരിച്ചു. ഈ നിയമസഭാ സമ്മേളനത്തിൽ സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതോടെ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാകും. കേരള സഹകരണ നിയമവും ചട്ടവും സമ്പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ലയനം നടത്തുക.

93.        കേരള ബാങ്കിന്റെ രൂപീകരണത്തോടെ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്ക്, അവയുടെ എണ്ണൂറിലധികം ശാഖകൾ എല്ലാംകൂടിച്ചേർന്ന് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശ്രംഖലയാണ് രൂപംകൊള്ളുക. ഇന്ത്യയിലെ സഹകരണ മേഖലയിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്കായിരിക്കും കേരള സഹകരണ ബാങ്ക്. നിലവിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരള സഹകരണ ബാങ്കിന് പ്രവാസി ഡെപ്പോസിറ്റുകൾ ശേഖരിക്കാൻ കഴിയുമെന്നതുകൊണ്ട് പുതിയ ബാങ്കിന്റെ ഡെപ്പോസിറ്റ് ശേഷി 57761 കോടി രൂപയിൽ നിന്നും 64741 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം കാർഷിക, വ്യവസായ രംഗത്ത് പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ ബാങ്കിനു കഴിയും. അതോടൊപ്പം, കേരളത്തിലെ 1542 പ്രാഥമിക ക്രെഡിറ്റ് സഹകരണ സംഘങ്ങൾക്ക് / ബാങ്കുകൾക്ക് അപ്പക്സ് ബോഡിയെന്ന നിലയിൽ സുരക്ഷിതവലയം ഒരുക്കാനാകും. ഇത്തരത്തിൽ പൂർണ്ണ ബാങ്കിംഗ് അവകാശങ്ങളോടുകൂടിയ ഒരു മേൽത്തട്ട് ഇല്ലാതിരുന്നതിന്റെ ദോഷങ്ങളെന്തെന്ന് നാം നോട്ടു നിരോധന സമയത്ത് തിരിച്ചറിഞ്ഞതാണ്. പ്രാഥമിക സഹകരണ സംഘങ്ങളിലെ അക്കൗണ്ടുകളുടെ മിറർ അക്കൗണ്ട് കേരള ബാങ്കിൽ സൃഷ്ടിക്കുന്നതോടെ അതിനൂതനമായ ബാങ്കിംഗ് സേവനങ്ങൾ സഹകരണ മേഖലയിലെ ഉപഭോക്താക്കൾക്കെല്ലാം ഉറപ്പുവരുത്താനാകും. കേരളവികസന ചരിത്രം പരിശോധിച്ചാൽ ഇവിടുത്തെ പ്ലാന്റേഷനുകളുടെയും വ്യവസായങ്ങളുടെയും വളർച്ചയിൽ പ്രാദേശിക ബാങ്കുകൾ വഹിച്ചിട്ടുള്ള പങ്ക് വ്യക്തമാകും. എന്നാൽ നമ്മുടെ സംസ്ഥാനവുമായി ജൈവബന്ധവുള്ള ബാങ്കുകളെല്ലാം പുറത്തുള്ളവർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. പലതും മറ്റു ബാങ്കുകളുമായി സംയോജിപ്പിച്ചിരിക്കുകയുമാണ്. ഇത് വലിയൊരു ധനകാര്യ വിടവാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്. കേരള ബാങ്ക് ഇതു നികത്തി വികസനത്തിൽ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കാൻ സഹായിക്കും.

(ഇരുപത്) വിശപ്പുരഹിത കേരളം

94.        ലോക ഹംഗർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 2014ൽ 55 ആയിരുന്നത് 2018ൽ 103 ആയി താഴ്ന്നിരിക്കുകയാണ്. അങ്ങനെ വിശപ്പുകൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന വെല്ലുവിളി നാമെല്ലാം ഒറ്റക്കെട്ടായി ഏറ്റെടുത്തേ തീരൂ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിൽ നടപ്പാക്കുകയും ചെയ്തു. സർക്കാരിന്റെ സഹായമൊന്നും വാങ്ങാതെതന്നെ ഏതാണ്ട് ആയിരത്തോളം കുടുംബങ്ങൾക്ക് ഒരു വർഷമായി രണ്ടുനേരം ഭക്ഷണം ആലപ്പുഴ ചേർത്തല മണ്ഡലങ്ങളിൽ നൽകിവരികയാണ്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു വർഷമായി ഭക്ഷണപ്പൊതികൾ എത്തിക്കുന്ന അനുഭവവും നമുക്കുണ്ട്. ഓരോ പ്രദേശത്തെയും പട്ടിണിക്കാരെ സംരക്ഷിക്കുന്നതിന് അവിടങ്ങളിലെ ജനകീയ കൂട്ടായ്മകൾക്കു കഴിയും എന്നാണ് ഇതു തെളിയിക്കുന്നത്. ഇതാണ് കേരളത്തിന്റെ വിശപ്പുരഹിത പദ്ധതിയുടെ മാതൃക. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന സന്നദ്ധസംഘടനകൾക്കും സ്ഥാപനങ്ങൾക്കും സിവിൽ സപ്ലൈസ് കോർപറേഷനിൽ നിന്ന് സഹായവിലയ്ക്ക് ഭക്ഷ്യസാമഗ്രികൾ നൽകുന്നതിനുവേണ്ടി 20 കോടി രൂപ വകയിരുത്തുന്നു. ജയിലുകളിൽ നിന്നുള്ള ഭക്ഷ്യകിറ്റുകളുടെ ഉൽപ്പാദനവും ഗണ്യമായി ഉയർത്തും.

(ഇരുപത്തിയൊന്ന്) സ്ത്രീശാക്തീകരണവും കുടുംബശ്രീ ബ്രാൻഡിംഗും

95.        സ്ത്രീകളുടെ അവസ്ഥയിൽ കേരളത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീപദവിയുടെ കാര്യത്തിൽ നാം ഇപ്പോഴും ഏതു സംസ്ഥാനവും പോലെ പിന്നിലാണെന്നാണ് സമകാലീന വിവാദങ്ങൾ കാണിക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സർക്കാരിന്റെ ആദ്യബജറ്റിൽത്തന്നെ ജെൻഡർ ബജറ്റിംഗ് പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബജറ്റിലെ സ്ത്രീ പരിഗണനയിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2016-17 ൽ പൂർണ്ണമായും സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ 4 ശതമാനവും മാത്രമായിരുന്നു. സർ, 2019-20 ലെ ബജറ്റിൽ ഈ തുക 1420 കോടി രൂപയായും പദ്ധതി വിഹിതം 6.1 ശതമാനമായും ഉയർത്തുന്നു. പൊതുവികസന സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകംകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാവിഹിതം 16.85 ശതമാനമാണ്. 2017-18-ൽ ഇത് 11.5 ശതമാനം ആയിരുന്നു. വകയിരുത്തലിലായാലും പരിപാടികളിലെ വൈപുല്യത്തിലായാലും സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും ജനകീയമായ ഇടപെടൽ മേഖല കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വരുമാനദായക പ്രവർത്തനങ്ങളിൽ ഗുണപരമായ മാറ്റം വരുത്തുന്നതിന് 2019-20 ൽ മുൻകൈയെടുക്കും.

96.        സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലെ വികേന്ദ്രീകൃത ഉൽപ്പാദനം വിപണനമേഖലയിൽ വിജയിക്കണമെങ്കിൽ ബ്രാൻഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃതമായ മാർക്കറ്റിംഗ് അനിവാര്യമാണ്. അത്തരമൊരു വിപണനതന്ത്രത്തിന്റെ കുടക്കീഴിലേ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ വിജയിക്കൂ. പ്രളയാനന്തര ജീവനോപാധി വികസനത്തിന്റെ ഭാഗമായി ഇത്തരമൊരു വിപുലമായ തന്ത്രത്തിന് കുടുംബശ്രീ രൂപം നൽകുകയാണ്. താഴെപ്പറയുന്ന 12 ഉൽപ്പന്നങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

1)           ന്യൂട്രിമിക്സ് പോഷകഭക്ഷണം

2)           മാരി കുട

3)           സുഭിക്ഷ നാളികേര ഉൽപന്നങ്ങൾ

4)           ശ്രീ ഗാർമെന്റ്സ്

5)           കേരള ചിക്കൻ

6)           കയർ കേരള

7)           കരകൗശല ഉൽപന്നങ്ങൾ

8)           ഇനംതിരിച്ച തേൻ ബ്രാൻഡുകൾ

9)           ഹെർബൽ സോപ്പുകൾ

10)       കറിപ്പൊടികൾ

11)       ഉണക്കമീൻ

12)       ആദിവാസി ഉൽപന്നങ്ങൾ

97.        ഈ ഉൽപന്നങ്ങളുടെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ഒന്നോ അതിലധികോ ക്ലസ്റ്റർ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. പരിശീലനം നൽകുക, അസംസ്കൃത വസ്തുക്കൾ എത്തിച്ചുകൊടുക്കുക, ഉൽപന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുക, വാങ്ങൽ വില നിർണ്ണയിക്കുക തുടങ്ങിയവയെല്ലാം ക്ലസ്റ്റർ കേന്ദ്രങ്ങളായിരിക്കും തീരുമാനിക്കുക. വിപണനത്തിന് സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, സൂപ്പർമാർക്കറ്റുകൾ, സ്വകാര്യ കച്ചവടക്കാർ എന്നിവർക്കു പുറമെ കുടുംബശ്രീയുടെ 200 ചെറുവിപണന കേന്ദ്രങ്ങളും കുടുംബശ്രീയുടെ ഹോംഷോപ്പ് ശൃംഖലയും സജ്ജമാക്കും. ഇതിനു പുറമേ, മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾക്കെല്ലാംകൂടി സീനിയർ മാർക്കറ്റിംഗ് എക്സിക്യുട്ടീവിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ കീഴിൽ ഒരു മാർക്കറ്റിംഗ് വിംങ് രൂപീകരിക്കും.

98.        കൊച്ചിമെട്രോയുടെയും റെയിൽവേയുടെയും വിവിധ സേവനങ്ങൾ ഏറ്റെടുത്ത് കുടുംബശ്രീ ഇതിനകം സേവനപാടവം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മേഖലയുടെ സാധ്യത മനസ്സിലാക്കി താഴെപ്പറയുന്ന ആറ് പുതിയ സേവന ശൃംഖലകൾ 2019-20 ൽ ആരംഭിക്കും.

1)           2000 ജെറിയാട്രിക് കെയർ പ്രൊഫഷണൽ സ്ത്രീകളെ പരിശീലിപ്പിച്ച് വിന്യസിക്കും.

2)           100 ടേക് എ ബ്രേക്ക് കേന്ദ്രങ്ങൾ വഴിയോരങ്ങളിൽ ഏറ്റെടുക്കും. ഇവിടെ ടോയ്ലറ്റ് സൗകര്യങ്ങളും വിശ്രമ മുറികളും, സ്നാക്ക് കൗണ്ടറുകളും ഉണ്ടായിരിക്കും. പെട്രോൾ പമ്പുകളിൽ ഇതേ മാതൃകയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് പെട്രോൾ കമ്പനികളുമായി കരാറിലേർപ്പെടും.

3)           എല്ലാ സിഡിഎസുകളിലും കെട്ടിട നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങളെ രൂപീകരിക്കും.

4)           എല്ലാ സിഡിഎസുകളിലും ഇലക്ട്രിഫിക്കേഷൻ, പ്ലംബ്ബിംഗ്, ഗാർഹിപോകരണങ്ങളുടെ റിപ്പയർ തുടങ്ങിയ ഏറ്റെടുക്കുവാൻ പ്രാപ്തരായ യൂട്ടിലിറ്റി സേവന സംഘങ്ങൾ രൂപീകരിക്കും.

5)           എല്ലാ സിഡിഎസുകളിലും ഈവന്റ് മാനേജ്മെന്റ് ടീമിന് രൂപം നൽകും. വിശേഷ ആവശ്യങ്ങൾക്ക് ഭക്ഷണം, പാചകം, വിളമ്പൽ, പന്തൽ, ഡെക്കറേഷൻ തുടങ്ങിയവയെല്ലാം ഏറ്റെടുക്കുന്നതിന് ഇവർ പര്യാപ്തരായിരിക്കും.

6)           കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണനകേന്ദ്രങ്ങളായി ഉയർത്തും. വൈവിദ്ധ്യമായ നാടൻ ഇലക്കറികൾക്കു വേണ്ടിയുള്ള കൂളർ ചേംബർ ഈ സ്ഥാപനങ്ങളുടെ പ്രത്യേകതയായിരിക്കും.

99.        മേൽപ്പറഞ്ഞ ഉപജീവന ഇടപെടലുകളിലൂടെ 2019-20 ൽ 25,000 സ്ത്രീകൾക്ക് പ്രതിദിനം 400 600 രൂപ വരുമാനം ലഭിക്കുന്ന സ്ഥായിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2019-20ൽ 65000 അയൽക്കൂട്ടങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടി രൂപ ബാങ്കു വായ്പ ലഭ്യമാക്കും. സർ, കുടുംബശ്രീയ്ക്ക് 258 രൂപ വകയിരുത്തുന്നു. 400 കോടി രൂപ തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്ന് ലഭ്യമാകും. ഇതിനു പുറമെ 315 കോടി രൂപയുടെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്നുമുണ്ട്. അങ്ങനെ മൊത്തം 1000 കോടി രൂപയാണ് കുടുംബശ്രീയുടെ ബജറ്റ്. മൃഗപരിപാലനത്തിനും ചെറുകിട സംരംഭങ്ങൾക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിൽപ്പെട്ട സ്ത്രീസംഘങ്ങൾക്ക് ഒരു പുനരുദ്ധാരണ പദ്ധതി ആവിഷ്കരിക്കുന്നതാണ്. ഇതിലേയ്ക്ക് 20 കോടി രൂപ അധികമായി വകയിരുത്തുന്നു.

(ഇരുപത്തിരണ്ട്) പതിനായിരം പട്ടികവിഭാഗക്കാർക്ക് പ്ലെയ്സ്മെന്റ്

100.    ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ജനസംഖ്യാനുപാതമായി വികസനഫണ്ട് പട്ടികജാതി, പട്ടികവർഗ്ഗങ്ങൾക്ക് ഇന്ന് വകയിരുത്തുന്നില്ല. കേന്ദ്രസർക്കാർ പഞ്ചവത്സരപദ്ധതി വേണ്ടെന്നുവച്ചതോടെ ഇത്തരമൊരു തത്വം തന്നെ അപ്രസക്തമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്ന നിരക്കിൽ പട്ടികജാതി സബ്പ്ലാനിന് പദ്ധതിയുടെ 9.81 ശതമാനവും പട്ടികവർഗ്ഗ സബ്പ്ലാനിന് പദ്ധതിയുടെ 2.83 ശതമാനവും വകയിരുത്തിയിട്ടുണ്ട്. ഈ വർഷത്തെ പദ്ധതിയിൽ പട്ടികവിഭാഗക്കാർക്ക് സംഘടിതമേഖലയിൽ തൊഴിൽ ഉറപ്പു വരുത്തുന്നതിനുള്ള നൂതനമായ ഒരു സ്കീം നടപ്പാക്കുന്നു.

101.    ആധുനിക തൊഴിൽമേഖലകളിലുള്ള പട്ടികവിഭാഗങ്ങളുടെ പങ്കാളിത്തം ആ സമൂഹത്തിന്റെ ഉന്നമനത്തിൽ നിർണായകമാണ്. ആധുനിക കേരള വികസനത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ബോധപൂർവമായ പരിശ്രമം ഉണ്ടാകണം. സ്വകാര്യമേഖലയിൽ സംവരണം ഇല്ല എന്നതാണ് ഇതിനൊരു തടസം. കേരളത്തിൽ ഒട്ടനവധി നൈപുണി പോഷക പരിപാടികളുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായി വിവിധ തൊഴിൽ മേഖലകളിലെ പ്രവണതകൾ പഠിച്ചുകൊണ്ടും വലിയ കോർപ്പറേറ്റുകളുമായി ധാരണയിലത്തിക്കൊണ്ടും അവർക്ക് ആവശ്യമായ നൈപുണികൾ ഉറപ്പുവരുത്തി പ്ലെയ്സ്മെന്റിലൂടെ തൊഴിൽ നൽകുകയാണ് സമീപനം. പതിനായിരം പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് കസ്റ്റമൈസ്ഡ് നൈപുണീ വികസനത്തിലൂടെ സ്വദേശത്തും വിദേശത്തും ആധുനിക വ്യവസായ സേവനമേഖലകളിൽ തൊഴിൽ നൽകുന്നതിനുള്ള ഈ പരിപാടി കോഴിക്കോട്ടെ ക്രസ്റ്റിന്റെയും ഐ.ഐ.എമ്മിന്റെയും ആഭിമുഖ്യത്തിലാകും നടപ്പിലാക്കുക. മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയും ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നതാണ്.

(ഇരുപത്തിമൂന്ന്) സമ്പൂർണ്ണ പാർപ്പിടം

102.    സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനാണ് ലൈഫ് മിഷൻ ശ്രമിക്കുന്നത്. ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവർത്തനമായി ലക്ഷ്യമിട്ട 54,036 അപൂർണ്ണ ഭവനങ്ങളുടെ പൂർത്തീകരണത്തിൽ 93 ശതമാനം ലക്ഷ്യം കൈവരിക്കാനായിട്ടുണ്ട്. രണ്ടാംഘട്ട ലൈഫ് മിഷൻ പ്രവർത്തനമായ ഭൂമിയുള്ള ഭവനരഹിതർക്കുള്ള ഭവനസഹായത്തിനായി പട്ടികപ്പെടുത്തപ്പെട്ടത് 1,84,255 ഗുണഭോക്താക്കളാണ്. ഇവരിൽ ഗ്രാമപഞ്ചായത്തുകളിലുള്ള 79,159 പേരുടെ വീടുനിർമ്മാണം പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയെല്ലാം മാർച്ചുമാസം പകുതിയോടെ പൂർത്തീകരിക്കപ്പെടും. ഹഡ്കോ വായ്പ ലഭ്യമായതിനാൽ ഇതിനാവശ്യമായ പണം ലഭ്യമാണ്. അവശ്യരേഖകളുടെ പരിശോധനയ്ക്കു കൂടുതൽ സമയം വേണ്ടിവന്ന 21,000 ത്തോളം പേരുടെ വീടുകൾ മെയ് പകുതിയോടെ പൂർത്തീകരിക്കപ്പെടും. ഇവയ്ക്കു പുറമേ നഗരപ്രദേശങ്ങളിൽ നിർമ്മാണഘട്ടത്തിലുള്ള 11,200 ഓളം വീടുകളും ഈ ഘട്ടത്തിൽ പൂർത്തീകരിക്കും. 2019-20 വർഷത്തിൽ ഇവയുടെ നിർമ്മാണം ആരംഭിക്കുന്നതാണ്. ലൈഫ് മിഷന്റെ മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതർക്കുള്ള ഭവന സമുച്ചയങ്ങൾക്കായി 1296 കോടി രൂപ വകയിരുത്തുന്നു.

(ഇരുപത്തിനാല്) വിദ്യാഭ്യാസ മികവിലേയ്ക്ക്

103.    ഏറെ അഭിമാനത്തോടെയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന്റെ ചിത്രം ഞാൻ സഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം 2.5 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്നത്. ഇവരിൽ 94 ശതമാനംപേരും മറ്റു വിദ്യാലയങ്ങളിൽ നിന്നും ടി.സി വാങ്ങി വന്നവരാണ്. ഇതിനപ്പുറം എന്ത് അംഗീകാരമാണ് ആഗ്രഹിക്കാനാവുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങളെ നമുക്കു മുന്നോട്ടു കൊണ്ടുപോകണം.

104.    ജനങ്ങളുടെ പ്രതീക്ഷകളെ ഉയർത്തിയ പ്രധാനപ്പെട്ട ഒരു ഘടകം പൊതുവിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ വിപുലീകരണമാണ്. ഇതിനായി കിഫ്ബിയിൽ നിന്നും 2037.91 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബി ധനസഹായം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ പശ്ചാത്തലസൗകര്യ വികസനത്തിന് 170 കോടി രൂപ വകയിരുത്തുന്നു. എയ്ഡഡ് സ്കൂളുകൾക്കുള്ള മാച്ചിംഗ് ഗ്രാന്റ് പദ്ധതി ഈ വർഷവും തുടരും. 4,775 സ്കൂളുകളിലായി 8 മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ ഹൈടെക്കായി. 9941 പ്രൈമറി/അപ്പർ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനു വേണ്ടിയുള്ള 292 കോടി രൂപ കിഫ്ബി അനുവദിച്ചു കഴിഞ്ഞു. ഹയർ സെക്കണ്ടറിക്ക് അടിസ്ഥാന സൗകര്യവിപുലീകരണത്തിനുള്ള 80 കോടിയിൽ സിംഹപങ്കും ലബോട്ടറികൾക്കും ലൈബ്രറികൾക്കുമായി മാറ്റിവയ്ക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ ലോബറട്ടറിയും ലൈബ്രറിയും സംയോജിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. നിലവിലുള്ള ബജറ്റിൽ നിന്നുതന്നെ സ്കൂളുകളിലെ ഫർണീച്ചറുകൾ നവീകരിക്കുന്നതിനുള്ള ഒരു സ്കീമിന് രൂപം നൽകുന്നതാണ്. സ്വന്തം സ്ഥലമില്ലാത്തതോ അത് അപര്യാപ്തമോ ആയ ചില സ്കൂളുകളുണ്ട്. അവയ്ക്ക് അനിവാര്യമായ അധികഭൂമി വാങ്ങുന്നതിനും ഒരു സ്കീം തയ്യാറാക്കുന്നതാണ്. മാനദണ്ഡപ്രകാരമുള്ള അധ്യാപക തസ്തികകൾ സൃഷ്ടിക്കും. സർ, ഇതുവരെ 3,656 തസ്തികകളാണ് വിദ്യാഭ്യാസ മേഖലയിൽ പുതിയതായി ഈ സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്.

105.    അക്കാദമിക് നിലവാരം ഉയർത്തുന്നതിനു വേണ്ടിയുള്ള മാസ്റ്റർപ്ലാനും പ്രവർത്തനങ്ങളും കഴിഞ്ഞ ബജറ്റിൽ വിശദമായി സംസാരിച്ചിട്ടുണ്ട്. ആ സ്കീമുകളെല്ലാം തുടരും. ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന പുതിയ രണ്ട് സമീപനങ്ങളെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്നത്തെ അധ്യാപക പരിശീലന പരിപാടികൾ തുടരും. പക്ഷെ, അധ്യാപക പരിശീലനത്തിൽ നിന്നും അധ്യാപക പരിവർത്തനം എന്ന സമീപത്തിലേയ്ക്ക് നാം നീങ്ങേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടുകൂടി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന റെസിഡന്റ്ഷ്യൽ അധ്യാപക കോഴ്സുകൾ ആരംഭിക്കുന്നതാണ്. അടുത്ത അഞ്ചു വർഷംകൊണ്ട് മുഴുവൻ അധ്യാപകരും ഈ മൂശയിലൂടെ കടന്നുപോകും. രണ്ടാമത്തേത്, തൊഴിൽ പരിശീലനം സംബന്ധിച്ചാണ്. ഇതിനുവേണ്ടി ഉണ്ടാക്കിയ ദേശീയ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്റെ അനുഭവം നിരാശകരമാണ്. പക്ഷെ നമ്മുടെ സംസ്ഥാനത്തിന് ഇതിൽ നിന്നും മാറിനിൽക്കാനാവില്ല. നമ്മുടെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ ഇന്നത്തെ രീതിയിൽ നിലനിർത്താനാവില്ല. ഹയർ സെക്കൻഡറിയിലും തൊഴിൽ പരിശീലനം വേണം. ഇക്കാര്യത്തിൽ കേരളത്തിന്റേതായ ഒരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുകയാണ്. കരാറടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളല്ല, മറിച്ച് നമ്മുടെ സാങ്കേതിക ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ സന്നദ്ധ സാങ്കേതിക വിദഗ്ധർ നേതൃത്വം നൽകുന്ന സ്കൂൾ വർക്ക്ഷോപ്പുകളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. ഇതിനു പുറമേ, പുറത്തുള്ള തൊഴിൽ പരിശീലനവും വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളും അധ്യാപക പരിശീലനവും ഉണ്ടാകും. ഇവയ്ക്കെല്ലാമായി 15 കോടി രൂപ വകയിരുത്തുന്നു.

106.    സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ഊന്നലുകളിലൊന്ന് അക്കാദമിക മികവിന്റെ ഉന്നമനമാണ്. 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലെ അക്കാദമിക മികവിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രായോഗിക ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം കുട്ടികൾക്ക് പകർന്നു നൽകുന്നതിനുള്ള പ്രാപ്തി അധ്യാപകർക്ക് കൈവരിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടി ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ശ്രദ്ധ എന്ന പേരിൽ പരിഹാരബോധന പരിപാടിക്കായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഗണിതത്തിൽ മിനിമം പഠനനിലവാരം കൈവരിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പരിഹാരബോധന പരിപാടികൾക്ക് ശ്രദ്ധയിൽ പ്രത്യേക ഊന്നൽ നൽകുന്നതാണ്. ഇതിനുപുറമേ സ്കൂളിനു പുറത്ത് പിന്നാക്ക മേഖലകളിൽ ഒരു പഠന പിന്തുണ പരിപാടി പുതിയതായി ആവിഷ്കരിച്ചിട്ടുണ്ട്.

107.    അനുബന്ധ വിദ്യാഭ്യാസ പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം ഈ വർഷത്തെ ബജറ്റിൽ നൽകുന്നുണ്ട്. അറുപതാം വാർഷിക ഫെലോഷിപ്പ് വാങ്ങുന്ന കലാകാരൻമാരെ ബന്ധപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അവധി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന കലാകേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്. ഇതിനായി ഇത്തരത്തിലുള്ള ആർട്സ്, സ്പോർട്സ് പാർക്കുകൾക്ക് 7 കോടി രൂപ വകയിരുത്തുന്നു. സ്കൂൾ കലോത്സവത്തിന് 6.5 കോടി രൂപ വകയിരുത്തുന്നു.

(ഇരുപത്തിയഞ്ച്) സാർവ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി

108.    കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതു നടപ്പാക്കാനായിട്ടില്ല. കാരണം, കേന്ദ്രബജറ്റിൽ അഞ്ചുലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് അതിന്റെ മാനദണ്ഡങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഈ സ്കീമിന്റെ വിശദാംശങ്ങൾ ഒക്ടോബർ മാസത്തിൽ പുറത്തുവന്നപ്പോൾ മല എലിയെ പ്രസവിച്ച മട്ടിലായി. മുപ്പതിനായിരം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആർഎസ്ബിവൈയ്ക്ക് ഒരാൾക്ക് പ്രീമിയമായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ളത് 1250 രൂപ വീതമാണ്. അതേസമയം, അഞ്ചു ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഇൻഷ്വറൻസ് പ്രീമിയമായി നൽകുന്നത് 1100 രൂപ മാത്രവും. മാത്രമല്ല, ഇതിന്റെ 60 ശതമാനമേ കേന്ദ്രസർക്കാർ തരൂ. അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യങ്ങൾക്ക് എണ്ണായിരത്തിലധികം രൂപയുടെ പ്രീമിയം വരും എന്നാണ് മതിപ്പ്. ഇപ്പോൾ ആർഎസ്ബിവൈ സ്കീമിൽ 42 ലക്ഷം പേരുണ്ട്. ആയുഷ്മാൻ ഭാരതിലാകട്ടെ 18 ലക്ഷം കൂടുംബങ്ങൾക്കു മാത്രമേ കേന്ദ്രസർക്കാർ സഹായം നൽകൂ. നമുക്ക് ഏതാണ്ട് 800-1000 കോടി രൂപ ചെലവു വരുമ്പോൾ കേന്ദ്രത്തിൽ നിന്നു ലഭിക്കുക, 100 കോടിയിൽ താഴെ. സാമ്പത്തികഭാരം മുഴുവൻ സംസ്ഥാനത്തിനും ക്രെഡിറ്റു മുഴുവൻ കേന്ദ്രത്തിനും എന്നതാണ് സ്ഥിതി.

109.    കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയ്ക്ക് നാലു ഭാഗങ്ങളുണ്ട്. ഒന്നാമത്തേത്, ഇന്ത്യയിലേയ്ക്ക് ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല. ഇവയിൽ 150 ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. അടുത്തഘട്ടമായി 200 ആശുപത്രികൾകൂടി ഈ പദവിയിലേയ്ക്ക് ഉയർത്തുകയാണ്. പടിപടിയായി മുഴുവൻ പ്രാഥമിക കേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. അങ്ങനെ അസ്താന ആഗോള ആരോഗ്യ സമ്മേളനത്തിന്റെ പ്രാഥമികാരോഗ്യ സേവനത്തെക്കുറിച്ചുള്ള പ്രഖ്യാപനം പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കുന്ന ഒരു പ്രദേശമായി കേരളം മാറുകയാണ്. കുടുംബാരോഗ്യ ആശുപത്രികളിൽ മൂന്നു ഡോക്ടർമാരും അതിന് അനുബന്ധമായ മറ്റ് പാരാമെഡിക്കൽ സ്റ്റാഫുമുണ്ടാകും. ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാർമസിയും ഉണ്ടാകും. ഈ സംവിധാനം സാർവത്രികമാകുന്നതോടെ ദ്വിതീയ ത്രിതീയ ആശുപത്രികളിലേയ്ക്കുള്ള തിരക്കു കുറയും. ഈ ആശുപത്രികളുടെ ആധുനികവത്കരണമാണ് രണ്ടാംതലം. എല്ലാ മെഡിക്കൽ കോളജിലും ഓങ്കോളജി, എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയോളജി, എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയർ സെന്ററുകളും ഡയാലിസിസ് സൗകര്യങ്ങളും എന്നതാണ് നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ ഡോക്ടർമാരെയും നെഴ്സുമാരെയും നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സർ, ഇതുവരെ 4,217 തസ്തികകളാണ് ആരോഗ്യ മേഖലയിൽ പുതിയതായി ഈ സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. ജീവിതശൈലീരോഗങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതു ആരോഗ്യസംവിധാനത്തെ പര്യാപ്തമാക്കലാണ് ഈ ഇടപെടലിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെക്കൂടി ദ്വിതീയ ത്രിതീയ ആരോഗ്യസേവനങ്ങളിൽ പങ്കാളികളാക്കുന്നതിന് സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, ന്യായമായ നിരക്കിൽ ഈ സേവനങ്ങൾ ലഭ്യമാക്കണം. ഇതിനു തയ്യാറാകുന്ന സ്വകാര്യ ആശുപത്രികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാർവത്രിക ആരോഗ്യ ഇൻഷ്വറൻസാണ് മൂന്നാംതലം.

110.    ഇൻഷ്വർ ചെയ്യപ്പെടുന്ന മുഴുവൻ കുടുംബങ്ങളിലെ അംഗങ്ങൾക്കും ഒരു ലക്ഷം രൂപയുടെ വരെ ചികിത്സ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് നേരിട്ടു നൽകുന്നതാണ്. ഇതിനു മുകളിൽ ചെലവു വരുന്ന ജീവിതശൈലീരോഗങ്ങളായ കാൻസർ, ഹൃദ്രോഗം തുടങ്ങിയവയുടെ നിർണയിക്കപ്പെട്ട ആരോഗ്യനടപടികൾക്ക് പരമാവധി അഞ്ചുലക്ഷം രൂപ വരെയുള്ള ചെലവ് ബന്ധപ്പെട്ട ആശുപത്രികൾക്ക് സർക്കാരിൽ നിന്ന് നേരിട്ടു നൽകും. ഇൻഷ്വറൻസ് എടുക്കുന്ന മുഴുവൻ ആളുകൾക്കും ഇതിനുള്ള അവകാശമുണ്ടാകും. ചുരുക്കത്തിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന ആർഎസ്ബിവൈയും കാരുണ്യ പദ്ധതിയും സംയോജിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള മറ്റു സമാന പദ്ധതികളും ഇതുമായി സംയോജിപ്പിക്കും. 42 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ അടയ്ക്കും. പത്തുലക്ഷത്തിൽപ്പരം ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും അവരുടേതായ ആരോഗ്യ ഇൻഷ്വറൻസ് ഉണ്ട്. ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്ന പത്തുലക്ഷം കുടുംബങ്ങളുണ്ട്. ഇതു കഴിഞ്ഞാൽ ബാക്കിവരുന്ന 20 ലക്ഷം പേർക്ക് സ്വന്തം പ്രീമിയമടച്ച് ഈ ഇൻഷ്വറൻസ് കം അഷ്വറൻസ് പദ്ധതിയിൽ പങ്കുചേരുന്നതിന് അവകാശമുണ്ട്. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ ഉറപ്പുനൽകുന്ന ഒരു സാർവത്രിക പദ്ധതിയാണിത്.

111.    സർ, ഇൻഷ്വറൻസ് സ്കീമിനുള്ള ടെൻഡർ നടപടികളിലേയ്ക്കു കടക്കുകയാണ്. മെയ് മാസത്തോടെ പുതിയ പദ്ധതി നിലവിൽവരും. കേരള ഭാഗ്യക്കുറിയിൽനിന്നുള്ള വരുമാനം പൂർണമായും ഇതിനായി നീക്കിവെയ്ക്കുകയാണ്. സർ, ആർഎസ്ബിവൈ പദ്ധതിയുടെ ഇൻഷ്വറൻസ് ആനുകൂല്യത്തിൽ എൺപതു ശതമാനവും പൊതു ആശുപത്രികൾക്കാണ് ലഭിച്ചിരുന്നത്. ഈ തോത് കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലും ഉറപ്പുവരുത്തുന്നതിന് ഉതകുന്ന നവീകരണം നമ്മുടെ ദ്വിതീയ, ത്രിതീയ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

112.    സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതിയുടെ നാലാമത്തെ തലം ജനകീയ ഇടപെടലാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗാതുരത മോണിറ്റർ ചെയ്യുന്നതിനും ജനകീയ പങ്കാളിത്തം അനിവാര്യമാണ്. സബ്സെന്ററുകൾ, അവയോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശാപ്രവർത്തകർ എന്നിവരുടെ വിപുലമായ ഒരു ആരോഗ്യസേന ഓരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും ഇതിന്റെ ചുമതലയേറ്റെടുക്കണം. ഇതാണ് ആർദ്രം മിഷന്റെ മർമ്മം. ആശാ പ്രവർത്തകരുടെ ഹോണറേറിയം 500 രൂപ വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രോഗം വന്നാൽ ചികിത്സ, ചികിത്സ കൊണ്ടു ഫലമില്ലെങ്കിൽ സാന്ത്വന പരിചരണം, ഇതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. സാന്ത്വന പരിചരണ ശൃംഖലകൾ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളോടു ബന്ധപ്പെടുത്തി ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ സ്വീകരിക്കും.

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)

113.    കേരളത്തെ മാറ്റിമറിക്കാൻ പോകുന്ന ഏതാണ്ടെല്ലാ പദ്ധതികളിലും കിഫ്ബിയുടെ കൈയ്യൊപ്പ് കാണാം. കിഫ്ബി അംഗീകരിച്ച 30,000 കോടി രൂപയുടെ പദ്ധതികൾ പ്രവർത്തനപഥത്തിലേയ്ക്ക് നീങ്ങുന്ന വർഷമായിരിക്കും 2019-20. പതിനായിരം കോടി രൂപയാണ് ബില്ലുകൾക്ക് നൽകേണ്ടി വരികയെന്നാണ് കണക്കാക്കിയിട്ടുള്ളത്.

114.    സർക്കാരിന്റെ ഭാവി വരുമാനത്തിന്റെ ചെറിയൊരു പങ്ക് വർഷംതോറും കിഫ്ബിക്ക് ഗ്രാന്റായി നൽകിക്കൊണ്ട് നാടിന്റെ പശ്ചാത്തലസൗകര്യ വികസനം ഇന്നുതന്നെ സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് നാം നേടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ ലൈഫ് പദ്ധതിയിൽ വായ്പയെടുക്കുന്നതുപോലെ ഭാവി വരുമാന ഒഴുക്കിനെ ഇന്ന് സെക്യുരിറ്റൈസ് ചെയ്യുക മാത്രമാണ് കിഫ്ബി ചെയ്യുന്നത്. ഇതിന്റെ നേട്ടം പലതാണ്. ഒന്ന്, ഇരുപതോ ഇരുപത്തിയഞ്ചോ വർഷം കാത്തുനിൽക്കാതെ അന്ത്യന്താപേക്ഷിതമായ പശ്ചാത്തലസൗകര്യം ഇന്നു തന്നെ സൃഷ്ടിക്കാൻ കഴിയും. ഒരു തലമുറയ്ക്കുകൂടി ആ സൗഭാഗ്യങ്ങൾ ലഭ്യമാകും. രണ്ട്, ഇന്നു നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞു നടത്തുമ്പോൾ നിർമ്മാണ ചെലവിൽ ഉണ്ടാകാവുന്ന വർദ്ധനയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് എടുക്കുന്ന വായ്പകൾക്ക് നൽകേണ്ടുന്ന പലിശ ഈ ചെലവു വർദ്ധനയേക്കാൾ എത്രയോ ചെറുതായിരിക്കും.

115.    സർ, 41,326 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അനുവാദം നൽകിയിട്ടുള്ളത്. 2016-17 ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ 64 ശതമാനത്തിനും 2017-18 ലെ പദ്ധതികളിൽ 74 ശതമാനത്തിനും വിശദമായ പരിശോധനകൾക്കുശേഷം അനുമതി നൽകിക്കഴിഞ്ഞു. ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ 48.6 ശതമാനം പദ്ധതികൾ ടെണ്ടർ ചെയ്യപ്പെട്ടു കഴിഞ്ഞു. ടെണ്ടർ ചെയ്യപ്പെട്ട പദ്ധതികളിൽ 79 ശതമാനവും കരാറിലേർപ്പെട്ട് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ പശ്ചാത്തലസൗകര്യ നിർമ്മാണത്തിലെ റെക്കോർഡാണ് ഇതെന്ന് പറയുവാൻ അതിയായ സന്തോഷമുണ്ട്. റോഡുകളും പാലങ്ങളും മാത്രമല്ല, ആശുപത്രികളുടെയും സ്കൂളുകളുടെയും പശ്ചാത്തലസൗകര്യ സൃഷ്ടിയിലും കിഫ്ബി വലിയ കുതിച്ചുചാട്ടമാണ് സൃഷ്ടിക്കുന്നത്. ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്നതിൽ നിന്നും അധികമായി 13,578 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേകമായി കിഫ്ബി അനുവാദം നൽകിയിട്ടുണ്ട്. പ്രധാനമായും വിവിധതരം വ്യവസായ പാർക്കുകളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

116.    സർ, 25 ഇന പരിപാടികൾ വിശദീകരിച്ചപ്പോൾ അവ ഓരോന്നിലും കിഫ്ബിയുടെ പങ്ക് പരാമർശിച്ചു കഴിഞ്ഞതുകൊണ്ട് ഞാൻ ഈ ഘട്ടത്തിൽ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.

 

III

വികസന മേഖലകൾ

^^

ഉള്ളടക്കം

 

117.    സർ, നാം ഇതുവരെ ചർച്ച ചെയ്ത പദ്ധതികളിൽ നല്ല പങ്കും സംയോജിത പരിപാടികളാണ്. അവയാണ് ഈ ബജറ്റിന്റെ കാതൽ. വളരെ ഹ്രസ്വമായി വിവിധ വികസന മേഖലകൾ വേർതിരിച്ച് ഒരു ഓട്ടപ്രദക്ഷിണം നടത്താൻ ഞാൻ തയ്യാറാവുകയാണ്. ആദ്യം തൊഴിൽ മേഖലകൾ

കൃഷി

118.    സർ, പ്രളയക്കെടുതിയിൽ നിന്നും കൃഷിക്ക് പുനർജന്മം നൽകാൻ 2500 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കും. ഇതിൽ 770 കോടി രൂപ പദ്ധതിയിൽ നിന്നാണ്. 282 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും ലഭ്യമാകും. 200 കോടി രൂപയെങ്കിലും വിദേശ ധനസഹായ പദ്ധതികളിൽ നിന്നും പ്രതീക്ഷിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽനിന്ന് 1000 കോടി രൂപയെങ്കിലും കൃഷിക്കായി നീക്കിവെയ്ക്കും. അങ്ങനെ മൊത്തം 2500 കോടി രൂപ.

119.    167 കോടി രൂപ ഭക്ഷ്യവിളകൾക്കായി വകയിരുത്തുന്നു. അട്ടപ്പാടിയിൽ റാഗി, ചാമ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നത് വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഈ സ്കീം വ്യാപിപ്പിക്കും.

120.    പച്ചക്കറിക്ക് 71 കോടി രൂപ വകയിരുത്തുന്നു. ഏറ്റവും നല്ല എ ഗ്രേഡ് ക്ലസ്റ്ററുകൾക്ക് പ്രത്യേക ധനസഹായം നൽകും. ബ്ലോക്ക്തലങ്ങളിൽ ക്ലസ്റ്ററുകളെ ഏകോപിപ്പിക്കുന്നതിനു ബ്ലോക്ക്തല ഫെഡറേഷനുകൾ രൂപീകരിക്കുന്നതാണ്. പച്ചക്കറി പ്രൊഡ്യൂസർ കമ്പനികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഇർമ പ്രൊഫഷണലുകളെ നിയോഗിക്കുന്നതാണ്.

121.    മണ്ണിന്റെ സ്വഭാവവും ഫലഭൂയിഷ്ടതയും പ്രളയം കീഴ്മേൽ മറിച്ചിട്ടുണ്ട്. മണ്ണിന്റെ സൂക്ഷ്മഗുണങ്ങൾ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡുകൾ നൽകുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി 29 കോടി രൂപ വകയിരുത്തുന്നു. ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും ലഭ്യമാക്കുന്നതിന് 25 കോടി രൂപയും എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയും ആഗ്രോ സർവ്വീസ് സെന്ററുകൾക്ക് 25 കോടി രൂപയും വകയിരുത്തുന്നു.

122.    കീടനാശിനി പ്രയോഗം ശാസ്ത്രീയമാക്കി കർശനനിയന്ത്രണങ്ങൾക്ക് വിധേയമാക്കും. കുരുമുളക്, ജാതി, ഏലം, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവിളകൾക്ക് മൊത്തത്തിൽ 10 കോടി രൂപ വകയിരുത്തുന്നു. ഫലവൃക്ഷകൃഷി പ്രോത്സാഹത്തിന് 6 കോടി രൂപയും പൂകൃഷിക്ക് 5 കോടി രൂപയും വകയിരുത്തുന്നു.

123.    സംസ്ഥാന ക്രോപ്പ് ഇൻഷ്വറൻസ് സ്കീം നടപ്പാക്കുന്നതിന് 20 കോടി രൂപയും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് 7.5 കോടി രൂപയും വകയിരുത്തുന്നു.

124.    മാർക്കറ്റിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് 42 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 20 കോടി രൂപ താങ്ങുവിലയ്ക്കു വേണ്ടിയുള്ളതാണ്. കൃഷിയുടെ മൂല്യവർദ്ധിത സംസ്കരണ പ്രോത്സാഹനത്തിന് 19 കോടി രൂപ വകയിരുത്തുന്നു. കേരള ആഗ്രോ ബിസിനസ് കമ്പനിയുടെ പ്രവർത്തനം ഈ വർഷം ആരംഭിക്കും. കോൾഡ് ചെയിനു പുറമേ സീറോ എനർജി കൂൾ ചേംബറുകളുടെ ശ്രംഖലയെയും പ്രോത്സാഹിപ്പിക്കും.

125.    മണ്ണ്-ജല സംരക്ഷണത്തിന് 120 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 48 കോടി രൂപ നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ളതാണ്. മണ്ഡലാടിസ്ഥാനത്തിൽ ഏറ്റവും മാതൃകാപരമായ നീർത്തട വികസന പരിപാടി തളിപ്പറമ്പിലും കാട്ടാക്കടയിലുമാണ്. ഇതുപോലുള്ള പദ്ധതികൾക്ക് പ്രത്യേക ധനസഹായം നൽകുന്നതാണ്. ഉരുൾപൊട്ടൽ പ്രദേശങ്ങളെ ബലപ്പെടുത്തുന്നതിന് 5 കോടി രൂപ നീക്കിവയ്ക്കുന്നു. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് ആർ.ഐ.ഡി.എഫിൽ നിന്നും വകയിരുത്തിയിട്ടുള്ള 56 കോടി രൂപ തൃശ്ശൂർ, പൊന്നാനി കോൾ നിലങ്ങളുടെയും പാലക്കാട് കൃഷി നിലങ്ങളുടെയും വികസനത്തിനാണ്.

126.    കാർഷിക സർവ്വകലാശാലയ്ക്ക് 83 കോടി രൂപ വകയിരുത്തുന്നു.

മൃഗപരിപാലനം

127.    മൃഗപരിപാലന മേഖലയ്ക്ക് ആകെ 450 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതിൽ 108 കോടി രൂപ ഡയറി ഡിപ്പാർട്ട്മെന്റിനാണ്. ഏതാണ്ട് 100 കോടിയിൽപ്പരം രൂപ ക്രോസ് ബ്രീഡിംഗ് എക്സ്ടെൻഷൻ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 60 കോടി രൂപയുണ്ട്. സഹകരണ സംഘങ്ങൾക്ക് ധനസഹായമായി 29 കോടി രൂപ വകയിരുത്തുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഡയറി പ്രോത്സാഹനത്തിനും കാലിത്തൊഴുത്ത് വികസന പ്രവർത്തനങ്ങൾക്കും 50 കോടി രൂപ വകയിരുത്തുന്നു. 27 കോടി രൂപ കേരള ഫീഡ്സിനും കാലിത്തീറ്റ സബ്സിഡിക്കും പുൽകൃഷിക്കുമുണ്ട്. വെറ്ററിനറി സർവ്വകലാശാലയ്ക്ക് 75 കോടി രൂപ വകയിരുത്തുന്നു.

ഉൾനാടൻ മത്സ്യമേഖല

128.    ഏറ്റവും വലിയ വികസന സാധ്യതകളുള്ള ഒരു മേഖലയാണ് ഉൾനാടൻ മത്സ്യകൃഷി. 109 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണത്തിനും സ്വകാര്യ അക്വാകൾച്ചർ പ്രോത്സാഹനത്തിനും പ്രത്യേകം പരിപാടികളുണ്ട്. കക്ക സഹകരണ സംഘങ്ങൾക്കായി 3 കോടി രൂപ അധികമായി വകയിരുത്തുന്നു.

129.    ഫിഷറീസ് സർവ്വകലാശാലയ്ക്ക് 41 കോടി രൂപ വകയിരുത്തുന്നു.

കശുവണ്ടി

130.    സർ, കശുവണ്ടി മേഖലയിലെ ഭൂരിപക്ഷം വ്യവസായസ്ഥാപനങ്ങളും നഷ്ടംമൂലം കടക്കെണിയിലായി തകർച്ചയും ജപ്തിയും നേരിടുകയാണ്. ഈ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം. പൂട്ടിക്കിടക്കുന്ന സ്വകാര്യഫാക്ടറികൾ തുറപ്പിക്കുന്നതിന് സർക്കാർ ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കടബാധ്യതകൾ റീ സ്ട്രക്ചർ ചെയ്യുകയാണ് ഏറ്റവും പ്രധാനം. ദൗർഭാഗ്യവശാൽ റിസർവ് ബാങ്കും വാണിജ്യബാങ്കുകളും ഇതിന് അനുകൂലമല്ല. ഇന്നത്തെ സ്ഥിതിയിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കലല്ല, റീസ്ട്രക്ചറിംഗ് ആണ് വേണ്ടത്. ഇങ്ങനെ പുനക്രമീകരിക്കുന്ന വായ്പകളുടെ പലിശ ഒരു വർഷത്തേയ്ക്ക് സർക്കാർ ഏറ്റെടുക്കും എന്നു ഞാൻ വ്യക്തമാക്കുന്നു. ഇതിനായി 25 കോടി അധികമായി നീക്കിവെയ്ക്കുന്നു.

131.    ന്യായമായ വിലയ്ക്ക് തോട്ടണ്ടി ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇടത്തട്ടുകാരെ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിക്കാരിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ നേരിട്ടു കശുവണ്ടി വാങ്ങുന്നതിന് നമുക്ക് കഴിയണം. ഈ ലക്ഷ്യത്തോടെയാണ് കാഷ്യൂ ബോർഡ് രൂപീകരിച്ചിട്ടുള്ളത്. വേണ്ടത്ര പ്രവർത്തനമൂലധനമില്ലാത്തതാണ് മുഖ്യപ്രതിബന്ധം. കാഷ്യൂ ബോർഡിന് 30 കോടി രൂപ വകയിരുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രമല്ല, സ്വകാര്യമേഖലയ്ക്കും ഈ സീസണിൽ ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കുന്നതിന് കാഷ്യൂ ബോർഡിനു കഴിയണം. ഇതിനായി സർക്കാർ ഗ്യാരണ്ടിയിൽ 250 കോടി രൂപയുടെ വായ്പ സഹകരണബാങ്കുകളിൽനിന്ന് കാഷ്യൂ ബോർഡിന് ലഭ്യമാക്കും. എസ്ക്രൂ അക്കൗണ്ട് പ്രകാരം തോട്ടണ്ടിയെടുക്കാൻ തയ്യാറുള്ള സ്ഥാപനങ്ങൾക്കേ തോട്ടണ്ടി ക്രെഡിറ്റിൽ ലഭ്യമാക്കൂ. കാഷ്യൂ ബോർഡിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ഈ നിബന്ധന കർശനമായി പാലിക്കണം.

132.    ഇതോടൊപ്പം കശുവണ്ടി കോർപറേഷനും കാപ്പെക്സും ആധുനീകരിക്കുകയും ഉൽപന്നങ്ങളെ ബ്രാൻഡ് ചെയ്തു വിൽക്കുകയും വേണം. ഇതിനായി 19 കോടി രൂപ വകയിരുത്തുന്നു. കേരളത്തിലെ ആഭ്യന്തര കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തും. ഇതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾക്കായി ആർകെവിവൈ ഫണ്ട് അടക്കം 8 കോടി രൂപ വകയിരുത്തുന്നു.

കയർ

133.    കയർ വ്യവസായത്തിന് 142 കോടി രൂപ വകയിരുത്തുന്നു. ഇതിനുപുറമെ എൻസിഡിസിയിൽ നിന്ന് 89 കോടി രൂപയും വ്യവസായ പുനഃസംഘടനയ്ക്കു ലഭ്യമാക്കും. മൊത്തം തുകയുടെ പകുതിയിലേറെ യന്ത്രവത്കരണത്തിനാണ്. യന്ത്രവത്കരണ മേഖലയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തൊഴിലാളികളുടെ ഉൽപന്നങ്ങൾ സബ്സിഡി നൽകി സംഭരിക്കുന്നതിന് പ്രൈസ് ഫ്ലക്ച്വുവേഷൻ ഫണ്ടിലേയ്ക്ക് 45 കോടി രൂപ നീക്കിവെയ്ക്കുന്നു. നടുപ്പുണ്ണി, മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുടെ സ്ഥലം ചകിരിച്ചോറ് ബ്രിക്കറ്റിംഗിനായി ഏറ്റെടുക്കും.

കൈത്തറി

134.    കൈത്തറി വ്യവസായത്തിന്റെ അഭിവൃദ്ധിയ്ക്ക് നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട സ്കീം സ്കൂൾ യൂണിഫോം പദ്ധതിയാണ്. യൂണിഫോം നെയ്യാൻ തയ്യാറുള്ള മുഴുവൻ കൈത്തറിക്കാർക്കും പൂർണ തൊഴിൽ ഇതിലൂടെ ലഭ്യമാകും. 170 കോടി രൂപയാണ് ഈ വർഷം ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. കൈത്തറി, പവർലൂം മേഖലയ്ക്ക് 56 കോടി രൂപ വകയിരുത്തുന്നു. ടെക്സ്ഫെഡിനു കീഴിലുള്ള എട്ട് മില്ലുകൾക്കായി 25 കോടി രൂപ വകയിരുത്തുന്നു.

ഖാദി ഗ്രാമവ്യവസായം

135.    ഖാദി വ്യവസായത്തിന് 14 കോടി രൂപ വകയിരുത്തുന്നു. കേരളത്തിൽ വിൽക്കുന്ന ഖാദിത്തുണിയുടെ 30 ശതമാനം സിൽക്കാണ്. ഈ പശ്ചാത്തലത്തിൽ ഖാദി സിൽക്ക് നെയ്ത്തു പദ്ധതിയ്ക്കുവേണ്ടി 50 ലക്ഷം രൂപ വകയിരുത്തുന്നു.

ഹാൻഡി ക്രാഫ്റ്റ്സ്

136.    ഹാൻഡി ക്രാഫ്റ്റ് വികസന സ്കീമുകൾക്കായി 3.5 കോടി രൂപ വകയിരുത്തുന്നു. മുള വെച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സ്കീം ആരംഭിക്കുകയാണ്. കേന്ദ്രവിഹിതമടക്കം 2 കോടി രൂപയാണ് ലഭിക്കുക.

വിവരസാങ്കേതികവിദ്യ മേഖല

137.    ഐടി മേഖലയുടെ മൊത്തം അടങ്കൽ 574 കോടി രൂപയാണ്. ഇതിൽ നോഡൽ ഏജൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 139 കോടി രൂപ വകയിരുത്തുന്നു. രാജ്യത്തെ ഏറ്റവും വിപുലമായ ഐ.ടി ഭരണ സംവിധാനമുള്ള സംവിധാനങ്ങളിലൊന്ന് കേരളമാണ്. കേരളത്തിൽ ഇ-ഗവേണൻസിനെ ജനങ്ങളുമായി ബന്ധിപ്പിച്ച അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് തുടങ്ങിയവയുടെ പുതിയ പതിപ്പുകൾ ഉണ്ടാക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെ എല്ലാവിധ സർക്കാർ സേവനങ്ങളെയും ഏകോപിപ്പിക്കുന്നതിനും ആധാർ എനേബിൾഡ് സേവനങ്ങൾക്കുമുള്ള സ്കീമുകളാണ് പുതിയ പദ്ധതികൾ.

138.    ടെക്നോപാർക്ക്, ടെക്നോസിറ്റി, ടെക്നോപാർക്ക് (കൊല്ലം), ഇൻഫോപാർക്ക് (കൊച്ചി), തൃശ്ശൂർ, ചേർത്തല എന്നിവയ്ക്ക് 84 കോടി രൂപ വകയിരുത്തുന്നു. ചേർത്തല ഇൻഫോപാർക്കിൽ സ്ത്രീകൾക്ക് ഹോസ്റ്റലും വ്യായാമകേന്ദ്രവും നിർമ്മിക്കുന്നതിന് 10 കോടി പ്രത്യേകമായി വകയിരുത്തുന്നു. കോഴിക്കോട് സൈബർ പാർക്കിന് 23 കോടി രൂപ വകയിരുത്തുന്നു. ഐ.ടി പശ്ചാത്തല സൗകര്യങ്ങളുടെ പൊതു ഏജൻസിയായ കെ.എസ്.ഐ.ടി.എല്ലിന് 148 കോടി രൂപ വകയിരുത്തുന്നു. കേരളത്തിലെ എല്ലാ വീടുകളെയും സർക്കാർ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന കേരള ഫൈബർ ഓപ്ടിക് നെറ്റുവർക്ക് പ്രോജക്ട് ഇവരാണ് നടപ്പാക്കുന്നത്. 50,000 വിദ്യാർത്ഥികൾക്ക് സ്കിൽ ട്രെയിനിംഗിനുവേണ്ടി എഞ്ചിനീയറിംഗ് കോളേജുകളിലെ 150 ഹൈടെക് ക്ലാസ് റൂമുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്കിൽ ഡെലിവറി പ്ലാറ്റ്ഫോമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രവർത്തനം.

139.    ഇക്ഫോസ് ഇന്ന് സ്വതന്ത്ര സോഫ്ട് വെയർ പ്രസ്ഥാനത്തിൽ ഒരു സുപ്രധാന ഇടം നേടിയിട്ടുണ്ട്. 6 കോടി രൂപ അതിനായി വകയിരുത്തുന്നു. സി-ഡിറ്റിന് 7 കോടി രൂപ വകയിരുത്തുന്നു.

ടൂറിസം

140.    ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിർണായകമായ ഘടകം വിജയകരമായ മാർക്കറ്റിംഗാണ്. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ഫലപ്രദമായ പ്രചരണത്തിന്റെ പിൻബലത്തിലാണ് സംരംഭകത്വം കേരളത്തിൽ വിജയിച്ചത്. സമീപകാലത്ത് നിപ്പയും പ്രളയവും നിരുത്തരവാദപരമായ ഹർത്താലുകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. 2019-20ൽ ടൂറിസം മേഖലയ്ക്കു വകയിരുത്തിയ 372 കോടി രൂപയിൽ 82 കോടി രൂപ മാർക്കറ്റിംഗിനുവേണ്ടി നീക്കിവെയ്ക്കുന്നു. വ്യക്തമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ മാർക്കറ്റിംഗിന് കൂടുതൽ പണം പിന്നീട് അനുവദിക്കുന്നതാണ്.

141.    ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 132 കോടി രൂപ വകയിരുത്തുന്നു. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി ഈ വർഷം ആരംഭിക്കും. ആക്കുളം ടൂറിസം പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്. ഡിറ്റിപിസികൾക്ക് 12 കോടി രൂപ വകയിരുത്തുന്നു. കെടിഡിസിയ്ക്ക് 8 കോടി രൂപ വകയിരുത്തുന്നു. ടൂറിസം ടെസ്റ്റിനേഷനുകളുടെ മാനേജ്മെന്റിൽ പങ്കാളിത്തം കെ.ടി.ഡി.സി.ക്ക് നൽകുന്നതാണ്.

142.    ഈ വർഷം ആരംഭിക്കുന്ന പുതിയൊരു സ്കീം കേരളം ടൂറിസം എന്റർപ്രണർഷിപ്പ് ഫണ്ടാണ്. നൂതനമായ ആശയങ്ങൾ, പ്രൊജക്ടുകൾ അല്ലെങ്കിൽ പരിഹാരനിർദ്ദേശങ്ങൾ ഉയർത്തുന്ന അഭ്യസ്തവിദ്യരായ സംരംഭകർക്ക് ഈ ഫണ്ടിൽനിന്ന് ധനസഹായം ലഭ്യമാക്കുന്നതാണ്. ടൂറിസം സാധ്യതയുള്ള സ്വകാര്യകെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും സ്വകാര്യസംരംഭകർക്ക് അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നതിനും 4 കോടി രൂപ വകയിരുത്തുന്നു.

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ ഡിസ്ക്)

143.    കൗൺസിൽ ഈ വർഷം ലോകത്തെ തന്നെ ഏറ്റവും വലിയ ഒരു ബ്ലോക്ക് ചെയിൻ പരിശീലന പരിപാടിയ്ക്കു നേതൃത്വം നൽകാൻ പോവുകയാണ്. കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം രൂപീകരിച്ചുകൊണ്ട് കേരളത്തെ ഈ മേഖലയിൽ ഒരു മാനുഫാക്ചറിംഗ് ഹബ് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 60 പുതിയ സാങ്കേതികവിദ്യകളെ വിവിധ ഡിപ്പാർട്ടുമെന്റ് പ്രവർത്തനങ്ങളിൽ സന്നിവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള പുതിയ കണ്ടെത്തലുകൾക്ക് ഊന്നൽ നൽകാൻ ഉദ്ദേശമുണ്ട്. ഇതിനെല്ലാമായി 20 കോടി രൂപ വകയിരുത്തുന്നു.

വൻകിടവ്യവസായങ്ങൾ

144.    ഏറ്റവും പ്രധാനപ്പെട്ട ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഏജൻസിയായ കെഎസ്ഐഡിസിയ്ക്ക് 116 കോടി രൂപ വകയിരുത്തുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിന് നടത്തുന്ന ചിട്ടയായ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങി. ലൈഫ് സയൻസ് പാർക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് ഇൻഡസ്ട്രിയൽ പാർക്ക്, കോഴിക്കോട്ടെയും കണ്ണൂരെയും ചേർത്തലയിലെയും ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററുകൾ കൊച്ചിയിലെ ഹാർഡുവെയർ പാർക്ക് എന്നിവയാണ് പ്രധാനപ്പെട്ട പ്രൊജക്ടുകൾ. കിൻഫ്രയ്ക്ക് 87 കോടി രൂപ വകയിരുത്തുന്നു. പാലക്കാട്ടെയും കാക്കനാട്ടെയും ഇൻഡസ്ട്രിയൽ വാട്ടർ സപ്ലൈ സ്കീമുകൾ, തൊടുപുഴയിലെ സ്പൈസസ് പാർക്ക്, കഴക്കൂട്ടത്തെ വീഡിയോ പാർക്ക്, കാക്കഞ്ചേരിയിലെ ഇൻഡസ്ട്രിയൽ പാർക്ക്, ഒറ്റപ്പാലം ഇൻഡസ്ട്രിയൽ പാർക്ക്, പെട്രോ കെമിക്കൽ പാർക്ക്, രാമനാട്ടുകര അഡ്വാൻസ് ടെക്നോളജി പാർക്ക്, ഒറ്റപ്പാലം ഡിഫൻസ് പാർക്ക്, കാക്കനാട് എക്സ്പോർട്ട് എൻക്ലേവ് എന്നിവയാണ് കിൻഫ്രാ ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പാർക്കുകൾ. നാലു ലക്ഷത്തിൽപ്പരം സ്ക്വയർഫീറ്റ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ ഇപ്പോൾ നിർമ്മാണത്തിലാണ്. കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ സ്ഥാപിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിനും എക്സ്പോർട്ട് എൻക്ലേവിനും 17 കോടി രൂപ വകയിരുത്തുന്നു. ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റർ ഉൾപ്പെടുന്ന ഒരു ആധുനിക മറൈൻ പാർക്ക് കിൻഫ്ര സ്ഥാപിക്കുന്നതാണ്.

ചെറുകിട വ്യവസായം

145.    2019-20ൽ 1550 കോടി രൂപ മുതൽമുടക്കുവരുന്ന 16000 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിക്കും. 55000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. മൊത്തം 163 കോടി രൂപയാണ് ചെറുകിട വ്യവസായങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 50 കോടി രൂപ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും മറ്റും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേയ്ക്കു വേണ്ടിയാണ്. വേളി, ഷൊർണൂർ, ഉഴയ്ക്കൽപ്പാടം, പുന്നപ്ര, പുതുശേരി, മഞ്ചേരി, വരവൂർ എന്നിവിടങ്ങളിൽ ബഹുനില വ്യവസായ പാർക്കുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിനുള്ള പലിശ സബ്സിഡി, പ്രളയബാധിത ഓഡിറ്റുകൾക്കുള്ള ധനസഹായം, അവർക്കുള്ള പലിശ സബ്സിഡി എന്നിങ്ങനെ മൂന്നു പുതിയ സ്കീമുകളാണ് ഈ വർഷം ആരംഭിക്കുന്നത്.

വാണിജ്യം

146.    വാണിജ്യവകുപ്പിന് 15 കോടി രൂപ വകയിരുത്തുന്നു. കേരളാ മാർട്ട് എന്ന പേരിൽ ഒരു സ്ഥിരം എക്സിബിഷൻ മാർക്കറ്റിംഗ് കോംപ്ലക്സ് പണിയുന്നതാണ്. വ്യാപാരി വ്യവസായി ക്ഷേമനിധിയ്ക്ക് അധികമായി 10 കോടി രൂപ വകയിരുത്തുന്നു. പ്രളയത്തിൽ 12,160 വ്യാപാരികൾക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളതെന്ന് വ്യാപാരി സംഘടനകളും ക്ഷേമനിധിയും സംയുക്തമായി വിലയിരുത്തി. ഇവരിൽ ക്ഷേമനിധി അംഗങ്ങളായ 1,130 പേർക്ക് ക്ഷേമനിധിയിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ളവർക്കും ഇതേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് 20 കോടി രൂപ അനുവദിക്കുന്നു. പ്രളയബാധിതരായ ഈ വ്യാപാരികൾ മാർച്ച് 31 നകം എടുക്കുന്ന വായ്പകളുടെ പലിശ ഒരു വർഷത്തേയ്ക്ക് സർക്കാർ വഹിക്കുന്നതാണ്. ബെസ്റ്റ് ജഡ്ജ്മമെന്റിന്റെ അടിസ്ഥാനത്തിലുള്ള വലിയ അസസ്സ്മെന്റുകൾക്ക് പരിധിയില്ലാതെ അഡീഷണൽ കോർട്ട് ഫീ ഈടാക്കുന്നത് ദുർവഹമായ ഭാരം വ്യാപാരികൾക്ക് സൃഷ്ടിക്കുന്നു. ആയതിനാൽ ഇതിന് പരിധി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുന്നതാണ്.

147.    ആലപ്പുഴയിലെ എക്സൽ ഗ്ലാസ് 10 വർഷമായി പൂട്ടിക്കിടക്കുകയാണ്. 2010ൽ കെഎസ്ഐഡിസി, കെഎഫ്സി എന്നീ സ്ഥാപനങ്ങൾ ഉദാരമായ വ്യവസ്ഥയിൽ വായ്പ നൽകി ഈ പീഡിത വ്യവസായത്തെ പുനരുദ്ധരിച്ചതാണ്. എന്നാൽ 2011 വർഷം തുറന്നു പ്രവർത്തിച്ച ശേഷം വായ്പയുടെ ചെറിയ ഭാഗം പോലും തിരിച്ചടയ്ക്കാതെ വീണ്ടും ഫാക്ടറി പൂട്ടി. ഈ പശ്ചാത്തലത്തിൽ ഫാക്ടറിയുടെ സ്ഥാവരജംഗമവസ്തുക്കൾ സർക്കാർ ധനകാര്യസ്ഥാപനങ്ങൾ ഏറ്റെടുക്കും. ഇതിനെ തുടർന്ന് റിട്ടയർ ചെയ്തതും അല്ലാത്തതുമായ തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകും. ഇതിനായി 4 കോടി രൂപ വകയിരുത്തുന്നു. പുതിയൊരു ഫാക്ടറി ഇതേസ്ഥലത്ത് 2020-21ൽ തുറക്കും.

വയോജന സംരക്ഷണം

148.    ജനസംഖ്യയുടെ 13 ശതമാനം വരുന്ന 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം അതിവേഗത്തിൽ വളരുകയാണ്. കുടുംബഘടനയിലും മറ്റും വന്നിട്ടുള്ള മാറ്റങ്ങൾ വയോജനങ്ങൾക്കായുള്ള പരമ്പരാഗതമായ സംരക്ഷണങ്ങളെ ദുർബലപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സാമൂഹ്യസംവിധാനങ്ങളെ ബോധപൂർവ്വം നാം കരുപ്പിടിപ്പിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളാണ് വയോജന സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസി. അവരുടെ പ്ലാൻ ഫണ്ടിന്റെ 5 ശതമാനം അതായത് 375 കോടി രൂപ ഇതിനായി വകയിരുത്താൻ അവർ ബാധ്യസ്ഥരാണ്. ഈ തുക ഭാവനയോടെയും കരുതലോടെയും ചെലവഴിക്കാൻ കഴിഞ്ഞാൽ വയോജനക്ഷേമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാർഡുകൾക്ക് ഒരു പകൽവീടെങ്കിലും സ്ഥാപിക്കും. കുടുംബശ്രീയുടെയോ സന്നദ്ധപ്രവർത്തകരുടെയോ മേൽനോട്ടത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. വിനോദത്തിനും വിശ്രമത്തിനും മാത്രമല്ല, ഭക്ഷണത്തിനും ചികിത്സയ്ക്കും കൂടിയുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. വീടുകളിൽ തന്നെ കഴിയുന്ന രോഗികളായ വയോജനങ്ങളെ പാലിയേറ്റീവ് നെറ്റുവർക്കിലൂടെ സംരക്ഷിക്കാം. രോഗികളുടെ എണ്ണം അനുസരിച്ച് വയോജന ഫണ്ടിൽ നിന്നും ഇതിന് ധനസഹായവും നൽകാം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 20,000 വയോജന അയൽക്കൂട്ടങ്ങൾ 2019-20 ൽ ആരംഭിക്കും. ഓരോ അയൽക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റായി നൽകും. ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങളെ സ്നേഹിത കാളിംഗ് ബെൽ സ്കീമിൽ ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ സന്ദർശിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ സി.ഡി.എസുകളിലും വയോജന സംഗമങ്ങളും മേളകളും സംഘടിപ്പിക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പെൻഷനേഴ്സ് സംഘടനകൾ, കുടുംബശ്രീ, പാലിയേറ്റീവ് / ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരടങ്ങുന്ന വയോജന കൗൺസിലുകൾ രൂപീകരിക്കും.

149.    65 വയസു കഴിഞ്ഞവർക്ക് നിർണ്ണയിക്കപ്പെട്ട രോഗങ്ങൾക്കല്ലാതെ തന്നെ അധിക ആരോഗ്യ സഹായം കാരുണ്യ സാർവ്വത്രിക ആരോഗ്യ പരിരക്ഷ സ്കീമിൽ ലഭ്യമാക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സായംപ്രഭ, വയോമിത്രം പരിപാടികൾക്ക് 30 കോടി രൂപ വകയിരുത്തുന്നു. ആശുപത്രികൾ വയോജന സൗഹൃദമാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു. സാങ്കേതികവൈദഗ്ധ്യമുള്ള റിട്ടയർ ചെയ്തവരുടെ സേവനം വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നതിന് സന്നദ്ധസാങ്കേതികസേന രൂപീകരിക്കും. കഠിന ദേഹാധ്വാനം ആവശ്യമില്ലാത്ത തൊഴിൽഗ്രൂപ്പുകൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും.

150.    പാവങ്ങളോടും വയോജനങ്ങളോടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രതിബന്ധതയുടെ ഏറ്റവും നല്ല തെളിവാണ് ക്ഷേമ പെൻഷനുകൾ. ഇന്ന് പെൻഷൻ വാങ്ങുന്നവരിൽ 42 ലക്ഷം പേരിൽ നാലിനൊന്ന് ഈ സർക്കാരിന്റെ കാലത്താണ് ആദ്യമായി പെൻഷൻ വാങ്ങിത്തുടങ്ങിയത്. കുടിശിക തീർക്കുക മാത്രമല്ല, പെൻഷൻ 600 രൂപയിൽ നിന്ന് 1100 രൂപയായി വർദ്ധിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷം 1964.73 രൂപയാണ് ക്ഷേമപെൻഷന് ചെലവഴിച്ചത്. 2018-19 ൽ 7533.72 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിലേയ്ക്ക് കേന്ദ്രസർക്കാർ ധനസഹായം കഴിഞ്ഞ വർഷം ലഭിച്ചത് കേവലം 150 കോടി രൂപ മാത്രമാണ് എന്നും പറഞ്ഞുകൊള്ളട്ടെ. സർ, ക്ഷേമപെൻഷനുകളെല്ലാം 100 രൂപ വീതം വർദ്ധിപ്പിക്കുന്നു. രാജ്യം ഇന്ന് ബേസിക്ക് ഇൻകം സപ്പോർട്ട് സ്കീമിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. എന്നാൽ ഈ സങ്കൽപ്പം വയോജന പെൻഷൻ പദ്ധതികളിലൂടെ കേരളം നടപ്പാക്കിക്കഴിഞ്ഞൂവെന്ന് അഭിമാനപൂർവ്വം അവകാശപ്പെടുകയാണ്.

ഭിന്നശേഷിക്കാരുടെ സംരക്ഷണം

151.    കാഴ്ചപരിമിതർ, കേൾവിപരിമിതർ, അംഗപരിമിതർ, ഭിന്നബുദ്ധിശേഷിക്കാർ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം 2018-19 ലെ ബജറ്റ് അടങ്കൽകൊണ്ടും പരിപാടികളുടെ സവിശേഷതകൊണ്ടും ഒരു നാഴികക്കല്ലായിരുന്നു. ഈ സമീപനത്തെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിലായി 244 കോടി രൂപയാണ് ഈ മേഖലയിലേയ്ക്കായി നീക്കിവയ്ക്കുന്നത്. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ ചട്ടപ്രകാരം 375 കോടി രൂപയെങ്കിലും നീക്കിവയ്ക്കേണ്ടതുണ്ട്. വികലാംഗ പെൻഷൻ 500 കോടി രൂപ വരും. അങ്ങനെ ഏതാണ്ട് ആയിരത്തോളം കോടി രൂപ വരുന്ന അടങ്കൽ ഏകോപിതമായും കനിവോടെയും ചെലവഴിക്കാൻ കഴിയണം. അങ്ങനെ സാർവ്വത്രിക സുരക്ഷ ഉറപ്പുനൽകുന്ന കേരളം എന്ന സങ്കൽപത്തിലേയ്ക്ക് വലിയൊരു കാൽവയ്പ്പ് നാം നടത്തുകയാണ്.

152.    ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിന് കേരളം മുൻഗണന കൊടുക്കുന്നുണ്ട്. വൈകല്യങ്ങളെ തടയാൻ എം.എം.ആർ വാക്സിൻ അടക്കമുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ തുടക്കം കുറിക്കുന്നു. ഭാവിയിൽ ഉണ്ടാകാവുന്ന വൈകല്യങ്ങൾ കണ്ടെത്താൻ ശൈശവാവസ്ഥയിൽ തന്നെ സ്ക്രീനിംഗിലൂടെ പരിഹാരനടപടികൾ സ്വീകരിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് ആരോഗ്യകിരണം, എസ്.ഐ.ഡി, കോക്ലയർ ഇംപ്ലാന്റ് എന്നീ മൂന്ന് പരിപാടികളിലൂടെ 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

153.    സാധാരണ സ്കൂളുകളിൽ പഠിക്കുന്ന മൈൽഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായത്തിന് പ്രത്യേക റിസോഴ്സ്പേഴ്സണെ നിയമിച്ചിട്ടുണ്ട്. തീവ്രഭിന്നശേഷിക്കാർക്കായി സർക്കാർ സ്പെഷ്യൽ സ്കൂളുകളുണ്ട്. ഇതിനുപുറമേ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഒരു പഞ്ചായത്തുവീതം തെരഞ്ഞടുത്ത് തീവ്രതയുടെ വ്യത്യാസം പരിഗണിക്കാതെ മുഴുവൻ ഭിന്നശേഷിക്കാരെയും പ്രത്യേക ക്ലാസിലോ പൊതുക്ലാസിലോ പഠിപ്പിക്കുന്ന ഓട്ടിസം പാർക്ക് എന്ന സ്കീമുമുണ്ട്. ഇവയ്ക്കെല്ലാമായി 31 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

154.    ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളുന്ന 71 ബഡ്സ് സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 35 കോടി രൂപ വകയിരുത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്ക് ധനസഹായമായി 40 കോടി രൂപ അധികമായി വകയിരുത്തുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പദ്ധതി അടങ്കലിലെ മറ്റു സ്കീമുകളിൽ നിന്നും ഇതിന് ആവശ്യമായ തുക കണ്ടെത്തേണ്ടതാണ്.

155.    ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടിയുള്ള സ്കീമുകൾക്ക് 52 കോടി രൂപ വകയിരുത്തുന്നു. മാനസികാരോഗ്യ പരിപാടികളുടെ അടങ്കൽ 59 കോടി രൂപയായി ഉയർത്തുന്നു. ബാരിയർ ഫ്രീ കേരളയ്ക്കായി 13 കോടി രൂപയും വീടുകളിൽ സംരക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ പരിചരണ സഹായികൾക്കുള്ള അലവൻസായി 42 കോടി രൂപയും വകയിരുത്തുന്നു. വികലാംഗ കോർപ്പറേഷന് 13 കോടി രൂപ അനുവദിക്കുന്നു. വിവിധങ്ങളായ സർക്കാർ, അർദ്ധസർക്കാർ, ഭിന്നശേഷി പരിശീലന, ഗവേഷണ, ചികിത്സാ സ്ഥാപനങ്ങൾക്ക് ഗ്രാന്റായി 38 കോടി രൂപ നൽകും.

156.    കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി എൻഡോസൾഫാൻ ദുരിതബാധിതർക്കായി 34.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2019-20 ലേയ്ക്ക് 20 കോടി രൂപകൂടി അനുവദിക്കുന്നു.

ട്രാൻസ്ജെൻഡർ

157.    ട്രാൻസ്ജെൻഡർ സമൂഹത്തെ എല്ലാ അർത്ഥത്തിലും പൊതുസമൂഹത്തിൽ സ്വാഭാവിക പങ്കാളികളാക്കുകയെന്ന ദൗത്യം നമുക്കു പൂർത്തീകരിക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സമൂഹത്തിന് കൈവന്നിട്ടുള്ള ആത്മാഭിമാനവും ദൃശ്യതയും പ്രതീക്ഷാനിർഭരമായ മുന്നേറ്റമാണ്. ഈ ലക്ഷ്യത്തോടെയാണ് മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചിട്ടുള്ളത്. തൊഴിൽപരിശീലനം, സ്വയംതൊഴിൽ സഹായം, എല്ലാ ജില്ലകളിലും വാസസ്ഥാനങ്ങൾ, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയകൾക്കുള്ള സഹായം, പഠനപിന്തുണ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ, മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനുവേണ്ട സഹായം തുടങ്ങി ഭിന്നലൈംഗികതയുള്ള വ്യക്തികൾക്ക് പൊതുസമൂഹത്തിൽ അലിഞ്ഞു ചേരുന്നതിന് ഉതകുന്ന ഒട്ടേറെ പരിപാടികൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് മഴവില്ല്. ഇതിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ വികസന കോർപ്പറേഷന്റെ സ്കീമുകളിൽ ട്രാൻസ്ജെൻഡേഴ്സിനുകൂടി പങ്കാളികളാകാൻ അനുവാദം നൽകും. സമുദായാടിസ്ഥാനത്തിലുള്ള വികസന കോർപ്പറേഷനുകൾ എല്ലാവർഷവും ഒരു നിശ്ചിത എണ്ണം സഹായമെങ്കിലും ട്രാൻസ്ജെൻഡേഴ്സിനു ലഭ്യമാക്കണം.

പട്ടികജാതി ഉപപദ്ധതി

158.    പട്ടികജാതി ഉപപദ്ധതിയുടെ മൊത്തം അടങ്കൽ 1977 കോടി രൂപയാണ്. ഇതിൽ 153 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

159.    പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കൽ 1649 കോടി രൂപയാണ്. ഇതിനുപുറമേ 260 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും ലഭ്യമാകും. സംസ്ഥാനപദ്ധതിയിൽ ഏറ്റവും മുന്തിയപരിഗണന പാർപ്പിടത്തിനാണ്. 785 കോടി രൂപയാണ് പാർപ്പിടത്തിനായി നീക്കിവച്ചിട്ടുള്ളത്. പാർപ്പിടം കഴിഞ്ഞാൽ മുൻഗണന വിദ്യാഭ്യാസത്തിനാണ്. സംസ്ഥാന പദ്ധതിയിൽ 350 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും 200 കോടി രൂപയും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, കോച്ചിംങ്, പരിശീലനം, മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവയ്ക്കായി ചെലവഴിക്കുന്നു. കോളനികളുടെ നവീകരണത്തിന് 100 കോടി രൂപയും കോർപ്പസ് ഫണ്ടിലേയ്ക്ക് മറ്റൊരു 100 കോടി രൂപയും നീക്കിവയ്ക്കുന്നു. ക്ഷേമപദ്ധതികളിൽ ഏറ്റവും പ്രധാനം പെൺകുട്ടികളുടെ വിവാഹധസഹായത്തിനുള്ള 70 കോടി രൂപയും വാത്സല്യനിധിക്കുള്ള 10 കോടി രൂപയുമാണ്.

പട്ടികവർഗ്ഗ ഉപപദ്ധതി

160.    പട്ടികവർഗ്ഗ ഉപപദ്ധതിയുടെ അടങ്കൽ 663 കോടി രൂപയാണ്. ഇതിനുപുറമേ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നു 50 കോടി രൂപ ലഭ്യമാകും. ഇവിടെയും പാർപ്പിടത്തിനാണ് മുന്തിയ പരിഗണന. 226 കോടി രൂപയാണ് ഈ മേഖലയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. അടുത്ത മുൻഗണന 128 കോടി രൂപ വകയിരുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനാണ്. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 60 കോടി രൂപ വകയിരുത്തുന്നു. ട്രൈബൽ സെറ്റിൽമെന്റിന്റെ സമഗ്രവികസനത്തിന് 100 കോടി രൂപയും ഭക്ഷണം, ആരോഗ്യപരിരക്ഷ എന്നിവയ്ക്ക് 25 കോടി രൂപ വീതവും വകയിരുത്തുന്നു. ഏതാണ്ട് മുപ്പതിനായിരം ഏക്കറോളം ഭൂമി വകുപ്പിനു കീഴിലെ ഫാമുകളിലായും പട്ടികവർഗക്കാർക്ക് സർക്കാർ കൈമാറിയ കൃഷിയിടങ്ങളിലുമായിട്ടുണ്ട്. ഇവിടെ കാർഷികോത്പാദനം വർദ്ധിപ്പിക്കുന്നതിന് സമഗ്രമായൊരു പരിപാടിയും കൃഷിവകുപ്പുമായി ചേർന്ന് തയ്യാറാക്കുന്നു. അട്ടപ്പാടിയിൽ മാനസികാരോഗ്യ പരിരക്ഷയ്ക്കുവേണ്ടി ബാന്യൻ എന്ന വിദഗ്ധസംഘടനയുമായി ചേർന്ന് ഒരു പ്രത്യേക പരിപാടി ആവിഷ്കരിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തുന്നു.

പിന്നാക്ക സമുദായക്ഷേമം

161.    114 കോടി രൂപയാണ് പിന്നാക്ക സമുദായങ്ങൾക്കുവേണ്ടി പ്രത്യേകം വകയിരുത്തിയിട്ടുള്ളത്. ഇതിൽ 53 കോടി രൂപ ഒ.ഇ.സി.ക്കുള്ള സ്കോളർഷിപ്പാണ്. കേന്ദ്രവിഹിതമടക്കം 50 കോടി രൂപ ഒ.ബി.സി.യുടെ സ്കോളർഷിപ്പിനുണ്ട്. പിന്നാക്ക സമുദായ വികസന കോർപ്പറേഷന് 14 കോടി രൂപ വകയിരുത്തുന്നു. പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് 10 കോടി രൂപ വകയിരുത്തുന്നു. വിശ്വകർമ്മജരുടെ തൊഴിലുകളെ പരമ്പരാഗത തൊഴിലുകളായി അംഗീകരിക്കുന്നു. പരമ്പരാഗത തൊഴിലുകളുടെ സഹായമായി 10 കോടി രൂപ വകയിരുത്തുന്നു.

മുന്നോക്കക്ഷേമം

162.    കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെൽഫെയർ കോർപ്പറേഷന് 42 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 17 കോടി രൂപയും സ്കോളർഷിപ്പുകൾക്കാണ്. സമുന്നതി മംഗല്യ സഹായനിധി എന്നൊരു പുതിയ സ്കീം ആരംഭിക്കുന്നതാണ്.

ന്യൂനപക്ഷക്ഷേമം

163.    ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ വകയിരുത്തുന്നു. കേന്ദ്രസ്കീമുകളിൽ നിന്നും 11 കോടി രൂപ കൂടി ലഭ്യമാകും. ഇതിൽ 10 കോടി രൂപ വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്. കേന്ദ്രഫണ്ടടക്കം 25 കോടി രൂപ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ബ്ലോക്കുകളിലെ ബഹുമുഖ വികസനത്തിനു വേണ്ടിയാണ്. ന്യൂനപക്ഷക്ഷേമ വികസന കോർപ്പറേഷന് 15 കോടി രൂപ വകയിരുത്തുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കുന്നതാണ്. ഹജ്ജിനു പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ സമീപകാലത്തുണ്ടായ വർദ്ധന കണക്കിലെടുത്ത് ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് നിർമ്മിക്കുന്നതാണ്.

ശബരിമല

164.    കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. കാനനക്ഷേത്രമെന്ന നിലയിൽ ശബരിമലയുടെ പരിമിതികൾ ഏറെയാണ്. ശബരിമലയുടെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിച്ചുകൊണ്ട് ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് തിരുപ്പതി മാതൃകയിൽ പരമാവധി സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമലയിലെയും ബെയ്സ് ക്യാമ്പായ നിലയ്ക്കലിലെയും പമ്പയിലെയും പ്രധാന ഇടത്താവളങ്ങളിലെയും ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി കിഫ്ബി 141.75 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികൾ നിർമ്മാണത്തിലേയ്ക്ക് നീങ്ങുന്ന വർഷമായിരിക്കും 2019-20. താഴെപ്പറയുന്ന പ്രവൃത്തികൾക്കാണ് കിഫ്ബി മുഖാന്തിരം ധനസഹായം അനുവദിക്കുന്നത്.

1)   പമ്പയിൽ പത്ത് ദശലക്ഷം ലിറ്റർ സംസ്കരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 39.59 കോടി രൂപ

2)   നിലയ്ക്കലിൽ വാഹന പാർക്കിംഗ് സൗകര്യം 4.85 കോടി രൂപ

3)   നിലയ്ക്കൽ വിരിപ്പന്തൽ - 34.1 കോടി രൂപ

4)   എരുമേലി ഇടത്താവളം 19.49 കോടി രൂപ

5)   പമ്പയിൽ വിരിപ്പന്തൽ - 19.49 കോടി രൂപ

6)   കീഴില്ലം ഇടത്താവളം 19.39 കോടി രൂപ

7)   റാന്നിയിൽ വാഹന പാർക്കിംഗ് സൗകര്യം 4.84 കോടി രൂപ

165.    ശബരിമലയിലെ റോഡു പ്രവൃത്തികൾക്ക് 2016-17 ൽ 89 കോടി രൂപയും 2017-18 ൽ 140 കോടി രൂപയും 2018-19 ൽ 200 കോടി രൂപയും അനുവദിച്ചു. ശബരിമല റോഡുകളായി നിശ്ചയിച്ചിട്ടുള്ള ബാക്കിയുള്ള റോഡുകളുടെയും ദീർഘകാല അപ്ഗ്രഡേഷൻ പ്രവർത്തനങ്ങൾക്ക് 2019-20 ലേയ്ക്ക് 200 കോടി രൂപ വകയിരുത്തുന്നു. അങ്ങനെ മൊത്തം 629 കോടി രൂപ. ഇതിനു പുറമേ ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന സർക്കാർ 65 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങൾക്കുവേണ്ടി 17 കോടി രൂപയും ചെലവഴിച്ചു. 2019-20 ൽ 28 കോടി രൂപ നീക്കിവയ്ക്കുന്നു. അങ്ങനെ ശബരിമലയ്ക്കുവേണ്ടി മൊത്തം 739 കോടി രൂപയാണ് ചെലവഴിക്കുന്നത്. ചിലർ ദുഷ്പ്രചരണം നടത്തുന്നതുപോലെ ശബരിമല വരുമാനത്തിൽ നിന്നും ഒരു പൈസപോലെ സർക്കാർ എടുക്കുന്നില്ല. ദൗർഭാഗ്യവശാൽ സർക്കാർ കവരുന്നൂവെന്നു പറഞ്ഞ് കാണിക്ക ഇടുന്നതിനെ തടഞ്ഞ് ദേവസ്വത്തെ തകർക്കാനാണ് ഭക്തരുടെ പേരിൽ ചില രാഷ്ട്രീയക്കാർ ശ്രമിച്ചത്. ഈ നീക്കംമൂലം താൽക്കാലികമായി ഉണ്ടായ നടവരുമാനത്തിലെ ഇടിവ് ദേവസ്വം ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ഒരു ഭംഗവും വരാൻ സർക്കാർ അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ പ്രത്യേകമായി അനുവദിക്കുന്നു. സർ, ഇതിനുപുറമേ മലബാർ, കൊച്ചി ദേവസ്വങ്ങൾക്കായി 36 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു.

ആരോഗ്യം

166.    ആരോഗ്യമേഖലയ്ക്കാണ് ഈ ബജറ്റിലെ ഏറ്റവും വലിയ അടങ്കലുള്ളത്. പദ്ധതിയിൽ 1406 കോടി രൂപയുണ്ട്. ഇതിനു പുറമെ എൻഎച്ച്എമ്മിൽ നിന്ന് 600 കോടി രൂപ ലഭിക്കും. തൊട്ടു മുമ്പു ചർച്ച ചെയ്ത മെഡിക്കൽ ഇൻഷ്വറൻസിന് 800 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നിർമ്മാണം തുടങ്ങിയ ആശുപത്രികൾക്ക് 1000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് വേണ്ടിവരും. അങ്ങനെ ഏതാണ്ട് 4000 കോടി രൂപ. ആരോഗ്യമേഖലയ്ക്ക് ഒരുകാലത്തുമില്ലാത്ത പിന്തുണയാണ് ഈ സർക്കാരിൽ നിന്നു ലഭിക്കുന്നത്. വിശ്വപ്രസിദ്ധമായ നമ്മുടെ ആരോഗ്യമേഖല പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് പ്രാപ്തമാവുകയാണ്.

167.    1280 പൊതുആരോഗ്യസ്ഥാപനങ്ങൾക്കു വേണ്ടി 788 കോടി രൂപയാണ് വകയിരുത്തുന്നത്. 14 മെഡിക്കൽ കോളജുകൾക്കും കൂടി 232 കോടി രൂപ വകയിരുത്തുന്നു. വയനാട് മെഡിക്കൽ കോളജിന് നീക്കിവെച്ച സ്ഥലം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയ്ക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. സ്ഥലം വാങ്ങുന്നതിനും കെട്ടിടത്തിന്റെ പ്രാഥമികഘട്ട നിർമ്മാണം ആരംഭിക്കുന്നതിനുമുള്ള പണം കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഇ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുന്നതിന് 8 കോടി രൂപ വകയിരുത്തുന്നു.

168.    മലബാർ കാൻസർ സെന്ററിന് 35 കോടി രൂപയും ആരോഗ്യസർവകലാശാലയ്ക്ക് 20 കോടി രൂപയും കൊച്ചി കാൻസർ റിസർച്ച് സെന്ററിന് 15 കോടി രൂപയും ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിനും നിംഹാൻസിനും 3 കോടി രൂപ വീതം വകയിരുത്തുന്നു.

169.    ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് മൊത്തം 48 കോടി രൂപയാണ് വകയിരുത്തുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് സ്പോർട്സ് മെഡിസിൻ സൗകര്യങ്ങൾ ആരംഭിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസത്തിന് 50 കോടി രൂപ വകയിരുത്തുന്നു. പേറ്റന്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള ലബോറട്ടറി ഗവേഷണകേന്ദ്രത്തിന് 7.5 കോടി രൂപ വകയിരുത്തുന്നു.

170.    ഹോമിയോപ്പതിയ്ക്ക് 26 കോടി രൂപ വകയിരുത്തുന്നു. ഹോംകോ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹോമിയോ മരുന്നു നിർമ്മാണശാലയാണ്. 30.26 കോടി രൂപയാണ് ഇപ്പോഴത്തെ ടേണോവർ. വിദേശത്തും പതിനഞ്ചു സംസ്ഥാനത്തും ഇപ്പോൾ മരുന്നു കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ന് ഫാക്ടറിയുടെ ശേഷി ആവശ്യത്തിന് തികയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം 100 കോടി രൂപയുടെ ശേഷിയുള്ള പുതിയൊരു ഫാക്ടറിയുടെ നിർമ്മാണം ആരംഭിച്ചത്. 2019-20-ൽ ഇവയുടെ പ്രവർത്തനോത്ഘാടനം നടക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.

171.    റീജണൽ കാൻസർ സെന്ററിന് 73 കോടി രൂപ വകയിരുത്തുന്നു. 14 നിലയുള്ള രണ്ടേമൂക്കാൽ ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ ബ്ലോക്ക് 2020ൽ പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു.

പൊതുവിദ്യാഭ്യാസം

172.    സർ, പൊതുവിദ്യാഭ്യാസത്തിന് 992 കോടി രൂപയാണ് മൊത്തത്തിൽ വകയിരുത്തിയിട്ടുള്ളത്. 695 കോടി ഉന്നതവിദ്യാഭ്യാസത്തിനും 249 കോടി രൂപ സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കുമാണ് നീക്കിവച്ചിരിക്കുന്നു. അങ്ങനെ 2019-20 ൽ സംസ്ഥാന പദ്ധതി വിഹിതം 1938 കോടി രൂപയാണ്. കേന്ദ്രവിഹിതമടക്കം വിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കൽ 3154 കോടി രൂപയാണ്. ഇതിനു പുറമെ, 2019-20ൽ വിദ്യാഭ്യാസമേഖലയിൽ കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയുടെ ചെലവെങ്കിലും പ്രതീക്ഷിക്കുന്നു. അങ്ങനെ ആരോഗ്യമേഖലയെന്നപോലെ വിദ്യാഭ്യാസമേഖലയും അടുത്ത വർഷം 4000 കോടി രൂപയുടെ സർവകാല റെക്കോർഡ് ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉന്നതവിദ്യാഭ്യാസം

173.    സർവകലാശാലകൾക്ക് മൊത്തത്തിൽ 1513 കോടി രൂപ വകയിരുത്തുന്നു.

        കേരള സർവകലാശാല 29 കോടി

        കോഴിക്കോട് സർവകലാശാല 25 കോടി

        മഹാത്മാഗാന്ധി സർവകലാശാല 27 കോടി

        ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 17 കോടി

        കണ്ണൂർ സർവകലാശാല 25 കോടി

        നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് 7 കോടി

        മലയാളം സർവകലാശാല 9 കോടി

174.    കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 17 കോടി രൂപയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന് 10 കോടി രൂപയും വകയിരുത്തുന്നു. സെന്റർ ഫോർ കോസ്റ്റൽ ഹെറിഡറ്ററി സ്റ്റഡീസിന് 2 കോടി രൂപ വകയിരുത്തുന്നു. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന് 2 കോടി രൂപയും സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന് 5 കോടി രൂപയും വകയിരുത്തുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 1 കോടി അനുവദിക്കുന്നു. മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കുന്നതാണ്.

175.    ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗുണനിലവാരം ഉയർത്തുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ലോകപ്രശസ്ത ശാസ്ത്രജ്ഞൻമാരെ കാമ്പസുകൾക്കു പരിചയപ്പെടുത്താനുള്ള എറുഡീറ്റ് പദ്ധതി, മെന്ററിംഗ് പ്രോഗ്രാമായ വാക്ക് വിത്ത് ദി സ്കോളർ, അക്കാദമിക് ഇന്നവേഷന്റെയും ഗവേഷണത്തിന്റെയും ലിങ്കേജ് വളർത്താനുള്ള ഫ്ലെയർ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഗവേഷണം പ്രോത്സാഹിപ്പിക്കാനുള്ള എഫ്ആർഎസ് പദ്ധതി, അന്വേഷണ കൗതുകം ഉണർത്താൻ 35000 രൂപ വരെ പ്രോജക്ടിനു നൽകുന്ന എൻഐടി പദ്ധതി തുടങ്ങിയുള്ള സ്കീമുകൾക്കെല്ലാമായി 18 കോടി രൂപ വകയിരുത്തുന്നു. ഗവണ്മെന്റ് കോളേജുകളെല്ലാം നാക് അക്രെഡിറ്റേഷൻ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളിലേയ്ക്ക് ഉയരുന്നതിന് 25 കോടി രൂപ വകയിരുത്തുന്നു. ഇത്തരം കോളജുകളിൽ ഇന്നൊവേറ്റീവ് ആയുള്ള കോഴ്സുകളും പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് അക്കാദമിക് മികവിനു മാത്രമല്ല, സാഹിത്യം, കല, സ്പോർട്സ് തുടങ്ങിയ മേഖലകളിലും സ്കോളർഷിപ്പുകൾ നൽകുന്നതിന് 9 കോടി രൂപ വകയിരുത്തുന്നു. കോളേജുകളിൽ ഒരു ക്ലാസ് റൂം വീഡിയോ കോൺഫറൻസിംഗ് അടക്കമുള്ള എല്ലാ വിവരവിനിമയ സൗകര്യങ്ങളും ഒരുക്കി ഓൺലൈൻ റിസോഴ്സ് ഇനിഷ്യേറ്റീവ് ഓഫ് കോളേജ് എഡ്യൂക്കേഷന്റെ ഭാഗമാക്കുന്നതിന് 5 കോടി രൂപ വകയിരുത്തുന്നു. ലബോറട്ടറികളും ലൈബ്രറികളും ഫർണിച്ചറുകളും മെച്ചപ്പെടുത്തുന്നതിന് 7 കോടി രൂപ വകയിരുത്തുന്നു. സർക്കാർ ഓട്ടോണമസ് കോളേജുകൾക്ക് 5 കോടി രൂപ വകയിരുത്തുന്നു. സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്ന ലീഡ് കോളേജുകൾക്ക് രൂപം നൽകും.

176.    അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് 282 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ലേബർ വകുപ്പിന്റെയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുക. റൂസ പദ്ധതിയിൽ 250 കോടി രൂപ നടപ്പുവർഷം ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ലഭ്യമാകും.

177.    കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി 2019-20ൽ ആരംഭിക്കും. ഇതോടൊപ്പം സ്പോർട്സ്, ഫർണിച്ചർ തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് 50 കോടി രൂപ വകയിരുത്തുന്നു.

സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്

178.    കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയേൺമെന്റിന് 152 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 60 കോടി രൂപ സിഡബ്ല്യൂആർഡിഎം, കെഎഫ്ആർഐ, ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയ്ക്കുള്ള സഹായമാണ്.

179.    തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ 25000 ചതുരശ്ര അടിയുള്ള ആദ്യ കെട്ടിടം ഈ വർഷം പൂർത്തിയാകുന്നു. 78000 ചതുരശ്ര അടിയുള്ള രണ്ടാമത്തെ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നു. 50 കോടി രൂപ ഇൻസ്റ്റിറ്റ്യൂട്ടിന് വകയിരുത്തുന്നു.

സാങ്കേതികവിദ്യാഭ്യാസം

180.    കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയ്ക്ക് 25 കോടി രൂപ, കേരള സാങ്കേതിക സർവകലാശാലയ്ക്ക് 31 കോടി രൂപ, കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി രൂപ, ഐഎച്ച്ആർഡിയ്ക്ക് 20 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തൽ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ പ്രത്യേക ഗവേഷണ പ്രോത്സാഹന കേന്ദ്രങ്ങൾക്ക് 5.5 കോടി രൂപ നീക്കിവെയ്ക്കുന്നു.

181.    എഞ്ചിനീയറിംഗ് കോളജുകൾക്കായി 43 കോടി രൂപ വകയിരുത്തുന്നു. ഇതിനു പുറമെ, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും വ്യവസായ സമ്പർക്കം വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധങ്ങളായ പദ്ധതികൾക്കുവേണ്ടി 14 കോടി രൂപ നീക്കിവെയ്ക്കുന്നു. എഞ്ചിനീയറിംഗ് കോളജുകളിൽ വിശേഷവിഷയങ്ങളിൽ ലഘുഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ലോകത്തെ തന്നെ പ്രസിദ്ധമായ വ്യവസായകമ്പനികളുമായി സഹകരിച്ചുകൊണ്ട് പിപിപി മാതൃകയിൽ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ്, ഓട്ടോമേഷൻ ടെക്നോളജീസ്, ട്രാൻസ്ലാഷണൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തെ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും.

182.    പോളിടെക്നിക്കുകളുടെ വികസനത്തിന് 44 കോടി രൂപയാണ് നീക്കിവെയ്ക്കുന്നത്. പോളിടെക്നിക്കുകൾ കേന്ദ്രീകരിച്ച് ഉത്പാദന പരിശീലന കേന്ദ്രങ്ങളും ടെക്നിക്കൽ സെന്ററുകളും പ്രോത്സാഹിപ്പിക്കുന്നതാണ്. ലൈബ്രറികൾ, വിവരവിനിമയ സൗകര്യങ്ങൾ, തുടങ്ങി അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സംസ്കാരം

183.    കലാസംസ്ക്കാര മേഖലയ്ക്ക് 2019-20ലെ ആകെ വകയിരുത്തൽ 157 കോടി രൂപയാണ്. ചലച്ചിത്ര അക്കാദമിയ്ക്ക് 11 കോടി രൂപയും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന് 8 കോടി രൂപയും സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയ്ക്ക് 5 കോടി രൂപ വീതവും നീക്കിവെച്ചിട്ടുണ്ട്. കാഴ്ചബംഗ്ലാവുകളുടെയും മൃഗശാലകളുടെയും അടങ്കൽ 32 കോടി രൂപയാണ്. ഇതിൽ 20 കോടി രൂപ മ്യൂസിയം, ഗ്യാലറി എന്നിവയുടെ ആധുനീകരണത്തിനായി വിനിയോഗിക്കും. കിഫ്ബി മുഖാന്തിരം നടപ്പിലാക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ജില്ലാ തലത്തിലുള്ള സാംസ്ക്കാരിക കേന്ദ്രങ്ങളിൽ പലതും 2019-20ൽ നിർമ്മാണത്തിലേയ്ക്കു നീങ്ങും.

184.    നമ്മുടെ നവോത്ഥാനനായകർക്ക് അവരുടെ ജന്മദേശത്തോ അവരുടെ പ്രവർത്തനസ്ഥലത്തോ ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കുന്നതിന് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നുൾപ്പെടെ ആവർത്തന ഗ്രാന്റുള്ള എല്ലാ സ്ഥാപനങ്ങൾക്കും പണം അനുവദിക്കുന്നതാണ്. അമ്പലപ്പുഴ തകഴി സ്മാരകത്തിന്റെ നവീകരണത്തിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി രൂപയും കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂർത്തീകരിക്കുന്നതിന് 50 ലക്ഷം രൂപയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ 1 കോടി രൂപയും വകയിരുത്തുന്നു. കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആർ.ഡി.എസ് കോളേജിന്റെ കെട്ടിടം പൂർത്തീകരിക്കുന്നതിന് 1 കോടി രൂപയും അനുവദിക്കുന്നു. കൊച്ചി ലോകധർമ്മി സ്ഥിരം നാടകവേദിയ്ക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപ അനുവദിക്കുന്നു.

185.    ഡയമണ്ട് ജൂബിലി ഫെലോഷിപ്പിനായി 13 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ആർക്കേവ്സിന് 2 കോടി രൂപ വകയിരുത്തുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് 1.20 കോടി രൂപ വകയിരുത്തുന്നു. ലൈബ്രേറിയൻമാരുടെ അലവൻസ് 20 ശതമാനം ഉയർത്തുന്നു.

സ്പോർട്സ്, യുവജനക്ഷേമം

186.    കായികരംഗത്ത് ഒരു മുൻനിര സംസ്ഥാനമാണ് കേരളം. കായിക സംസ്കാരം ഒരുമയുടെയും കൂട്ടായ്മയുടെയും ആശയങ്ങളാണ് വിളംബരം ചെയ്യുന്നത്. സ്പോർട്സ് മേഖലയ്ക്ക് ഇതിനോടകം 27 പ്രോജക്ടുകൾക്കായി 528.90 കോടി രൂപ കിഫ്ബി അനുവാദം നൽകിക്കഴിഞ്ഞു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിന്റെ ഹോസ്റ്റൽ സ്റ്റേഡിയവും കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ സ്റ്റേഡിയവും കുന്നുമ്മേൽ വോളിബോൾ അക്കാദമിയുടെയും കളിസ്ഥലവും, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയവും, നെടുമങ്ങാട് സ്പോർട്സ് സ്റ്റേഡിയവും അനുവദിക്കുന്നു. നമ്മുടെ കായിക പശ്ചാത്തല സൗകര്യങ്ങളിൽ വലിയ ഉന്നമനമുണ്ടാക്കുന്ന കിഫ്ബി സ്റ്റേഡിയം പദ്ധതികൾ 2019-20 ൽ നിർമ്മാണത്തിലേയ്ക്കു നീങ്ങും.

187.    2019-20 ൽ സ്പോർട്സിനുള്ള വകയിരുത്തൽ 117 കോടി രൂപയാണ്. ഇതിൽ 71 കോടി രൂപ സ്പോർട്സ് ഡയറക്ടറേറ്റിനും 41 കോടി രൂപ സ്പോർട്സ് കൗൺസിലിനും വകയിരുത്തിയിട്ടുണ്ട്.

188.    യുവജനക്ഷേമ ബോർഡിന് 23 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പൊതുമരാമത്ത്

189.    കെഎസ്ടിപി പദ്ധതികൾക്ക് 510 കോടി രൂപ വകയിരുത്തുന്നു. സെൻട്രൽ റോഡ് ഫണ്ട് ബോർഡിൽ നിന്ന് 72 കോടി രൂപ നടപ്പുവർഷം ലഭിക്കും. സ്റ്റേറ്റ് ഹൈവേയ്ക്ക് 70 കോടി രൂപയും മറ്റു റോഡുകൾക്ക് 132 കോടി രൂപയും വകയിരുത്തുന്നു. അനുവാദം ലഭ്യമായിട്ടുള്ള മുഴുവൻ റെയിൽ ഓവർ ബ്രിഡ്ജുകളും ഏറ്റെടുക്കുകയാണ്.

190.    വയനാട്ടുകാരുടെ ദീർഘകാല ഗതാഗതപ്രശ്നത്തിന്റെ കുരുക്കഴിയുകയാണ്. വയനാട് ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേയ്ക്ക് 450 500 കോടി രൂപ ചെലവു വരുന്നതിൽ പകുതിച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ചെങ്ങന്നൂർ ബൈപ്പാസ്, ആറ്റിങ്ങൽ നഗരറോഡിന്റെ വീതി കൂട്ടൽ, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനിൽ ഫ്ലൈഓവർ എന്നിവ ഏറ്റെടുക്കും.

കെഎസ്ആർടിസി

191.    കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് ബാങ്കുകളുമായി ധാരണയെത്തി. 1000 കോടി രൂപയാണ് ആദ്യവർഷത്തിൽ സംസ്ഥാനസർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രകാരം നൽകാമെന്ന് ഏറ്റിരുന്നത്. ഇതിനകം 921 കോടി രൂപ പെൻഷൻ, ശമ്പളം, കെറ്റിഡിഎഫ്സി തിരിച്ചടവ്, എന്നീ ഇനങ്ങളിലായി ചെലവഴിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ചെലവു ചുരുക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും കൃത്യമായിട്ടുള്ള നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. തൊഴിലാളികളും മാനേജ്മെന്റും യോജിച്ച് ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ 2019-20ൽ കെഎസ്ആർടിസി ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്ന് കരകയറും. പിന്നീട് സർക്കാർ കെഎസ്ആർടിസി നൽകുന്ന സൗജന്യസേവനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകിയാൽ മതിയാകും. ഈ പാക്കേജ് എത്രമാത്രം ഫലപ്രദമായി നടപ്പാക്കപ്പെട്ടു എന്നുള്ളത് സർക്കാർ അവലോകനം ചെയ്തു വരികയാണ്. കെഎസ്ആർടിസി പുനഃസംഘടനയ്ക്ക് 2019-20ലും 1000 കോടി രൂപ സർക്കാർ സഹായം ലഭ്യമാക്കും.

ഉൾനാടൻ ജലഗതാഗതം

192.    ജലഗതാഗതമേഖലയിലെ മൂന്ന് ഏജൻസികളായ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ എന്നീ സ്ഥാപനങ്ങൾക്കായി 131 കോടി രൂപ വകയിരുത്തുന്നു. പുതിയ ബോട്ടുകൾ വാങ്ങുന്നതിന് 21 കോടി രൂപ വകയിരുത്തുന്നു. വൈക്കം തവണക്കടവ് കടത്തിൽ റോ റോ സർവീസ് ഏർപ്പെടുത്തും. ഡീസൽ എഞ്ചിനുകളിൽനിന്ന് സിഎൻജി/ഇലക്ട്രിക് ബോട്ടുകളിലേയ്ക്ക് മാറുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും.

193.    കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് രാത്രി താമസസൗകര്യത്തോടുകൂടിയുള്ള ഒരു ക്രൂയിസ് വെസൽ 40 കോടി രൂപയ്ക്ക് വാങ്ങുന്നു. 1200 ടൺ ശേഷിയുള്ള ബാർജും ഈ വർഷം വാങ്ങുന്നതാണ്. ഹൈക്കോടതിയ്ക്ക് സമീപത്തെ ജെട്ടി നവീകരിക്കുന്നതിന് 2.7 കോടി രൂപ വകയിരുത്തുന്നു.

തുറമുഖം

194.    തുറമുഖ വകുപ്പിന്റെ ആകെ വകയിരുത്തൽ 98 കോടി രൂപയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നാംഘട്ട നിർമ്മാണത്തിന്റെ 40 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നു പറയാം. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിലെ ഷിപ്പിംഗ് ഓപ്പറേഷൻസിന്റെ വിപുലീകരണത്തിന് 48 കോടി രൂപ വകയിരുത്തുന്നു. അഴീക്കലിൽ പുതിയതായി ഗ്രീൻഫീൽഡ് ഔട്ടർ പോർട്ട് വികസിപ്പിക്കുന്നതിന് ഒരു പ്രത്യേക കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 കോടി രൂപ വകയിരുത്തുന്നു. ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന് 10 കോടി രൂപ വകയിരുത്തുന്നു.

വ്യോമഗതാഗതം

195.    തിരുവനന്തപുരം എയർപോർട്ടിന് 18 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പക്ഷേ, കേന്ദ്രസർക്കാർ എയർപോർട്ടിന് നാം സൗജന്യമായി നൽകിയ ഭൂമി മുഴുവൻ സ്വകാര്യകമ്പനികൾക്കു വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വാങ്ങാനുള്ള ആദ്യാവകാശം നമുക്കു തരണം എന്ന ആവശ്യം അവർ സമ്മതിച്ചിട്ടില്ല. പല കുരുക്കുകളോടെയാണെങ്കിലും ടെൻഡറിൽ പങ്കെടുക്കാൻ നമുക്ക് അനുവാദം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാനാണ് നാം തീരുമാനിച്ചിട്ടുള്ളത്. ശബരിമല എയർപോർട്ടും ഹെലിപോർട്ടുകളും സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സാമ്പത്തിക പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

റെയിൽവേ

196.    തലശേരി - മൈസൂർ, നിലമ്പൂർ - നഞ്ചങ്കോട് എന്നീ പുതിയ റെയിൽപാതകൾ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ പരിഗണനയിലാണ്. കൊച്ചി മെട്രോയുടെ മഹാരാജാസ് കോളേജ് മുതൽ പേട്ട വരെയുള്ള ലൈൻ 2019-20ൽ പൂർത്തിയാക്കും.

ജലസേചനം

197.    ജലസേചന മേഖലയ്ക്ക് 517 കോടി രൂപയാണ് മൊത്തത്തിൽ വകയിരുത്തിയിരിക്കുന്നത്. വൻകിട, ഇടത്തരം ജലസേചന പദ്ധതികളിൽ ഇടമലയാർ, മൂവാറ്റുപുഴ പദ്ധതികൾക്ക് 38 കോടി രൂപയും അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനിതടം, ഭവാനിതടം, പമ്പാർതടം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾക്ക് 61 കോടി രൂപയും വകയിരുത്തുന്നു. പഴക്കംചെന്ന ഡാമുകൾ പുനരുദ്ധരിക്കുന്നതിന് ലോകബാങ്കിന്റെ സഹായത്തോടുകൂടി പദ്ധതി നടപ്പിലാക്കുന്നുണ്ട്. ആദ്യഘട്ടമായി ജലസേചന വകുപ്പിന്റെ നാലും വൈദ്യുതി വകുപ്പിന്റെ അഞ്ചും ഡാമുകളാണ് 360 കോടി രൂപ ചെലവിൽ പുനരുദ്ധരിക്കുന്നത്. കുരിയാർകുറ്റി, കാരപ്പാറ പദ്ധതിയിൽ വരൾച്ച, പ്രളയനിയന്ത്രണത്തിനും കുടിവെള്ള പദ്ധതികൾക്കുമായി 5 കോടി രൂപ വകയിരുത്തുന്നു.

198.    ചിറ്റൂർപുഴ, ചേരമംഗലം, മൂലത്തറ കനാലുകളുടെ നവീകരണത്തിന് 21.5 കോടി രൂപ വകയിരുത്തുന്നു. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ നവീകരണത്തിന് 145 കോടി രൂപയും ഭൂഗർഭ ജലവികസനത്തിന് 28 കോടി രൂപയും വകയിരുത്തുന്നു. മഴനിഴൽ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് 3 കോടി രൂപ അധികമായി നൽകുന്നു.

കുടിവെള്ളം

199.    കുടിവെള്ള മേഖലയുടെ ആകെ അടങ്കൽ 892 കോടി രൂപയാണ്. ഇതിൽ 700 കോടി രൂപ വാട്ടർ അതോറിറ്റിയുടെ വിവിധ പദ്ധതികൾക്കു വേണ്ടിയുള്ളതാണ്. ജലനിധിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 117 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 8 ജില്ലകളിലെ 200 ഗ്രാമപഞ്ചായത്തുകളിലാണ് ഈ രണ്ടാംഘട്ട ജലനിധി പരിപാടി നടപ്പിലാക്കുക. ഒന്നും രണ്ടും ഘട്ട ജലനിധി പദ്ധതിയിൽ നടപ്പിലാക്കിയ കമ്മ്യൂണിറ്റി കുടിവെള്ള വിതരണ പദ്ധതികളുടെ പരിപാലനത്തിനും മറ്റുമായി 55 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മഴവെള്ളക്കൊയ്ത്തിന് 20 കോടി രൂപയുണ്ട്.

200.    പുതിയ കുടിവെള്ള പദ്ധതികൾക്ക് 280 കോടി രൂപയുണ്ട്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി പ്രകാരം നിർമ്മാണം നടക്കുന്ന 80 എണ്ണം പൂർത്തിയാകേണ്ടതുണ്ട്. ഇവയിൽ 30 എണ്ണത്തിന്റെ പൂർത്തീകരണത്തിനായി 100 കോടി രൂപ സംസ്ഥാനവിഹിതമായി വകയിരുത്തുന്നു. ഒമ്പത് ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജൈക്ക സഹായത്തോടെ നടപ്പാക്കുന്ന മീനാട്, കോഴിക്കോട് കുടിവെള്ള വിതരണ പദ്ധതികളുടെ പൂർത്തീകരണത്തിനായി 75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര കുടിവെള്ള പദ്ധതിയും ഇടുക്കിയിലെ കരുണാപുരം, രാജാക്കാട്, ഉടുമ്പൻചോല കുടിവെള്ള പദ്ധതിയും ഏറ്റെടുക്കുന്നതാണ്. വരൾച്ച ദുരിതാശ്വാസത്തിന് 30 കോടി രൂപയും പദ്ധതിയിൽ നീക്കിവച്ചിട്ടുണ്ട്.

വനം

201.    വനം സംരക്ഷണത്തിന് 208 കോടി രൂപയാണ് 2019-20 ൽ ചെലവഴിക്കുന്നത്. ഇതിൽ 60 ഓളം കോടി രൂപ പ്രകൃതിദത്തമായ വനത്തിന്റെ അതിരുകൾ വേർതിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. മനുഷ്യ-മൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട സ്കീമുകൾക്ക് 24 കോടി രൂപ വകയിരുത്തുന്നു. ശോഷണം സംഭവിച്ച വനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും 47 കോടി രൂപ വകയിരുത്തുന്നു. സാങ്ക്ച്വറികൾക്കും നാഷണൽ പാർക്കുകൾക്കും 51 കോടി രൂപ ലഭ്യമാകും. ഇതിൽ 30 കോടി രൂപ കേന്ദ്രധനസഹായമാണ്. പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ള പദ്ധതി കിഫ്ബി അംഗീകരിച്ച് 269.75 കോടി രൂപ അനുവദിച്ചകാര്യം സന്തോഷപൂർവ്വം അറിയിക്കുന്നു. രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാകാൻ പോവുകയാണ്.

തദ്ദേശഭരണം

202.    ജനകീയാസൂത്രണത്തെ തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളായി കേരളം തുടർച്ചയായി അധികാര വികേന്ദ്രീകരണത്തിൽ ഒന്നാം സ്ഥാനത്താണ്. അന്യാദൃശ്യമായ ധനവിന്യാസമാണ് കേരളത്തിലേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതി അടങ്കലിന്റെ 23.5 ശതമാനമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയിരുന്നത്. 2019-20 ൽ 24.5 ശതമാനമായി ഈ വിഹിതം ഉയർത്തുന്നു. പ്ലാൻ ഗ്രാന്റ് കഴിഞ്ഞ വർഷം 7000 കോടി രൂപയായിരുന്നത് 7500 കോടി രൂപയായി ഉയർത്തുന്നു. ഇതിൽ 250 കോടി രൂപ പ്രളയബാധിത പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ പ്രത്യേക പ്രോജക്ടുകൾക്കു വേണ്ടിയുള്ളതാണ്. താഴേയ്ക്ക് കൈമാറിയിട്ടുള്ള പ്ലാൻ ഗ്രാന്റിൽ 1307 കോടി രൂപ പട്ടികജാതി ഉപപദ്ധതിക്കും 196 കോടി രൂപ പട്ടികവർഗ്ഗ ഉപദ്ധതിക്കുമാണ്. പ്ലാൻ ഗ്രാന്റിനു പുറമേ 2741 കോടി രൂപ മെയിന്റനൻസ് ഗ്രാന്റായും 1626 കോടി രൂപ ജനറൽ പർപ്പസ് ഗ്രാന്റായും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തുന്നു. അങ്ങനെ മൊത്തം 11867 കോടി രൂപ. ഇതിൽ കോർപ്പറേഷനുകൾക്ക് 1210 കോടി രൂപയും മുനിസിപ്പാലിറ്റികൾക്ക് 1617 കോടി രൂപയും ജില്ലാ പഞ്ചായത്തുകൾക്ക് 1564 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 1090 കോടി രൂപയും ഗ്രാമപഞ്ചായത്തുകൾക്ക് 6384 കോടി രൂപയും ലഭിക്കും.

203.    മറ്റു സംസ്ഥാനങ്ങളിൽനിന്നു ഭിന്നമായി കേരളത്തിൽ പ്രധാനപ്പെട്ട കേന്ദ്രാവിഷ്കൃത സ്കീമുകളെല്ലാം നടപ്പിലാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ്. കേന്ദ്രവിഹിതമടക്കം ഗ്രാമവികസനത്തിനായുള്ള 5136 കോടി രൂപ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ മുഖാന്തിരമാണ് ചെലവഴിക്കപ്പെടുക. നഗരവികസനത്തിനായുള്ള 1862 കോടി രൂപ നഗരസഭകൾ വഴിയാണ് ചെലവഴിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷൻ വഴി 2500 കോടി രൂപയെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി ചെലവഴിക്കപ്പെടും. ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ 2019-20 ൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 21000 കോടി രൂപയെങ്കിലും ലഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുകൂടി പറയട്ടെ. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കും. അവർക്ക് ഇപ്പോൾ തന്നെ 25 ദിവസത്തിലേറെ മൂന്ന് വർഷം തുടർച്ചയായി പണി ചെയ്താൽ സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയുണ്ട്.

204.    ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനുള്ള കാര്യപ്രാപ്തി സൃഷ്ടിക്കുന്നതിന് ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനം 195 എഞ്ചിനീയറിംഗ് പോസ്റ്റുകൾ സൃഷ്ടിക്കുന്നതുവഴി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു എഞ്ചിനീയറെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയാണ്. നിരന്തരമായ പരിശീലനങ്ങളും ഇടപെടലുകളും വഴി ആസൂത്രണം സമയബന്ധിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് തദ്ദേശഭരണ സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാ സ്ഥാപനങ്ങളും അടുത്ത വർഷത്തെ വികസന പദ്ധതികൾക്ക് ഡിപിസിയുടെ അംഗീകാരം നേടിക്കഴിഞ്ഞു. നിർവ്വഹണത്തിലും അഭിനന്ദനാർഹമായ പുരോഗതിയാണ്. 2014-15 മുതൽ 2017-18 വരെയുള്ള കാലയളവിൽ ഡിസംബർ 31 വരെയുള്ള പദ്ധതി ചെലവ് വാർഷിക അടങ്കലിന്റെ 30 ശതമാനമാണ് ശരാശരി വന്നിട്ടുള്ളത്. 2018-19 ൽ ഇത് 58 ശതമാനമായി ഉയർന്നു.

205.    ദൗർബല്യങ്ങൾ മുഖ്യമായും രണ്ടാണ്. വാർപ്പ് മാതൃകയിലുള്ള ചെറുപദ്ധതികളുടെ ആധിക്യം വർദ്ധിച്ചു വരുന്നു. സമഗ്രപരിപാടികളിലേയ്ക്ക് നീങ്ങുന്നില്ല. രണ്ട്, ജനപങ്കാളിത്തം പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുന്നില്ല. ഇത് ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിയിക്കും. സുതാര്യമില്ലായ്മയിലേയ്ക്കും അഴിമതിയിലേയ്ക്കും നയിക്കും. പ്രതിവിധിയായി എല്ലാ ജില്ലകളിലും സന്നദ്ധവിദഗ്ധരെ ഉൾപ്പെടുത്തി ജില്ലാ റിസോഴ്സ് സെന്ററുകൾ രൂപീകരിക്കുന്നതാണ്. ജില്ലാ പ്ലാനിന്റെ അടിസ്ഥാനത്തിൽ സംയുക്ത പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് 40 കോടി രൂപ ഈ വർഷവും വകയിരുത്തിയിട്ടുണ്ട്. മിഷനുകളുടെ പ്രവർത്തനത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതു വഴിയും കുടുംബശ്രീയെയും ഗ്രാമസഭകളെയും ശക്തിപ്പെടുത്തുന്നതു വഴി ജനകീയത തിരിച്ചുപിടിക്കാനാകും.

206.    കില അധികാര വികേന്ദ്രീകരണത്തിൽ ലോകപ്രശസ്തമായ ഒരു മികവിന്റെ കേന്ദ്രമായി ഉയർന്നിട്ടുണ്ട്. തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പരിശീലന സംവിധാനങ്ങളെല്ലാം കിലയുടെ കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. കിലയ്ക്ക് 33 കോടി രൂപ വകയിരുത്തുന്നു. മാലിന്യ സംസ്കരണത്തിൽ ഖരജല മാലിന്യ സംസ്കരണത്തിൽ പ്രാദേശിക മാതൃകകൾ സൃഷ്ടിക്കുന്നതിന് പരിശീലനത്തിനും പരീക്ഷണത്തിനുമായി 2 കോടി രൂപ അധികമായി വകയിരുത്തുന്നു.

207.    കാസർഗോഡ് പാക്കേജിനായി 2019-20 ൽ 91 കോടി രൂപ വകയിരുത്തുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ജില്ലാതല സമിതിയാണ് ഈ തുക ചെലവഴിക്കുന്നതിനുള്ള മുൻഗണനകൾ തീരുമാനിക്കുക.

208.    തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനവിന്യാസം സംബന്ധിച്ച് പരിശോധന നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി സംസ്ഥാന ധനകാര്യ കമ്മീഷനെ ഉടൻ നിയമിക്കുന്നതാണ്.

ശുചിത്വം

209.    ശുചിത്വ പരിപാടികൾക്കായി ശുചിത്വ മിഷന് ആകെ 260 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉറവിട മാലിന്യ സംസ്കരണോപാധികൾക്ക് ഇനിമേൽ 90 ശതമാനം വരെ സബ്സിഡി നൽകാം. നിലവിലുള്ള 50 ശതമാനം സബ്സിഡി അനാകർഷകമായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ സ്ഥാപനങ്ങൾക്ക് മലിനജല സംസ്കരണോപാധികൾക്ക് 25 ശതമാനം സബ്സിഡി സർക്കാരിനും മറ്റൊരു 25 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നൽകാൻ കഴിയും.

210.    പ്രളയത്തിനുശേഷം ക്ലീൻ കേരള കമ്പനി 15,764 ടൺ മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി. ഇതിൽ ഇപ്പോൾ 160 ടൺ പ്ലാസ്റ്റിക് സംസ്കരണശേഷിയേ കമ്പനിയുമായി ബന്ധപ്പെട്ടുള്ളൂ. 263 പ്ലാന്റുകൾ സ്ഥാപിച്ച് ഈ ശേഷിയെ 1000 ടണ്ണായി ഉയർത്തും. നിയമത്തിൽ അനുശാസിക്കുന്നതുപോലെ എല്ലാ ജില്ലകളിലും ഏതെങ്കിലും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു വേസ്റ്റ് ട്രീറ്റ്മെന്റ് ഫെസിലിറ്റി ഉണ്ടാക്കും. ഇ-വേസ്റ്റ് ട്രീറ്റ്മെന്റിന് ഒരു സംവിധാനം കേരളത്തിലുണ്ടാക്കും. നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലും വളക്കുഴി നിർമ്മിക്കുന്നത് ഒരു ക്യാമ്പയിനായി ഏറ്റെടുക്കും. സ്വച്ഛ്ഭാരത് സർവ്വേക്ഷൻ മാതൃകയിൽ കേരളത്തിലെ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഗ്രേഡ് ചെയ്യുന്നതാണ്.

സഹകരണം

211.    സഹകരണ മേഖലയുടെ ആകെ അടങ്കൽ 154 കോടി രൂപയാണ്. ക്രെഡിറ്റ് സഹകരണ സംഘങ്ങൾക്കുള്ള ധനസഹായമാണ് ഇതിൽ പ്രധാനം. 46 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, ആർഐഡിഎഫ് പദ്ധതിയ്ക്കായി 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികവിഭാഗ സഹകരണ സംഘങ്ങൾക്ക് 15 കോടി രൂപയും വനിതാ സഹകരണ സംഘങ്ങൾക്കും വനിതാഫെഡിനുമായി 3 കോടി രൂപയും വകയിരുത്തുന്നു. സഹകരണ സ്ഥാപനങ്ങളുടെ ആധുനീകരണം, വൈവിദ്ധ്യവത്കരണം, മാതൃകാ സഹകരണ സംഘങ്ങൾക്കുള്ള സഹായം എന്നിവയ്ക്കായി 17 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മാതൃകാ സഹകരണ സംഘങ്ങൾക്ക് പ്രത്യേക പ്രോത്സാഹനമായി 6 കോടി രൂപ വകയിരുത്തുന്നു. എൻസിഡിസി വായ്പയ്ക്കുള്ള സംസ്ഥാനവിഹിതമായി 1.75 കോടി രൂപ വകയിരുത്തുന്നു.

212.    മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്ന സഹകരണസംഘം സഹകാരികൾക്ക് ചികിത്സാസഹായം നൽകുന്നതിനായി ഒരു പുതിയ സ്കീം ആരംഭിക്കുകയാണ്. ഈ സ്കീമിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിലും മറ്റും വീടുകൾ നഷ്ടപ്പെട്ട സഹകാരികൾക്കു സഹായം നൽകുന്നതിനും ഇതിൽനിന്നുള്ള പണം ഉപയോഗപ്പെടുത്താം.

213.    ഹൗസിംഗ് ബോർഡിന് 55 കോടി രൂപ വകയിരുത്തുന്നു. ഹൗസിംഗ് ബോർഡിന്റെ ഗൃഹശ്രീ പാർപ്പിട പദ്ധതി പ്രകാരം സന്നദ്ധ സംഘടനകൾക്ക് 2 ലക്ഷം രൂപ വീടൊന്നിന് സബ്സിഡിയായി നൽകും. കൊച്ചി നഗരത്തിലെ മറൈൻ ഡ്രൈവിന് സമീപം ഹൗസിംഗ് ബോർഡിന് സ്വന്തമായുള്ള 17.9 ഏക്കർ ഭൂമിയിൽ ഓഫീസ് കൊമേഷ്സ്യൽ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും സ്റ്റാർ ഹോട്ടലും സർവ്വീസ് അപ്പാർട്ട്മെന്റ്സും അടക്കമുള്ള അന്താരാഷ്ട്ര പ്രദർശന നഗരി നിർമ്മിക്കുന്നതാണ്. കലവൂരുള്ള ഹൗസിംഗ് ബോർഡിന്റെ 6.5 ഏക്കർ ഭൂമി ആലപ്പുഴ വികസന പരിപാടിയുടെ ഭാഗമായി മാർക്കറ്റ് വിലയ്ക്ക് ഏറ്റെടുക്കുന്നതാണ്.

സിവിൽ സപ്ലൈസ്

214.    സിവിൽ സപ്ലൈസിന് 45 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 23 കോടി രൂപ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ്. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സ്ഥാപിക്കുന്നതിന് 7 കോടി രൂപ വകയിരുത്തുന്നു.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്

215.    കെഎസ്എഫ്ഇയുടെ സുവർണ്ണ ജൂബിലി വർഷമാണ് 2019. സുവർണ്ണജൂബിലി വർഷത്തിൽ 650 കോടിയുടെ പുതിയ ചിട്ടികളും 200 കോടിയുടെ അറ്റാദായവുമാണ് ലക്ഷ്യമിടുന്നത്. 60 പുതിയ ശാഖകൾ ആരംഭിക്കും. കെഎസ്എഫ്ഇയുടെ ഇപ്പോഴത്തെ ടേണോവർ 35,000 കോടി രൂപയാണ്. 2019-20 ൽ പ്രവാസി ചിട്ടികളടക്കം ഈ ടേണോവർ 60,000 കോടി രൂപയിൽ അധികരിക്കും. കെഎസ്എഫ്ഇയുടെ ഇതര ബി